എന്തിനും 'മുതിര്‍ന്ന' ഈ ശ്രീധരന്‍മാര്‍
മലതുരന്ന് റെയില്‍പാളമിടുന്നതിലും പാലത്തിനു മുകളില്‍ മെട്രോ റെയില്‍പാളം ഘടിപ്പിക്കുന്നതിലും മാത്രമല്ല എന്‍ജിനീയര്‍ ഇ. ശ്രീധരന് വൈദഗ്ദ്ധ്യമുള്ളത്. ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്ന് നോട്ടിരട്ടിപ്പിക്കല്‍ പോലെ അവരുടെ വോട്ട് ഇരട്ടിപ്പിച്ചു കൊടുക്കാനും എം.എല്‍.എയാകാനും മന്ത്രിയാകാനും വേണ്ടിവന്നാല്‍ മുഖ്യമന്ത്രി തന്നെയാകാനുമൊക്കെ അദ്ദേഹത്തിനു സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ എന്തു പണിക്കും ശ്രീധരന്‍ മിടുക്കനാണ്.
അതിലാര്‍ക്കും സംശയമുണ്ടാകുമെന്നു തോന്നുന്നില്ല. അദ്ദേഹം തന്നെ അതു പറയുമ്പോള്‍ പിന്നെന്തിന് സംശയം. നാടു നന്നാക്കാനാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്നും അതോടെ ഒരുപാടാളുകള്‍ പാര്‍ട്ടിയിലേക്കു വന്ന് പാര്‍ട്ടിയുടെ വോട്ട് ഇരട്ടിക്കുമെന്നും തനിക്കു നല്ല ഇമേജുണ്ടെന്നും താന്‍ വന്നാല്‍ ബി.ജെ.പിയുടെ ഇമേജ് തന്നെ മാറുമെന്നും പാര്‍ട്ടി തനിക്ക് മത്സരിക്കാന്‍ സീറ്റ് തരുമെന്ന് ഉറപ്പാണെന്നും മുഖ്യമന്ത്രിയാകണമെങ്കില്‍ അതിനും തയാറാണെന്നുമൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ഇതില്‍ ഇമേജിന്റെ കാര്യം നൂറു ശതമാനം സത്യമാണ്. എന്താണ് ബി.ജെ.പിയുടെ ഇന്നത്തെ ഇമേജെന്ന് നാട്ടുകാര്‍ക്കൊക്കെ അറിയാമല്ലോ. സീറ്റിന്റെ കാര്യവും അങ്ങനെ തന്നെ. അലി അക്ബറിനു പോലും സീറ്റ് കൊടുത്ത പാര്‍ട്ടിക്ക് ശ്രീധരനു സീറ്റ് കൊടുക്കാന്‍ മടി കാണില്ലല്ലോ.
മുഖ്യമന്ത്രിയാകാന്‍ ആരെയും കിട്ടാതെ വിഷമിക്കുന്ന കേരളത്തെ ആ കഠിനദൗത്യം ഏറ്റെടുത്ത് രക്ഷിക്കാന്‍ ഒരാള്‍ വന്നാല്‍ എന്തിനു തടയണം. പിന്നെ ശ്രീധരന് 88 വയസ്സായെന്നും ഏറെ മുതിര്‍ന്ന പൗരനാണെന്നുമൊക്കെ പറഞ്ഞ് ചിലര്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. അതിലും കാര്യമില്ല. എന്തിനും മുതിര്‍ന്നവര്‍ക്ക് പ്രായത്തിന്റെ മാത്രം സാങ്കേതികക്കണക്ക് ഒരു തടസ്സമല്ല.
