പേരാമ്പ്ര മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണം: പ്രവര്‍ത്തനം ഊര്‍ജിതം
പേരാമ്പ്ര: മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാക്കുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ധാരണയായി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2010ലാണ് പേരാമ്പ്ര മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായത്. ആറ് വര്‍ഷത്തിനകം മണ്ഡലത്തില്‍ ആയിരത്തോളം കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിക്കേണ്ടതുണ്ട്. വൈദ്യുതി കണക്ഷനുവേണ്ടി സെപ്റ്റംബര്‍ എട്ടിനകം ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസുകളില്‍ അപേക്ഷ നല്‍കണം. വയറിങ് പൂര്‍ത്തിയാകാത്തവര്‍ നവംബറിനകം തന്നെ പൂര്‍ത്തീകരിക്കണം. ഡിസംബറോടെ കണക്ഷന് നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കും. മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ മന്ത്രി ടി.പി രാമകൃഷ്ണന് ചെയര്‍മാനും അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എന്‍.കെ ഗോപി കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു. ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ അംഗങ്ങളാണ്. പേരാമ്പ്ര പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം കുഞ്ഞിക്കണ്ണന്, സി രാധ, ഷിജാ ശശി, കെ.എം റീന സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."