HOME
DETAILS

കൊലക്കത്തി താഴെവയ്ക്കാതെ കണ്ണൂർ

  
backup
February 22 2022 | 02:02 AM

894563245632-2


കല്യാണ വീടിനടുത്തുണ്ടായ ബോംബ് സ്‌ഫോടനത്തിൽ അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാളുടെ മരണത്തെത്തുടർന്നുണ്ടായ നടുക്കത്തിൽനിന്നു മോചിതമാകും മുമ്പാണ് കണ്ണൂർ ജില്ലയിൽ മറ്റൊരു അരുംകൊല നടക്കുന്നത്. സി.പി.എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസനാണ് അർധരാത്രി കണ്ണൂർ ന്യൂ മാഹിയിൽ വീടിനടുത്തുവച്ച് അതിനിഷ്ഠൂരമായി കൊല്ലപ്പെട്ടത്. ഹരിദാസന്റെ കാൽ വെട്ടിമാറ്റിയിരുന്നു. കുടുംബാംഗങ്ങളുടെ കൺമുമ്പിൽ വച്ചാണ് ഹരിദാസനെ അക്രമി സംഘം തലങ്ങുംവിലങ്ങും വെട്ടിയത്. ദേഹമാസകലം പരുക്കേറ്റ് ആശുപത്രിയിൽ എത്തും മുമ്പു തന്നെ ഹരിദാസ് കൊല്ലപ്പെട്ടു.


കൊലപാതകത്തലേന്ന് സമീപത്തെ പുല്ലോത്ത് ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിനിടെ ആർ.എസ്.എസ്- സി.പി.എം പ്രവർത്തകർ തമ്മിൽ പുന്നോലിൽവച്ച് വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ബി.ജെ.പി നടത്തിയ പ്രതിഷേധ യോഗത്തിൽ വച്ച് തലശ്ശേരി നഗരസഭാ കൗൺസിലർ ലിജേഷ് ഭീഷണിയുടെ സ്വരത്തിൽ പ്രകോപനപരമായി പ്രസംഗിച്ചെന്നും അതിനെത്തുടർന്നാണ് ഹരിദാസൻ ആർ.എസ്.എസിന്റെ കൊലക്കത്തിക്കിരയായതുമെന്നാണ് പറയപ്പെടുന്നത്.


സി.പി.എം പാർട്ടി കോൺഗ്രസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുന്നത് കണ്ണൂരിലാണ്. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പതാക ദിനത്തിൽ തന്നെയാണ് സി.പി.എം പ്രവർത്തകൻ ആർ.എസ്.എസുകാരാൽ കൊല്ലപ്പെടുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് ട്വന്റി 20 അഞ്ചാം വാർഡ് ഏരിയാ സെക്രട്ടറി സി.കെ ദീപു സി.പി.എം പ്രവർത്തകരുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. ഒരു ഭാഗത്ത് സി.പി.എം ഇരകളാണെങ്കിൽ മറുഭാഗത്ത് അവർ കൊലയാളികളാണ്. ആർ.എസ്.എസും ഇങ്ങിനെ തന്നെ. ഒരു മാസത്തിനിടെ കണ്ണൂരിൽ മൂന്നും കിഴക്കമ്പലത്ത് ഒരാളുമാണ് കൊല്ലപ്പെടുന്നത്.


ദിവസങ്ങൾക്കു മുമ്പാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരളത്തെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയത്. ആക്ഷേപത്തിന് കേരളം കക്ഷിരാഷ്ട്രീയ ഭേദമന്യേ മറുപടി പറയുകയും ചെയ്തു. കേരളത്തിലെ മെച്ചപ്പെട്ട ആരോഗ്യ, വിദ്യാഭ്യാസ നിലവാരവും ഉയർന്നജീവിത നിലവാരവും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ഉണർവും ചൂണ്ടിക്കാണിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ മറുപടി പറഞ്ഞത്.
യു.പി മുഖ്യമന്ത്രി പ്രധാനമായും എടുത്തിട്ട ആരോപണം കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നുവെന്നും യു.പിയിൽ അങ്ങിനെ സംഭവിക്കുന്നില്ലെന്നുമായിരുന്നു. യു.പിയിൽ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ നിരന്തരം വേട്ടയാടുകയും അവരെ കൊലപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന ആർ.എസ്.എസ് -ബജ്‌റംഗ് ദൾ പ്രവർത്തകർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയ വേളയിൽ അക്രമത്തിന്റെ മൂർച്ചയ്ക്ക് അൽപം കുറവു വരുത്തിയിട്ടുണ്ടാകാം. അതൊഴിച്ചാൽ അക്രമത്തിന്റെ കാര്യത്തിൽ യു.പിയിൽ ബി.ജെ.പി തന്നെയാണ് ഒന്നാം സ്ഥാനത്ത്. വർഗീയ കലാപത്തിനു നേതൃത്വം കൊടുക്കുന്നവർ ഭരണത്തിൽ വരുമ്പോൾ വർഗീയ കലാപങ്ങൾ കുറവു വരുന്നതിൽ വലിയ അത്ഭുതമൊന്നുമില്ല.


ഇതൊക്കെയാണെങ്കിലും ആദിത്യനാഥ് കേരളത്തെ പ്രതിസ്ഥാനത്ത് നിർത്താൻ ഉപയോഗിച്ച രാഷ്ടീയ കൊലപാതക പ്രയോഗങ്ങൾ കേരളത്തിന് ഇതുവരെ കഴുകിക്കളയാൻ കഴിയാത്ത കളങ്കം തന്നെയാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിലാണ് കൂടുതലായും നടക്കുന്നതെന്ന പഴി മാറ്റാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.


രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ മനുഷ്യരെ പച്ചയ്ക്ക് വെട്ടിക്കൊല്ലുന്ന പ്രാകൃത രാഷ്ട്രീയമുറ കേരളീയ ജനത എന്നോ കുഴിച്ചു മൂടേണ്ടതായിരുന്നു. ഇനിയെന്നാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ പ്രബുദ്ധത എന്ന വാക്കിന്റെ ശരിയായ അർഥം ഉൾക്കൊണ്ട് പ്രവർത്തിക്കുക. രാഷ്ട്രീയ പ്രബുദ്ധത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അപരന്റെ വാക്കുകളെ സംയമനത്തോടെ ശ്രവിച്ച് സംവാദങ്ങളിൽ ഏർപ്പെടുക എന്നതാണ്. അതിനെയാണ് സമാധാനപൂർവമായ സഹവർത്തിത്വം എന്നു പറയുന്നത്. സംസ്ഥാനത്തെ രണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാതെ പോകുന്നതും ഇതാണ്. പ്രകോപന പ്രസംഗങ്ങളാൽ അക്രമങ്ങൾക്ക് ഇന്ധനം പകരുന്ന നേതാക്കൾ തന്നെ പ്രബുദ്ധരാഷ്ട്രീയ കേരളമെന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം നാവിട്ടടിക്കുന്നത് എന്തു മാത്രം പരിഹാസ്യമാണ്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ പത്തോളം സി.പി.എം പ്രവർത്തകരെ ബി.ജെ.പി കൊന്നിട്ടുണ്ടെന്നാണ് സി.പി.എം ആരോപണം. ഇതിനെതിരേ പ്രത്യാരോപണം ആർ.എസ്.എസിന്റെ പക്കലും ഉണ്ടായിരിക്കും. കണ്ണൂരിലെ ആയുധ നിർമാണവും ബോംബ് നിർമാണവും കുടിൽ വ്യവസായം പോലെയായിട്ടുണ്ട്. ഇതിൽ രണ്ട് വിഭാഗവും മത്സരിച്ചാണ് മുന്നേറുന്നതും. ബോംബ് നിർമാണത്തിനിടെ കൈപ്പത്തി തകർന്ന നിരവധി പേരെ കണ്ണൂരിൽ കാണാം.


മുൻ കാലങ്ങളിൽനിന്നു വ്യത്യസ്തമായി നിസാര വാക്കുതർക്കങ്ങളുടെ പേരിൽ പോലും കണ്ണൂരിൽ ബോംബേറും കൊലപാതകവും നടക്കുന്നുവെന്നത് സമാധാന ജീവിതത്തിന് ഭീഷണിയായിരിക്കുകയാണ്. മയക്കുമരുന്നുകളുടെ അതിവ്യാപനം സംസ്ഥാനത്ത് പൊതുവേയും കണ്ണൂരിൽ പ്രത്യേകിച്ചും കൊലപാതകങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്.
മാട്ടൂലിലെ ഹിഷാം, ആയിക്കരയിലെ ജസീർ, എന്നിവർ കൊല്ലപ്പെട്ടത് പ്രണയത്തർക്കം പറഞ്ഞു തീർക്കുന്നതിനിടയിലും കാർ പാർക്കിങ് സംബന്ധിച്ചുണ്ടായ തർക്കങ്ങൾക്കിടയിലുമായിരുന്നു. എല്ലാം നിസാര പ്രശ്‌നങ്ങൾ. ഏച്ചൂരിലെ ജിഷ്ണു കൊല്ലപ്പെട്ടത് വിവാഹവീടിനു സമീപം സ്‌ഫോടനം നടത്തുന്നതിനിടയിൽ. അനിഷ്ടങ്ങളായ കാര്യങ്ങൾ വിവാഹാഘോഷങ്ങൾക്കിടയിൽ ഉണ്ടാകുന്നത് ഒട്ടും അഭിലഷണീയമല്ല. മൂന്ന് മരണങ്ങളും നടന്നത് രണ്ട് മാസത്തിനിടയിൽ. എല്ലാം പറഞ്ഞ് തീർക്കാമായിരുന്ന ചെറിയകാര്യങ്ങളുടെ പേരിലും.
മത്സ്യത്തൊഴിലാളിയുടെ കൊലപാതകം കണ്ണൂർ ജില്ലയെ വീണ്ടുമൊരു കൊലപാതകരാഷ്ട്രീയത്തിലേക്ക് തള്ളിയിട്ടേക്കുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. കണ്ണൂർ ജില്ലയിൽ രാഷ്ട്രീയക്രിമിനലുകളും മയക്കുമരുന്ന് മാഫിയയും ഒന്നിച്ചു പിടിമുറുക്കുകയാണെന്ന ആരോപണത്തിന് അറുതിയുണ്ടാകണം. രാഷ്ട്രീയ- സാമൂഹ്യ -സാംസ്‌കാരിക നേതാക്കളുടെ ആത്മാർഥമായ കൂട്ടായ്മയിലൂടെ മാത്രമേ ഇതു സാധിക്കുകയുള്ളൂ. നിസാര വാക്കു തർക്കത്തിന്റെ പേരിലും രാഷ്ട്രീയാഭിപ്രായ വ്യത്യാസത്തിന്റെ പേരിലും ഇനിയൊരു കൊലപാതകവും കൂടി കണ്ണൂരിൽ സംഭവിക്കരുതേ എന്ന് ആശിക്കാൻ മാത്രമല്ലേ ഈ കാലത്ത് സാധാരണക്കാരായ സമാധാനകാംക്ഷികൾക്ക് കഴിയൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago