ഹിമാലയത്തിലെ സിദ്ധപുരുഷൻ
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
'ബാഗുകൾ തയാറാക്കി വയ്ക്കുക. അടുത്ത മാസം ഞാൻ സീഷെൽസിലേയ്ക്ക് പോകാൻ തയാറെടുക്കുകയാണ്. എന്നോടൊപ്പം കൂടാൻ തയാറാവുക. എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണം. നീന്തൽ അറിയാമെങ്കിൽ നമുക്ക് അവിടെ കടലിൽ നീന്തലുമാകാം. ബാക്കി ബീച്ചിൽ. നമ്മുടെ ടിക്കറ്റുകൾ ഒരുക്കാൻ എന്റെ ടൂർ ഓപ്പറേറ്ററുമായി സംസാരിക്കാൻ കാഞ്ചനോടു പറഞ്ഞിട്ടുണ്ട്'.
2015 ഫെബ്രുവരി 17-ാം തിയതി ഹിമാലയത്തിലെവിടെയോ കഴിയുന്ന സ്വാമി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സി.ഇ.ഒയും മാനേജിങ്ങ് ഡയറക്ടറുമായിരുന്ന ചിത്രാ രാമകൃഷ്ണയ്ക്കയച്ച ഒരു ഈമെയിൽ സന്ദേശത്തിന്റെ ചുരുക്കമാണിത്.
പിറ്റേന്ന് ചിത്രയ്ക്ക് അജ്ഞാതനായ ഈ സ്വാമി എഴുതിയ മറ്റൊരു സന്ദേശം: 'ഇന്നു കാണാൻ ഗംഭീരമായിരിക്കുന്നു. മുടി ചീകുന്ന കാര്യത്തിൽ പല രീതികൾ ഉണ്ടായിരിക്കണം. അപ്പോൾ കാണാൻ ഏറെ വശ്യത തോന്നും. ഇതു സൗജന്യമായി തരുന്ന വെറുമൊരു ഉപദേശം മാത്രം'. വീണ്ടും ഫെബ്രുവരി 2 ന് യോഗിയുടെ മറ്റൊരു സന്ദേശം: 'കൗണ്ട് ഡൗൺ തുടങ്ങുകയായി. സീഷെൽസിൽ അടിച്ചു പൊളിക്കാം'.
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് എൻ.എസ്.ഇ എന്നറിയപ്പെടുന്ന നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്. ആസ്ഥാനം മുംബൈ. ഇന്ത്യയിൽ ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നവരുടെ ആശാകേന്ദ്രം. ഇവരിലധികവും സാധാരണ നിക്ഷേപകർ. എൻ.എസ്.ഇയുടെ തുടക്കം മുതൽ തന്നെ തലപ്പത്തുണ്ടായിരുന്ന ധനകാര്യ വിദഗ്ധരിൽ ഒരാളാണ് ചിത്രാ രാമകൃഷ്ണ.
ഓഹരി വിപണിയിൽ സ്വന്തം സ്വാധീനം ഉപയോഗിച്ച് തിരിമറി നടത്തിയതിന് സി.ബി.ഐ അന്വേഷണം നേരിടുകയാണ് ചിത്ര. എൻ.എസ്.ഇയിലെ അതീവ രഹസ്യമായ തീരുമാനങ്ങളും ഭാവി പരിപാടികളും ഹിമാലയ പർവതങ്ങളിലെവിടെയോ താമസിക്കുന്നുവെന്ന് പറയുന്ന യോഗിക്കു കൈമാറിയെന്ന കുറ്റവും ചിത്രാ രാമകൃഷ്ണയ്ക്കു മേൽ ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പ്രാരംഭ അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞു.