ഇങ്ങനെ നാടിന്റെ നന്മയ്ക്കായി സ്വയംസമര്‍പ്പിക്കാന്‍ ഒട്ടും മടിയില്ലാത്ത സെലിബ്രിറ്റികള്‍ വേറെയുമുള്ളത് ഈ നാടിന്റെ മഹാഭാഗ്യം തന്നെയാണ്. അവരുടെ കൂട്ടത്തില്‍ എടുത്തുപറയേണ്ടയാളാണ് നടന്‍ കെ.ബി ഗണേഷ്‌കുമാര്‍. രാഷ്ട്രീയം കുടുംബത്തൊഴിലായതുകൊണ്ടുള്ള പരിചയം കാരണമാവാം മന്ത്രിപ്പണിയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഒരിക്കല്‍ ഇടയ്ക്കുവച്ച് മന്ത്രിസ്ഥാനം നഷ്ടമായത് ഭരണമികവിന്റെ കുറവുകൊണ്ടൊന്നുമല്ല, മറ്റു ചില കാര്യങ്ങളില്‍ മികവ് കൂടിപ്പോയതുകൊണ്ടു മാത്രമാണ്.
അതുപോലെ നടന്‍മാരായ മുകേഷ്, ഇന്നസെന്റ്, സുരേഷ് ഗോപി, ആദര്‍ശധീരനായ ഉദ്യോഗസ്ഥപ്രമുഖനായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും രാഷ്ട്രീയരംഗത്തു നല്‍കിയ സംഭാവനകള്‍ വലുതാണ്. എം.എല്‍.എ ആയിരിക്കെ കണ്ണന്താനം നിയമസഭയില്‍ പ്രസംഗിച്ചിരുന്നതു തന്നെ തന്റെ മികവുകള്‍ വര്‍ണിച്ചായിരുന്നു. രാഷ്ട്രീയത്തില്‍ താന്‍പോരിമ വിവരണത്തിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് കേരളത്തിനു കാട്ടിത്തന്നത് അദ്ദേഹമാണ്. ഒരു നിയമസഭയിലൊന്നും ഒതുങ്ങേണ്ടതല്ല തന്റെ രാഷ്ട്രസേവനമെന്നു തിരിച്ചറിഞ്ഞാണ് അദ്ദേഹം ഇടതുമുന്നണിയുടെ എം.എല്‍.എ പദവിയുടെ കാലാവധി തീരുന്നതിനു മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്ന് പിന്നീട് കേന്ദ്രമന്ത്രിയായത്. കടലാസില്‍ എഴുതിക്കൊണ്ടുവരുന്നത് നിയമസഭയില്‍ ഭംഗിയായി വായിച്ച് സ്‌ക്രിപ്റ്റിനു പുറത്ത് കൂടുതലൊന്നും പറയാതെ മാതൃക കാട്ടിയയാളാണ് മുകേഷ്. ഇന്നസെന്റ് ലോക്‌സഭയില്‍ നന്നായി ഹാസ്യം പറഞ്ഞതായും കേട്ടിട്ടുണ്ട്. പൊലിസ് കമ്മിഷണര്‍ ശൈലിയില്‍ സുരേഷ് ഗോപി ബി.ജെ.പിക്കു വേണ്ടി തൃശൂര്‍ ലോക്‌സഭാമണ്ഡലം 'ഇങ്ങെടുക്കാന്‍' ഇറങ്ങിപ്പുറപ്പെട്ടതും കേരളം കണ്ടു. ഇതിലപ്പുറം എന്തു സേവനമാണ് ഇവര്‍ നാടിനു ചെയ്യേണ്ടത്.
