HOME
DETAILS

മനുഷ്യനെ കണ്ടവരുണ്ടോ..?

  
backup
February 21 2021 | 04:02 AM

654654165-2

ക്ലാസില്‍ പുതുതായി വന്ന അധ്യാപകന്‍ അന്ന് കുട്ടികളോട് ചോദിച്ചു: ''നിങ്ങള്‍ക്ക് ആരാകാനാണു താല്‍പര്യം..?''
ഒരു കുട്ടി പറഞ്ഞു: ഡോക്ടര്‍
മറ്റൊരു കുട്ടി പറഞ്ഞു: കലക്ടര്‍
വേറൊരു കുട്ടി പറഞ്ഞു: വ്യവസായി
ഓരോരുത്തരും അവരവരുടെ സ്വപ്‌നങ്ങള്‍ തുറന്നു പറഞ്ഞു. അക്കൂട്ടത്തില്‍ ഒരു കുട്ടിയുടെ മറുപടി ഏറെ ശ്രദ്ധേയമായി. അവന്‍ പറഞ്ഞു: 'മനുഷ്യന്‍.!'
ഈ മറുപടിക്കു മുന്നില്‍ ക്ലാസ് അല്‍പനേരം നിശ്ശബ്ദമായിപ്പോയി.
മനുഷ്യന്‍..!
പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ പദം.
കോലത്തില്‍ മനുഷ്യരായി അനേകരുണ്ട്. പക്ഷേ, ശീലത്തില്‍ അതായിരിക്കുന്നവര്‍ തുച്ഛം. പട്ടാപകല്‍ റാന്തലുമേന്തി മനുഷ്യനെ തേടി നടന്ന ഡയോജനീസ് കാലത്തോട് കരഞ്ഞു യാചിക്കുന്നത് ഒരു മനുഷ്യനെ കാട്ടിത്തരൂ എന്നാണ്.
സൂഫീ കവി ജലാലുദ്ദീന്‍ റൂമി പാടി:
ദീ ശൈഖ് ബാ ചെറാഗ് ഹമീ ഗശ്ത് ഗെര്‍ദെ ശഹ്ര്‍
കസ് ദീവൊ ദദ് മലൂലം വ ഇന്‍സാനം ആറസൂസ്ത്
ഗുഫ്തന്ത്: ''യാഫ്ത് മീ നശവദ് ജൊസ്‌തെ ഈം മാ''
ഗുഫ്ത്: ''ആന്‍കെ യാഫ്ത് മീ നശവദ് ആനം ആറസൂസ്ത്''


(വിളക്കുമേന്തി പട്ടണത്തിനു ചുറ്റും ചുറ്റിനടക്കുകയായിരുന്നു ഇന്നലെ ഗുരു. അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്: വന്യജന്തുക്കളെയും പിശാചുക്കളെയും മടുത്തിരിക്കുന്നു. മനുഷ്യനെയാണു ഞാന്‍ തേടുന്നത്. അവര്‍ പറഞ്ഞു: അവനെ കണ്ടെത്താനാവില്ല. ഞങ്ങളും അന്വേഷിച്ചതാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു: കണ്ടെത്തപ്പെടാത്ത അവനെ തന്നെയാണു ഞാന്‍ തേടുന്നത്.)


നിധികുംഭം ലഭിക്കുന്നത് മഹാഭാഗ്യമാണെന്നു നിങ്ങള്‍ പറയുന്നു. അധികാരച്ചെങ്കോല്‍ കൈയ്യിലെത്തുന്നത് മഹത്തായ കാര്യമാണെന്നു നിങ്ങള്‍ വാദിക്കുന്നു. സമ്പത്ത് യഥേഷ്ടമുണ്ടാകുന്നത് അഭിമാനാര്‍ഹമായി നിങ്ങള്‍ കാണുന്നു. ഉയര്‍ന്ന ജോലിയിലിരിക്കുന്നത് ജീവിതം ഭാസുരമാക്കുമെന്നു നിങ്ങള്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഈ ലോകത്തെ ഏറ്റവും വലിയ നേട്ടം എന്തെന്നു പറയട്ടെയോ..?
'ഒരു മനുഷ്യനെ ലഭിക്കുന്നതാണ് നേട്ടങ്ങളില്‍വച്ചേറ്റം വലിയ നേട്ടം...!'
ഒരു മനുഷ്യന്‍ വരുന്നുണ്ട്; ഞാന്‍ തുണിയുടുക്കട്ടെ എന്ന് മുന്‍പ് ഒരു ഗുരു തന്റെ ചുറ്റിലുമുള്ളവരോട് പറഞ്ഞ കഥ കേട്ടിട്ടില്ലേ.
നിധി കിട്ടിയാല്‍ നിങ്ങള്‍ക്ക് ജീവിതം അടിച്ചുപൊളിക്കാം. ഒരു മനുഷ്യനെ കിട്ടിയാല്‍ ജീവിതം ലാഭകരമാക്കാം. നിധി നിങ്ങളെ നയിക്കില്ല, നിങ്ങള്‍ നിധിയെ നയിക്കണം. 'മനുഷ്യനെ' നിങ്ങള്‍ നയിക്കേണ്ടതില്ല, അവന്‍ നിങ്ങളെ നയിച്ചു കൊള്ളും. അവന്റെ വഴിയെ നടക്കുക മാത്രം ചെയ്താല്‍ മതി. അവനെ അനുസരിക്കേണ്ടതില്ല, അനുകരിച്ചാല്‍ മതി. അവന്‍ ഒന്നും പറയേണ്ടതില്ല, പറയാതെ തന്നെ അവനില്‍നിന്നു പലതും നിങ്ങള്‍ക്ക് പകര്‍ത്തിയെടുക്കാം. അവന്റെ മുഖത്തേക്കു നോക്കുന്നതു പോലും പുണ്യം. അവന്റെ മുന്നിലാണല്ലോ മാലാഖമാര്‍ പോലും സാഷ്ടാംഗം നമിച്ചത്. അവനില്‍നിന്നു പ്രസരിക്കുന്ന പ്രകാശം തിന്മയുടെ ഇരുളുകളെ അകറ്റിനിറുത്താന്‍ പര്യപ്തമായിരിക്കും. ഒരു സമൂഹത്തില്‍ 'മനുഷ്യന്‍' ഉണ്ടെങ്കില്‍ ആ സമൂഹം വഴിപിഴക്കാന്‍ സാധ്യത കുറവാണ്.