എൻ.എസ്.ഇയുടെ പല സുപ്രധാന തീരുമാനങ്ങളും അക്കാലത്തെ സി.ഇ.ഒയും എം.ഡിയുമായിരുന്ന ചിത്ര ഹിമാലയത്തിൽ കഴിയുന്ന യോഗിക്കു കൈമാറിയിട്ടുണ്ടെന്ന് സെബിയുടെ റിപ്പോർട്ടിൽ പറയുന്നു. എൻ.എസ്.ഇയുടെ ഭാവിയിലേയ്ക്കുള്ള ബിസിനസ് പദ്ധതികളും സാമ്പത്തിക വിവരങ്ങളും ഡിവിഡന്റ് വിതരണം സംബന്ധിച്ച തീരുമാനങ്ങളുമെല്ലാം ഇങ്ങനെ കൈമാറിയിട്ടുണ്ടെന്നാണ് സെബി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
സെബി ചിത്രാ രാമകൃഷ്ണയെ വിശദമായി ചോദ്യം ചെയ്തിരുന്നു. അരൂപിയും അദൃശ്യനുമായ യോഗിയെപ്പറ്റി ചിത്ര സെബി അന്വേഷണ സംഘത്തോടു പറഞ്ഞ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. അദൃശ്യനായ ഈ യോഗി ചിത്രാ രാമകൃഷ്ണയ്ക്ക് ഒരു ആത്മീയ ഗുരു തന്നെയായിരുന്നു. ഇരുവരും തമ്മിൽ കൈമാറിയ ഇ-മെയിൽ സന്ദേശങ്ങളും സെബി കണ്ടെടുത്തു. സന്ദേശങ്ങളിൽ നിന്നു ഉദ്യോഗസ്ഥർ മനസിലാക്കിയത് 2015 കാലഘട്ടത്തിൽ ചിത്ര ഈ യോഗിയെ പലയിടത്തു വച്ച് പല തവണ കണ്ടിട്ടുണ്ടെന്നാണ്.
2013-ലാണ് ചിത്രാ രാമകൃഷ്ണ എൻ.എസ്.ഇയുടെ തലപ്പത്ത് നിയമിക്കപ്പെട്ടത്. 2016 വരെ ഈ സ്ഥാനത്തിരുന്നു. [email protected] എന്ന ഈമെയിൽ വിലാസത്തിലാണ് ചിത്ര ബന്ധപ്പെട്ടിരുന്നത്. ഇതിനു വിശദീകരണം തേടിയ സെബി ഉദ്യോഗസ്ഥരോട് ചിത്ര പറഞ്ഞത് ഹിമാലയ പർവത നിരകളിലെവിടെയോ താമസിക്കുന്ന ഒരു യോഗിയുടേതാണ് ഈ വിലാസം എന്നത്രെ. അത് ഒരു 'സിദ്ധ പുരുഷ'നാണെന്നും ചിത്ര പറഞ്ഞു.
ഋഗ്വേദ, സാമവേദ, യജുർവേദ എന്നീ മൂന്ന് വേദങ്ങളുടെ പേരു കൂട്ടിചേർത്തതാണ് ഇമെയിൽ വിലാസം. ഒരു സിദ്ധ പുരുഷനു യോജിച്ച വിലാസം. ഹിമാലയങ്ങളിൽ ഇമെയിൽ കിട്ടുന്നതെങ്ങനെ എന്ന ചോദ്യത്തിന് ആത്മീയ ശക്തി ഏറെയുള്ളവർക്ക് ഭൗതികമായ സാധനസാമഗ്രികൾ ഇല്ലാതെ തന്നെ ഇതൊക്കെ കഴിയും എന്നായിരുന്നു മറുപടി.