അവിടെയും തീര്‍ന്നിട്ടില്ല രാഷ്ട്രസേവന സന്നദ്ധരായ സെലിബ്രിറ്റികളുടെ കടന്നുവരവ്. ചലച്ചിത്ര താരങ്ങളായ ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, അഭിനയജീവിതത്തിന്റെ സിംഹഭാഗവും ഇടവേളയായിപ്പോയ ബാബു എന്നിവരൊക്കെ കോണ്‍ഗ്രസിന്റെ പോരാളികളായി ഇറങ്ങുന്നുണ്ട്. നേരത്തെ തന്നെ കോണ്‍ഗ്രസിനായി ഗോദയിലിറങ്ങിയ ജഗദീഷ് വേറെയുമുണ്ട്. ഇനിയും പല പാര്‍ട്ടികളിലേക്കും പലരും വരാനുമുണ്ട്. ഇങ്ങനെ എന്തിനും മുതിര്‍ന്ന സെലിബ്രിറ്റികളെല്ലാം ചേര്‍ന്ന് നാടങ്ങ് നന്നാക്കട്ടെ.
താല്‍ക്കാലിക വിപ്ലവ നായകന്റെ മൊഴിമുത്തുകള്‍
സര്‍ക്കാര്‍ തസ്തികകളിലെന്നപോലെ രാഷ്ട്രീയ കക്ഷികളുടെ തസ്തികകളിലും ചില സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക നിയമനം വേണ്ടിവരും. കെ.പി.സി.സി പ്രസിഡന്റ് തസ്തികയില്‍ തെന്നല ബാലകൃഷ്ണപിള്ള, എം.എം ഹസന്‍ തുടങ്ങിയ പ്രമുഖര്‍ താല്‍ക്കാലികക്കാരായി പണിയെടുത്തിട്ടുണ്ട്. ഈ തസ്തികയില്‍ സ്ഥിരനിയമനം കിട്ടിയ കെ. മുരളീധരന്‍ അവിടെ അധികകാലം ഇരിക്കാതെ പണി രാജിവച്ച് പിതാവ് കെ. കരുണാകരന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പാര്‍ട്ടിയിലെ തത്തുല്യ തസ്തികയില്‍ പ്രവര്‍ത്തിച്ച ചരിത്രവുമുണ്ട്.
മറ്റു പാര്‍ട്ടികളിലും നടക്കാറുണ്ട് താല്‍ക്കാലിക നിയമനങ്ങള്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സര്‍വിസിലെന്നതുപോലെ തന്നെ സി.പി.എമ്മിന് ഒരു നയമുണ്ട്. താല്‍ക്കാലിക നിയമനം നല്‍കുന്നവര്‍ പണിക്കു കൊള്ളാവുന്നവരാണെന്നു കണ്ടാല്‍ അവര്‍ക്ക് സ്ഥിരനിയമനം നല്‍കും. ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി തസ്തികയില്‍ താല്‍ക്കാലിക നിയമനം കിട്ടിയ പിണറായി വിജയന്‍ പിന്നീട് സ്ഥിരപ്പെട്ടു. ഇപ്പോള്‍ അവിടെയിരിക്കുന്ന എ. വിജയരാഘവനും താല്‍ക്കാലിക നിയമനത്തില്‍ എത്തിയതാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ പണിക്കു പുറമെയാണിത്. എന്നാല്‍ സെക്രട്ടറി തസ്തികയില്‍ അദ്ദേഹം സ്ഥിരപ്പെടില്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
പണിയെടുക്കാത്തതുകൊണ്ടൊന്നുമല്ല വിജയരാഘവനെ സ്ഥിരപ്പെടുത്താതിരിക്കുന്നത്. അദ്ദേഹം നന്നായി പണിയെടുക്കുന്നുണ്ട്. കൂട്ടത്തില്‍ പാര്‍ട്ടിക്ക് ഇടക്കിടെ പണികൊടുക്കുന്നതാണ് പ്രശ്‌നം. കുറച്ചുകാലമായി അദ്ദേഹം വാതുറന്നാല്‍ പുറത്തുവരുന്നത് ശത്രുക്കള്‍ക്ക് മൊഴിമുത്തുകളാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് തുടങ്ങിയതാണത്. എന്തൊക്കെ അടിയൊഴുക്കുണ്ടായാലും എല്‍.ഡി.എഫ് വിജയിക്കുമെന്ന് പലരും പ്രതീക്ഷിച്ച ചുരുക്കം ചില മണ്ഡലങ്ങളിലൊന്നായിരുന്നു ആലത്തൂര്‍. അവിടെ കോണ്‍ഗ്രസ് രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കി. രമ്യ അവിടെ പെങ്ങളുട്ടിയായി പാട്ടുപാടി വോട്ടുപിടുത്തം തുടങ്ങിയപ്പോള്‍ വിജയരാഘവന്‍ ഒരു കിടിലന്‍ പ്രസ്താവന നടത്തി. അതങ്ങ് കത്തിപ്പടര്‍ന്നു. വോട്ടെണ്ണിയപ്പോള്‍ രമ്യയ്ക്ക് അവര്‍ പോലും പ്രതീക്ഷിക്കാത്ത വിജയം. പെങ്ങളുട്ടി ഈ വല്യേട്ടനെ എപ്പോഴും നന്ദിയോടെ സ്മരിക്കാറുണ്ടെന്നാണ് കേള്‍ക്കുന്നത്.
