യു.പിയില്‍ ഇന്ന് നാലാം ഘട്ട വോട്ടെടുപ്പ്; ലഖിംപൂര്‍ ഉള്‍പെടെ 59 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും
ലഖ്നോ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒമ്പതു ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഭരണസിരാകേന്ദ്രമായ ലഖ്നോ, കര്‍ഷക രോഷത്തിന്റെ അടയാളമായി മാറിയ ലഖിംപുര്‍ ഖേരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന റായ്ബറേലി, ബി.ജെ.പിയോട് ഇടഞ്ഞു നില്ക്കുന്ന മേനക ഗാന്ധിയുടെയും മകന് വരുണ്‍ ഗാന്ധിയുടെയും തട്ടകമായ പിലിഭിത്, സമാജ്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ഉന്നാവ്, സിതാപൂര്‍, ഹര്‍ദോയ്, ബന്ദ, ഫത്തേഹ് പൂര് അടക്കമുള്ള ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.
624 സ്ഥാനാര്‍ഥികളാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 2017ലെ തെരഞ്ഞെടുപ്പില്‍ 51ലും ജയിച്ചത് ബി.ജെ.പിയാണ്. ബി.ജെ.പിക്ക് സീറ്റെണ്ണം കുറയുകയാണോ, അതല്ല തോല്‍വി ഏറ്റുവാങ്ങാനാണോ പോകുന്നത് എന്ന കാര്യത്തില്‍ നാലാംഘട്ട വോട്ടെടുപ്പ് നിര്‍ണായകമാണ്.
നിയമസഭ തെരഞ്ഞെടുപ്പിന്റെ അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങള്‍ ഫെബ്രുവരി 27, മാര്‍ച്ച് 3, മാര്‍ച്ച് 7 തീയതികളില്‍ നടക്കും. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."