വലിയൊരു ആത്മീയ ശക്തി കേന്ദ്രമായിട്ടാണ് ചിത്രാ രാമകൃഷ്ണ ഈ യോഗിയെ കണ്ടിരുന്നത്.20 വർഷം മുമ്പ് ഗംഗാ നദീതീരത്തു വച്ചാണ് യോഗിയെ ആദ്യം കണ്ടതെന്ന് ചിത്ര സെബി ഉദ്യോഗസ്ഥരോടു പറഞ്ഞു. പിന്നീട് ഔദ്യോഗിക കാര്യങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലും യോഗിയുടെ ഉപദേശം തേടിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
ആത്മീയ ഗുരു എന്ന നിലയ്ക്ക് എപ്പോഴും കാണാനും സംസാരിക്കാനും പ്രയാസമായതുകൊണ്ട് പരസ്പരം ബന്ധപ്പെടാൻ വഴി പറഞ്ഞു തരണമെന്ന് അദ്ദേഹത്തോടാവശ്യപ്പെട്ടതായി ചിത്ര ഉദ്യോഗസ്ഥരെ അറിയിച്ചു. അതിൻ പ്രകാരമാണ് ഇ-മെയിൽ ഐഡി കൈമാറിയത്. ഇരുവരും തമ്മിൽ ഇതേ ഇമെയിൽ വഴി ധാരാളം സന്ദേശങ്ങൾ പരസ്പരം അയച്ചിട്ടുണ്ട്. സീഷെൽസിൽ യാത്രയ്ക്കു പരിപാടിയിടുന്നതു സംബന്ധിച്ച സന്ദേശങ്ങൾ സെബി കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.
ഹർഷദ് മേത്തയുടെ നേതൃത്വത്തിൽ നടന്ന ഓഹരി കുംഭകോണത്തെ തുടർന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ നിയന്ത്രണ സംവിധാനങ്ങൾ തകർന്ന സമയം. 1992 മധ്യത്തോടെയായിരുന്നു അത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ മാറ്റിയെഴുതി പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിട്ട് ഒരു വർഷം തികയുന്ന സമയം. റിസർവ് ബാങ്ക് ഗവർണറായിരുന്ന ഡോ. മൻമോഹൻ സിങ്ങിനെ ധനകാര്യ മന്ത്രിയാക്കിക്കൊണ്ട് പ്രധാനമന്ത്രി നരസിംഹറാവു പുതിയ സാമ്പത്തിക ചരിത്രം രചിക്കാൻ തുടങ്ങിയിരുന്നു അപ്പോൾ.
അത്യാധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പുതിയൊരു സംവിധാനം ഒരുക്കാൻ തയാറെടുപ്പു നടത്താൻ സർക്കാർ ഒരു ഉന്നതതല സമിതിയും രൂപീകരിച്ചു. ധനകാര്യ വിപണിയിലെ വിവിധ മേഖലകൾക്കു യോജിച്ച ചെറുപ്പക്കാരായ അഞ്ചു യുവാക്കളെ തെരഞ്ഞെടുക്കുകയായിരുന്നു സമിതിയുടെ പ്രധാന ചുമതലകളിലൊന്ന്. അവർ ഏറ്റവും വിദഗ്ധരെന്നു വിലയിരുത്തി അഞ്ചു പേരെ തെരഞ്ഞെടുത്തു. എല്ലാവരും ചെറുപ്പക്കാരും ചുറുചുറുക്കുള്ളവരും ഐ.ഡി.ബി.ഐയിൽ (ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഓഫ് ഇന്ത്യ) ഉദ്യോഗത്തിൽ കയറിയ ചാർട്ടേർഡ് അക്കൗണ്ടന്റ് ചിത്രാ രാമകൃഷ്ണയായിരുന്നു അതിലൊന്ന്. ചിത്രയ്ക്ക് അന്ന് പ്രായം 30 വയസ് കഴിഞ്ഞിരുന്നതേയുള്ളൂ.
ചിത്രാ രാമകൃഷ്ണയാണ് പുതിയൊരു സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് പ്രധാന രൂപരേഖ തയാറാക്കിയത്. അധികം താമസിയാതെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിലവിൽ വന്നു - 1994 ൽ രണ്ടു ദശകങ്ങൾക്കു ശേഷം, 2013 ഏപ്രിലിൽ ചിത്ര എൻ.എസ്.ഇ. യുടെ സി.ഇ.ഒ. യും മാനേജിങ്ങ് ഡയറക്ടറുമായി നിയമിക്കപ്പെട്ടു. ലോകത്തെ പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ തലപ്പത്ത് വനിതകൾ തീരെ ഇല്ലാതിരുന്ന സമയം. എൻ.എസ്.ഇ. അപ്പോഴേയ്ക്ക് ലോകത്തെ വല്ലതും പ്രധാനവുമായ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായി വളർന്നിരുന്നു.
