ആഴക്കടല്‍ മത്സ്യബന്ധനം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരേ കൂടുതല്‍ തെളിവുകള്‍: കമ്പനി പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തുന്ന ഫോട്ടോ പുറത്തുവിട്ട് ചെന്നിത്തല
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതേ കമ്പനി പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തുന്ന ഫോട്ടോകള്‍ ചെന്നിത്തല പുറത്തുവിട്ടു.
ഒരു കമ്പനി പ്രതിനിധിയുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും 5000 കോടിയുടെ പദ്ധതിയുടെ ഒരുഫയലും മുന്നിലെത്തിയിട്ടില്ലെന്നുമായിരുന്നു ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നത്.
ചര്‍ച്ച അമേരിക്കയില്‍ മന്ത്രി നടത്തിയിട്ടില്ലെന്നു പറയുന്നത് പച്ചക്കള്ളമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മന്ത്രിസഭയുടെ അംഗീകാരത്തിനുവേണ്ടിയാണ് ഇ.എം.സി.സി കത്തയച്ചത്. ശരവേഗത്തില്‍ ഇവര്‍ക്ക് നാലേക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന പദ്ധതിയാണിത്. വലിയൊരഴിമതിയാണ്. ഇതില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കുമാത്രമല്ല, ഇ.പി ജയരാജനും പങ്കുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനിലേക്കുകൂടിയാണിത് നീളുന്നത്. തനിക്ക് മാനസികനിലതെറ്റി എന്ന രീതിയിലാണ് ഇന്നലെ മന്ത്രി പ്രതികരിച്ചത്. അതില്‍ വിരോധമില്ലെന്നും പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അമേരിക്കന്‍ കമ്പനി ഇ.എം.സി.സിയുമായുള്ള 5000 കോടിയുടെ പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ അമേരിക്കയില്‍ പോയി ചര്‍ച്ച നടത്തിയാണ് നീക്കം തുടങ്ങിയതെന്നുമായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. ഇത് മന്ത്രി നിഷേധിച്ചപ്പോഴാണ് പുതിയ തെളിവുകള്‍ പുറത്തുവിട്ട് ചെന്നിത്തല മന്ത്രിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."