ഉക്രൈനിലെ വിമത പ്രദേശങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിച്ച് പുടിന്‍
ഉക്രൈനിലെ വിമത മേഖലകള്‍ നിയന്ത്രണത്തിലാക്കാന്‍ റഷ്യ. ഇതിന്റെ ഭാഗമായി ഉക്രൈനിലെ വിമത പ്രദേശങ്ങളായ ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളുടെ സ്വാതന്ത്ര്യം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അംഗീകരിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്താണ് പുടിന്‍ ഈ പ്രഖ്യാപനം നടത്തിയത്. വൈകാരികമായിരുന്നു പുടിന്റെ പ്രഖ്യാപനം.
'ഡൊണെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപബ്ലിക്കിന്റെയും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപബ്ലിക്കിന്റെയും സ്വാതന്ത്ര്യവും പരമാധികാരവും ഉടനടി അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം എടുക്കേണ്ടത് ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു' പുടിന്‍ പറഞ്ഞു.
റഷ്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ ഫെഡറേഷന്‍ കൗണ്‍സിലിനോട് പുടിന്‍ ഈ തീരുമാനത്തെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇതുസംബന്ധിച്ച വോട്ടെടുപ്പ് നടക്കും. ക്രെംലിനിലെ വിമത നേതാക്കളുമായി പുടിന്‍ സൗഹൃദ കരാറിലും ഒപ്പുവെച്ചു.
അതേസമയം, ഈ മേഖലകളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കമാണ് പുടിന്‍ നടത്തുന്നത്. എന്നാല്‍ രാജ്യാതിര്‍ത്തി പഴയതു പോലെ തുടരുമെന്നാണ് ഉക്രൈന്‍ പ്രസിഡന്റിന്റെ മറുപടി.
2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ ഉക്രൈന്‍ സൈന്യവുമായി ഏറ്റുമുട്ടുകയാണ് ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രദേശങ്ങള്‍. ഈ മേഖലയുടെ സ്വാതന്ത്ര്യമാണ് പുടിന്‍ അംഗീകരിച്ചത്. ഉക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന നടപടിയാണിത്.
ഉക്രൈന്റെ പരമാധികാരത്തിനു മേലുള്ള ഇടപെടലാണ് ഇതെന്ന് യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രതികരിച്ചു. ഉപരോധം ഉള്‍പ്പെടെയുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് റഷ്യയുടെ ഈ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."