ഫ്രീക്കൻമാർ സൂക്ഷിച്ചോ, നിങ്ങൾ കാമറക്കണ്ണിലാണ്
റോഡിലെ നിയമലംഘനങ്ങൾ
പൊതുജനങ്ങൾക്ക്
കാമറയിലാക്കി പരാതിപ്പെടാൻ
സംവിധാനം
തിരുവനന്തപുരം
പൊതുനിരത്തിൽ അഭ്യാസപ്രകടനം നടത്തുകയും വാഹനങ്ങൾ തോന്നുംപടി പരിഷ്കരിക്കുകയും മറ്റും ചെയ്യുന്ന ഫ്രീക്കൻമാരെ പൂട്ടാനുറച്ച് മോട്ടോർവാഹനവകുപ്പ്. പൊതുജനങ്ങളുടെ സഹായത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. നിയമലംഘനം കാണുന്നവർ അത് കാമറയിൽ പകർത്തി അയച്ചുകൊടുക്കുകയേ വേണ്ടൂ, ബാക്കി പണി വകുപ്പ് നോക്കിക്കോളും. പരിമിതമായ അംഗ സംഖ്യയുള്ള വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൊണ്ടുമാത്രം നിയമ ലംഘനം തടയാനാവില്ലെന്നു മനസിലാക്കിയാണ് പൊതുജനങ്ങളുടെ സഹായം കൂടി അഭ്യർഥിക്കുന്നതെന്ന് വകുപ്പ് അറിയിച്ചു.
നിയമലംഘനങ്ങൾ തടയാൻ ഓപ്പറേഷൻ സൈലൻസ് എന്ന പേരിൽ പ്രത്യേക പരിശോധന നടത്തിവരുന്നതിനിടെയാണ് പുതിയ പദ്ധതി.
വാഹനങ്ങൾ രൂപമാറ്റം വരുത്തുക, സൈലൻസറുകൾ തീവ്ര ശബ്ദം പുറപ്പെടുവിക്കുന്നതാക്കുക, പൊതുനിരത്തുകളിൽ അഭ്യാസ പ്രകടനം- മൽസരയോട്ടം നടത്തുക, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയവയുടെ ദൃശ്യങ്ങൾ കാമറയിൽ പകർത്തി വാട്‌സാപ്പ് അയക്കാനാണ് അഭ്യർഥന. ഇതിനായി ജില്ലകളിൽ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാഹനങ്ങളെയും ഡ്രൈവർമാരെയും കുറിച്ചുള്ള വിവരങ്ങളോ ഫോട്ടോകളോ ചെറിയ വീഡിയോകളോ സഹിതം അതത് ജില്ലകളിലെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒമാരെയാണ് അറിയിക്കേണ്ടത്. വിവരങ്ങൾക്കൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നിവയും ഉൾപ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."