അവിടെയും നിന്നില്ല വിജയരാഘവചരിതം. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സാധാരണ ചെയ്യുന്നതുപോലെ അവരുടെ സഖ്യകക്ഷിയായ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട്ടു പോയി കണ്ടു. ഉടന്‍ തന്നെ വിജയരാഘവന്റെ പ്രസ്താവന വന്നു. മതമൗലികവാദികളുടെ പിന്തുണ തേടിയാണ് പാണക്കാട്ടു പോയതെന്ന്. അതും വിവാദമായപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പലതും പറഞ്ഞ് പിടിച്ചുനില്‍ക്കേണ്ടിവന്നു. സമാനമായ വചനങ്ങള്‍ അദ്ദേഹം വീണ്ടും തുടര്‍ന്നു. അതില്‍ ഏറ്റവുമൊടുവില്‍ പറഞ്ഞത് അതിഗംഭീരം. നാട്ടില്‍ ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമെന്ന്.
നാട്ടില്‍ ബി.ജെ.പി മാത്രം പറയുന്നൊരു കാര്യമാണ് വിജയരാഘവനെന്ന ധീരവിപ്ലവകാരി പറഞ്ഞുകളഞ്ഞത്. അതും രാജ്യത്ത് ഹിന്ദുത്വ ഫാസിസം വളര്‍ന്നു പടര്‍ന്ന് പന്തലിച്ച് താണ്ഡവമാടുന്ന ഒരു പ്രത്യേക സാഹചര്യത്തില്‍. മാത്രമല്ല നിയമസഭാ തെരഞ്ഞടുപ്പ് മുന്നിലെത്തി നില്‍ക്കുന്നൊരു സാഹചര്യത്തിലും. കേരളത്തില്‍ സൂക്ഷിച്ചു തൊട്ടില്ലെങ്കില്‍ കൈപൊള്ളുന്നതാണ് സാമുദായിക വിഷയങ്ങള്‍. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയും മുസ്‌ലിംകളുടെ പ്രത്യേക സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്തും ചില സന്ദര്‍ഭങ്ങളില്‍ തീവ്രചിന്തയുള്ള മുസ്‌ലിംകളെ താലോലിച്ചുമൊക്കെ പാര്‍ട്ടി നേതാക്കള്‍ കഷ്ടപ്പെട്ട് സ്വരൂപിച്ചെടുത്ത കുറെ മുസ്‌ലിം സാമുദായിക വോട്ടുകളില്‍ ഇത്തിരിയെങ്കിലും ചോര്‍ന്നുപോകാന്‍ ഈ വിജയരാഘവവചനം മതിയാകും. എന്തിനാണ് കുറെ കുട്ടികള്‍, ഒരു കുട്ട്യസ്സന്‍ പോരേ തറവാടു നാറ്റിക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."