അധികാരവും കരുത്തും ചിത്രയുടെ മുഖമുദ്രയായി. സ്ഥാനമേറ്റ് മാസങ്ങൾക്കുള്ളിൽ ചിത്ര ഉപദേഷ്ടാവായി ആനന്ദ് സുബ്രഹ്മണ്യൻ എന്നൊരാളെ നിയമിച്ചു. ധനകാര്യ മേഖലയുമായി ഒരു ബന്ധവുമില്ലായിരുന്നയാൾ. തുടക്ക ശമ്പളം പ്രതിവർഷം 1.68 കോടി രൂപ!
ഹിമാലയ മലനിരകളിലെ യോഗി ഉപദേശിച്ചതനുസരിച്ചായിരുന്നു ഈ നിയമനമെന്നാണ് സെബി റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. ഹിമാലയത്തിലെ സ്വാമി ഈ സുബ്രഹ്മണ്യൻ തന്നെയായിരുന്നുവെന്നു കരുതുന്നവരുമുണ്ട്. 2016 ഡിസംബറിൽ വളരെ നാടകീയമായി ഉന്നതപദവിയിൽ നിന്ന് പിരിയുന്നതുവരെ ചിത്ര എടുത്ത പല തീരുമാനങ്ങളിലും നടപടികളിലും ഹിമാലയത്തിലെ യോഗി ഇടപെട്ടിരുന്നുവെന്ന് സെബി കണ്ടെത്തിയിട്ടുണ്ട്.
വളരെ കരുത്തുറ്റ ഒരു വനിത സ്വന്തം ആത്മീയ ഗുരുവിന്റെ ആജ്ഞാനുവർത്തിയായിപ്പോയതാണ് ചിത്രാ രാമകൃഷ്ണയുടെ വലിയ പതനത്തിനു കാരണമായതെന്ന് കഴിഞ്ഞ ഞായറാഴ്ച 'ദ ഹിന്ദു' ദിനപ്പത്രത്തിൽ സുരേഷ് ശേഷാദ്രി എഴുതിയ സുദീർഘമായ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്.
സെബിയിലെ ചില ഉന്നതോദ്യോഗസ്ഥരും ആനന്ദ് സുബ്രഹ്മണ്യൻ തന്നെയാണ് ഇതിനെല്ലാം ഉത്തരവാദിയെന്നു സംശയിക്കുന്നു. യോഗി ഉപദേശിച്ചതനുസരിച്ചാണ് എൻ.എസ്.ഇ ആനന്ദ് സുബ്രമണ്യനെ നിയമിച്ചത്. ആനന്ദ് സുബ്രഹ്മണ്യന് കൂടുതൽ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാനും മറ്റും ഉപദേശിക്കുന്നതും യോഗി തന്നെ. യോഗി ഹിമാലയത്തിലെവിടെയോ കഴിയുന്ന ആൾ എന്നതിൽ കവിഞ്ഞ് ചിത്രയ്ക്ക് ഒന്നുമറിയില്ല താനും.ഒക്കെയും സാധാരണക്കാരന്റെ പോലും യുക്തിക്കു നിരക്കാത്ത കാര്യങ്ങൾ. സ്വന്തം ബുദ്ധിശക്തി കൊണ്ടും പ്രവർത്തന മികവു കൊണ്ടും ഉയരങ്ങൾ കീഴടക്കിയ ശക്തയായ ഒരു വനിതയാണ് ഇപ്പോൾ ഇന്ത്യയിലെ പുതിയൊരു വിവാദത്തിന്റെ ചുഴിയിൽ അകപ്പെട്ടിരിക്കുന്നത്. അന്വേഷണ ഏജൻസികൾക്കു മുന്നിൽ വിറച്ചു നിൽക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."