ഒരാള്‍ എത്രത്തോളം മനുഷ്യനാകുന്നുവോ അത്രത്തോളം അയാള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും. മാലാഖമാരെ പോലും പിന്നിലാക്കുന്ന തലത്തിലേക്കായിരിക്കും ആ ഉയര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുക. ഒരാള്‍ എത്രത്തോളം മനുഷ്യത്വരഹിതനാകുന്നുവോ അത്രത്തോളം അയാള്‍ താഴ്ന്നുകൊണ്ടിരിക്കും. മൃഗങ്ങളെപോലും പിന്നിലാക്കുന്ന തലത്തിലേക്കായിരിക്കും ആ താഴ്ച സംഭവിച്ചുകൊണ്ടിരിക്കുക.
മനുഷ്യനാവുകയാണ് ആദ്യം വേണ്ടത്. എന്നിട്ടു മതി മറ്റേതു സ്വപ്‌നങ്ങളും. മനുഷ്യനാകാതെ മറ്റെന്തായിട്ടും കാര്യമില്ല. രോഗിക്കുവേണ്ടത് കേവലം ഒരു ഡോക്ടറെയല്ല, മനുഷ്യനായ ഡോക്ടറെയാണ്. മനുഷ്യത്വം മരവിച്ച ഡോക്ടര്‍ രോഗിയുടെ രക്ഷകനല്ല, അന്തകനായി മാറാനാണു സാധ്യത. വിദ്യാര്‍ഥികള്‍ക്കു വേണ്ടത് കേവലം ഒരു അധ്യാപകനെയല്ല, മനുഷ്യനായ അധ്യാപകനെയാണ്. മനുഷ്യത്വമില്ലാത്ത അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ മൃഗമായി പരിണമിക്കും. പൗരന്മാര്‍ക്കുവേണ്ടത് കേവലം ഒരു ഭരണാധികാരിയെയല്ല, മനുഷ്യനായ ഭരണാധികാരിയെയാണ്. മനുഷ്യത്വമില്ലാത്ത ഭരണാധികാരി കൊമ്പുകള്‍ മുളച്ച, തേറ്റകള്‍ നീണ്ട ഹിംസ്രജന്തുവായിരിക്കും.


വിദ്യാഭ്യാസത്തിന്റെ കാതലായ ലക്ഷ്യം 'മനുഷ്യനെ' നിര്‍മിക്കലായിരിക്കണം. കലാലയങ്ങളില്‍നിന്നു പുറത്തിറങ്ങുന്നത് വിദ്യാസമ്പന്നരായ 'മൃഗങ്ങളാ'ണെങ്കില്‍ അവര്‍ക്കു നല്‍കപ്പെട്ട വിദ്യാഭ്യാസം പുനഃപരിശോധിക്കപ്പെടണം. അല്ലെങ്കില്‍ അവര്‍ക്കു വിദ്യ പകര്‍ന്നു കൊടുത്തവര്‍ 'മനുഷ്യര്‍' തന്നെയാണോ എന്ന അന്വേഷണം നടത്തണം. നിയമങ്ങള്‍ മനുഷ്യരെ മൃഗങ്ങളായി മാറുന്നതില്‍നിന്നു തടയാനുള്ളതാണ്. നിയമങ്ങള്‍ തന്നെ മനുഷ്യരെ മൃഗങ്ങളാക്കുന്നുവെങ്കില്‍ ആ നിയമങ്ങള്‍ തീര്‍ച്ചയായും ലംഘിക്കപ്പെടേണ്ടതുണ്ട്. മനുഷ്യനില്‍ മനുഷ്യത്വം നഷ്ടപ്പെടുമ്പോഴാണ് അസ്പൃശ്യത കല്‍പിക്കപ്പെടുന്ന മൃഗങ്ങളുടെ പേരുകളില്‍ അവന്‍ അഭിസംബോധന ചെയ്യപ്പെടുന്നത്.
മനുഷ്യര്‍ ഇല്ലാത്ത ലോകത്ത് ഹിംസ്രജന്തുക്കളുടെ വിളയാട്ടമായിരിക്കും. നാം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധി കാട്ടിലെ മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതല്ല, നാട്ടിലെ മനുഷ്യര്‍ കാട്ടിലെ മൃഗങ്ങളായി മാറുന്നതാണ്. പരിഹാരം ഒന്നേയുള്ളൂ, മനുഷ്യനാവുക. മനുഷ്യന്‍ തോല്‍ക്കുകയില്ല, തോല്‍ക്കുക, മൃഗമായി മാറിയ മനുഷ്യന്‍ മാത്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago