ആവിശ്യമാണ് രണ്ടാം ഘട്ട സമരം
പൊമ്പിളൈ ഒരുമൈ സമരം വിജയംകണ്ടെന്ന് തോന്നുന്നുണ്ടോ?
പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തെ രാഷ്ട്രീയക്കാര്‍ വിദഗ്ധമായി പെണ്ണുങ്ങളെ ഭിന്നിപ്പിച്ച് ഇല്ലാതാക്കി. പലരെയും വാഗ്ദാനങ്ങള്‍ നല്‍കിയും അതിന് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും മൗനികളാക്കി. ഞങ്ങളുടെ മുന്നേറ്റത്തെ. അത്രത്തോളം മൂന്നാറിലെ രാഷ്ട്രീയക്കാര്‍ ഭയപ്പെട്ടിരുന്നു.
പല വാഗ്ദാനങ്ങളും നല്‍കിയവര്‍ പിന്നെ പെരുവഴിയിലേക്ക് തള്ളിവിടുകയും ചെയ്തു. ജീവിക്കാനുള്ള തത്രപ്പാടില്‍ പലരും വീടുകളില്‍ ഒതുങ്ങിയെങ്കിലും ഞാന്‍ അതിനു തയാറല്ല. കേരളത്തില്‍ അടിമകളെപ്പോലെ ജീവിച്ച തോട്ടംതൊഴിലാളികള്‍ക്ക് ഞങ്ങള്‍ നടത്തിയ സമരത്തിലൂടെ അടിമത്തം ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിഞ്ഞതായി ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍, തൊഴിലാളി ചൂഷകരായ രാഷ്ട്രീയക്കാരുടെ അടിമത്തം നാം ഇപ്പോഴും അനുഭവിച്ചുവരികയാണ്.
കേരളത്തില്‍ നടക്കുന്ന സമരങ്ങളില്‍ താങ്കള്‍ ഇടപെടുന്നുണ്ടല്ലോ?
ഇവിടുത്തെ ജനങ്ങളുടെ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കാന്‍ ആരും ഇല്ല. മാറിവരുന്ന രാഷ്ട്രീയ കക്ഷികള്‍ അവരുടെ പ്രശ്‌നങ്ങള്‍ മാത്രമേ കാണുന്നുള്ളൂ. തോട്ടം തൊഴിലാളി, ആദിവാസി, കര്‍ഷകര്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരും മുന്നോട്ടുവരുന്നില്ല. എന്നാല്‍ ജനങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ നടക്കണമെന്നുള്ളതു കൊണ്ടാണ് പൊതുരംഗത്തേക്ക് ഇറങ്ങിയത്. പാവപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എല്ലാവരും അറിയണം. പൊമ്പിളൈ ഒരുമൈ സമരമാണ് തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ലോകത്തെ അറിയിച്ചത്. നിയമസഭയിലായാലും ലോക്‌സഭയിലായാലും ഞങ്ങളെക്കുറിച്ച് ഇതുവരെ ആരും സംസാരിച്ചിട്ടില്ല. അവരുടെ പാര്‍ട്ടിയെ വളര്‍ത്തുക മാത്രമാണ് അവര്‍ ചെയ്തത്.
താങ്കള്‍ ഇടക്ക് സി.പി.എമ്മിലേക്ക് പോയിരുന്നല്ലോ. പിന്നെ മാറാന്‍ കാരണം?
സി.പി.എമ്മിലേക്ക് കൊണ്ടുപോയത് രാഷ്ട്രീയമായി എന്നെ ഇല്ലാതാക്കാന്‍ വേണ്ടിയാണെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും ഞാന്‍ അതിന് സമ്മതിച്ചത് തൊഴിലാളികള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞ പത്ത് സെന്റ് ഭൂമിയുടെ കാര്യമാലോചിച്ച് മാത്രമാണ്. ഇങ്ങനെ ഒറ്റയ്ക്ക് നില്‍ക്കുന്നതില്‍ പരിമിതി ഉണ്ടെന്ന് എനിക്കറിയാം, എങ്കിലും ഇതുവരെ മറ്റൊരു തീരുമാനമെടുത്തിട്ടില്ല. തോട്ടം തൊഴിലാളികള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. അത് ഒറ്റയ്ക്ക് നിന്ന് പരിഹരിക്കാന്‍ പറ്റുന്നതല്ലെന്നും അറിയാം. എന്നാലും എവിടെപ്പോയാലും അവസ്ഥ മറ്റൊന്നാകുമെന്ന് ഈ സാഹചര്യത്തില്‍ കരുതാനും വയ്യ.
തരാമെന്നേറ്റ പത്ത് സെന്റ് ഭൂമി പാര്‍ട്ടിയോട് ചോദിച്ചപ്പോള്‍ എവിടെ നിന്ന് എടുത്തു തരാനാണ്, മൊത്തം ടാറ്റയുടെ സ്ഥലമല്ലേ എന്നാണ് രാജേന്ദ്രന്‍ എം.എല്‍.എ പറഞ്ഞത്. തോട്ടം മുതലാളിമാരുമായുള്ള ചര്‍ച്ചയ്ക്ക് പാര്‍ട്ടി എന്നെ കൂട്ടാമെന്ന് പറഞ്ഞിരുന്നു. തൊഴിലാളികളുടെ ഏറെ പ്രശ്‌നങ്ങള്‍ എനിക്കവരോട് പറയാന്‍ ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചതേയില്ല. അതിന് കാരണമായി പാര്‍ട്ടി എന്നോട് പറഞ്ഞത്, ഗോമതി കാരണം കമ്പനിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്നാണ്. അതുകൊണ്ട് ഗോമതിയുമായി ഒരു ചര്‍ച്ചക്കും കമ്പനിക്ക് താല്‍പര്യമില്ല എന്നവര്‍ പറഞ്ഞത്രെ. പിന്നെ ഈ പാര്‍ട്ടിയില്‍ നിന്നിട്ട് കാര്യമില്ലെന്ന് തോന്നി പുറത്തുവന്നു.
പാര്‍ട്ടിയുടെ മേല്‍ക്കമ്മിറ്റികള്‍ മൂന്നാറിലെ പാര്‍ട്ടി സംവിധാനത്തെയും വിമര്‍ശിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങേണ്ട സ്ഥിതി വന്നതെന്നും നിങ്ങള്‍ അവിടെ എന്ത് ചെയ്യുകയായിരുന്നുവെന്നും പുറത്തുനിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ചോദിക്കാറുണ്ടായിരുന്നു. എന്നിരുന്നാലും മൂന്നാറിലെ പാര്‍ട്ടി സംവിധാനത്തില്‍നിന്നു നീതിലഭിക്കില്ലെന്നുറപ്പായപ്പോഴാണ് പാര്‍ട്ടി വിട്ടത്.
കേരളത്തിലെ ട്രേഡ് യൂനിയനുകളുടെ നിലപാട്?
യൂനിയന്‍ നേതാക്കള്‍ക്ക് അവരുടെ മക്കളുടെ ആവശ്യങ്ങളും അവരുടെ ജീവിതവും. ഇതിനപ്പുറത്ത് യാതൊരുവിധ തൊഴിലാളി താല്‍പര്യങ്ങളും അവര്‍ക്കില്ല. തൊഴിലാളികളുടെ വിയര്‍പ്പില്‍ നിന്നാണ് അവര്‍ ആഹാരം കഴിക്കുന്നത്. മൂന്നാറില്‍ ഒരൊറ്റ തൊഴിലാളി സംഘടനകളും ഇല്ല. ഇവിടെ ഉള്ളതൊന്നും തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സംഘടനകളേ അല്ല. ട്രേഡ് യൂനിയനും രാഷ്ട്രീയക്കാരും ഒറ്റക്കെട്ടാണ്. ട്രേഡ് യൂനിയന്‍ ഇല്ലാതെ രാഷ്ട്രീയക്കാരില്ല. രാഷ്ട്രീയക്കാരില്ലാതെ ട്രേഡ് യൂനിയനും ഇല്ല. എന്നാല്‍ തൊഴിലാളികള്‍ ഇല്ലാതെ ഇവര്‍ രണ്ടും ഇല്ലെന്ന് അവര്‍ മനസിലാക്കിയിട്ടില്ല. സമരത്തിനു ശേഷം തൊഴിലാളികളുടെ ജോലി കൂടിയിട്ടേ ഉള്ളൂ. ഇതൊക്കെ മനസിലാക്കി ജനങ്ങള്‍ തന്നെയാണ് മുന്‍പോട്ടു വരേണ്ടത്. എന്നാലേ പ്രശ്‌നങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാകൂ.
മുതലാളിമാര്‍ നേതാക്കന്മാരെയും, നേതാക്കന്മാര്‍ മുതലാളിമാരെയും അവരവരുടെ അവശ്യങ്ങള്‍ക്കനുസരിച്ച് വേണ്ട പോലെ ഉപയോഗിക്കുകയാണ്. ഇവര്‍ തൊഴിലാളികള്‍ക്ക് എതിരാണ്. പണമുണ്ടാക്കാന്‍ ഏതറ്റംവരെയും അവര്‍ പോകും. എന്തും ചെയ്യാനും മടിക്കാത്തവരാണ്.
മൂന്നാറിലെ അവസ്ഥ ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇനിയുമൊരു സമരത്തിന്റെ സാഹചര്യം തള്ളിക്കളയാന്‍ പറ്റുമോ?
രണ്ടാംഘട്ട സമരം ആവശ്യമാണ്. അതിന് നല്ല ഫീല്‍ഡ് വര്‍ക്ക് വേണം. പക്ഷേ, ഇപ്പോഴത്തെ പ്രതിസന്ധി എനിക്കെവിടെയും പോകാനോ ആരുമായി സംസാരിക്കാനോ പറ്റുന്നില്ല. ഞാന്‍ ഒരു വീട്ടില്‍ കയറിപ്പോയാല്‍ അവിടെ കമ്പനിയുടെ ആള്‍ക്കാരും രാഷ്ട്രീയക്കാരും വന്ന് പ്രശ്‌നമുണ്ടാക്കുകയാണ്. ഇതാണ് സാഹചര്യം. വര്‍ഷങ്ങളായി കൂലി കൂട്ടിയിട്ടില്ല. ബോണസ് ആണെങ്കില്‍ കുറച്ചുകൊണ്ട് വരികയാണ്. ആരുണ്ട് ഇവരോട് ചോദിക്കാന്‍? ഇതൊക്കെ ചോദിക്കുന്ന എനിക്ക് കേസും കേസിന്റെ മുകളില്‍ കേസും. മക്കളെയെല്ലാം മാനസികമായി പീഡിപ്പിക്കുകയാണ്. ഇല്ലാത്ത കേസുകളില്‍ കുടുക്കി മാനസികമായി തളര്‍ത്തുന്നു. ഇളയവന് സ്റ്റേറ്റ് ഫുട്‌ബോള്‍ ടീമില്‍ സെലക്ഷന്‍ കിട്ടേണ്ടതായിരുന്നു. അത് ചിലര്‍ ഇടപ്പെട്ട് ഇല്ലാതാക്കി. സ്ഥിരം പൊലിസിന്റെയും രാഷ്ട്രീയക്കാരുടെയും ഭീഷണിയാണ്. അവരുടെ ലക്ഷ്യം എന്നെ ഇല്ലാതാക്കുക എന്നതാണ്.
താങ്കള്‍ക്കിപ്പോഴും ഭീഷണിയുണ്ടോ?
എല്ലാവര്‍ക്കും എന്നെ പേടിയാണ്. ഞാന്‍ എവിടെ പോയി സംസാരിച്ചാലും ആളുകള്‍ കേള്‍ക്കാന്‍ വരാറുണ്ട്. ഞാന്‍ ഒരു രാഷ്ട്രീയക്കാരന്റെ മകളോ പണക്കാരന്റെ മകളോ അല്ല. സാധാരണ തോട്ടം തൊഴിലാളിയുടെ മകളാണ്. അവരുടെ വേദനയും കഷ്ടപ്പാടും ജീവിതവും എന്താണെന്ന് എനിക്ക് നന്നായി അറിയാം. അത് അനുഭവിച്ചു വളര്‍ന്നവളാണ് ഞാന്‍. ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് തോട്ടം തൊഴിലാളികളെ കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല. എനിക്കതുണ്ട്. കാരണം ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ സമരം ചെയ്തിട്ടുണ്ട്.
ദേവികുളത്ത് താമസിക്കുമ്പോള്‍ എനിക്ക് തീവ്രവാദി ബന്ധമുണ്ട്, മാവോയിസ്റ്റ് ബന്ധമുണ്ട്, എന്നൊക്കെ ആരോപിച്ചിരുന്നു. ഒരു സമരത്തിന് സ്ത്രീ നേതൃത്വം കൊടുക്കുമ്പോള്‍ നിരവധി ആളുകള്‍ കാണാന്‍ വരും. തമിഴ്‌നാട്ടില്‍ നിന്നുവരെ ആളുകള്‍ എത്തിയിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ പറയും തമിഴ് തീവ്രവാദികള്‍ വരുന്നുണ്ടെന്ന്. ദേവികുളത്ത് നിന്ന് കുറെ ആളുകള്‍ സമരത്തില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഇതുമൂലം പ്രശ്‌നമായി. പള്ളിയില്‍ പ്രാര്‍ഥന രണ്ടാക്കണമെന്ന് രാഷ്ട്രീയക്കാര്‍ ആവശ്യപ്പെട്ടു. പൊമ്പിളൈ ഒരുമൈക്കാര്‍ക്ക് ഒരു പ്രാര്‍ഥനയും രാഷ്ട്രീയക്കാര്‍ക്ക് വേറെ പ്രാര്‍ഥനയും വേണമെന്നാണ് ആവശ്യപ്പെട്ടത്.
ഇവിടെ ദലിത് ക്രിസ്ത്യാനികളാണ് കൂടുതലും. ദലിത് എന്താണെന്ന് ആര്‍ക്കും അറിയില്ല. രാഷ്ട്രീയത്തില്‍ വന്ന ശേഷമാണ് എനിക്ക് മനസിലായത്. ഞാന്‍ ഒരു ദലിത് കിസ്ത്യാനിയാണ്. ഞങ്ങള്‍ക്ക് ഒന്നും ലഭിക്കാറില്ല. എസ്.സി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന ഒന്നും ഞങ്ങള്‍ക്ക് ലഭിക്കാറില്ല. എസ്.സി ഫണ്ടുകള്‍ രാഷ്ട്രീയക്കാരുടെ കൈകളിലാണ് എത്താറുള്ളത്. അല്ലാതെ പാവപ്പെട്ട ആളുകള്‍ക്ക് ഒന്നും ലഭിക്കാറില്ല.
(പൊമ്പിളൈ ഒരുമൈ സമരത്തിനു ശേഷം നിരവധി സാമൂഹിക ബഹിഷ്‌കരണങ്ങളും രാഷ്ട്രീയ ആക്രമണങ്ങളും ഗോമതി നേരിട്ടിരുന്നു. വീട് ആക്രമിക്കപ്പെടുകയും ജീവനു തന്നെ ഭീഷണി നേരിടുകയും ചെയ്തിട്ടുണ്ട്. ഗോമതി ഇപ്പോള്‍ താമസിക്കുന്നത് മൂന്നാറില്‍ നിന്നും 40 കിലോ മീറ്റര്‍ അകലെ പൂപ്പാറയിലാണ്)
പെട്ടിമുടിയില്‍ നടന്ന ദുരന്തത്തില്‍ മരിച്ച കുടുംബങ്ങള്‍ ഇപ്പോള്‍ എങ്ങനെയാണ് ജീവിക്കുന്നത്?
കരിപ്പൂര്‍ വിമാന ദുരന്തത്തിനും, പെട്ടിമുടി ദുരന്തത്തിനും കൊടുത്ത നഷ്ടപരിഹാരത്തുകകള്‍ തമ്മിലെ വ്യത്യാസത്തെക്കുറിച്ച്, അതില്‍ പോലും വിവേചനമനുഭവിക്കേണ്ടി വന്ന ജനതയാണ് തോട്ടംതൊഴിലാളികള്‍. ഒരു ഭാഗത്ത് വളരെ പരിഷ്‌കൃതമായ സംരംഭങ്ങള്‍ കൊണ്ടുനടക്കുകയും മറുവശത്ത് വളരെ ചൂഷണാത്മകമായ വ്യവസ്ഥയെ നിലനിര്‍ത്തിപ്പോരുന്നതുമാണ് ഇവിടുത്തെ വികസന മാതൃക.
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്ക് പത്തു ലക്ഷവും, പെട്ടിമുടി ദുരന്തത്തില്‍പെട്ടവര്‍ക്ക് അഞ്ചു ലക്ഷവുമാണ് അനുവദിച്ചത്. ഞാന്‍ ഇതിനെ ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തു. അനുകൂല വിധികിട്ടി. ഇപ്പോള്‍ എട്ടു വീടുകള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണിതു നല്‍കി. ഇത് എന്റെ പോരാട്ടവിജയമാണ്.
കേരളത്തില്‍ ഇടതുഭരണത്തിലെ സ്ത്രീ സുരക്ഷയെകുറിച്ച് എന്താണ് അഭിപ്രായം?
ഇവിടെ പുരോഗമനവാദം പറച്ചില്‍ മാത്രമാണുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാതൊരു സുരക്ഷയുമില്ലെന്നു വാളയാറില്‍ നടന്ന സംഭവം വ്യക്തമാക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ്. കുറ്റവാളികള്‍ക്കൊപ്പം, അവരെ സംരക്ഷിച്ച പൊലിസുകാരെ രക്ഷിക്കുന്ന സര്‍ക്കാരില്‍ നിന്നു നീതി കിട്ടാന്‍ ശക്തമായ സമരം വേണ്ടിവരും. അവരോടൊപ്പം ഞാനും ഉണ്ടാവും. ഒന്‍പതു ദിവസം ഞാന്‍ നിരാഹാരസമരം നടത്തി. സമൂഹമനഃസാക്ഷിയെ ഉണര്‍ത്താന്‍ എല്ലാ അമ്മമാരും മുന്നോട്ടുവരണം. നാളെ നമ്മുടെ മക്കള്‍ക്കും ഈ ഗതി വരാന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."