വിശ്വാസ്യതയില്ലാത്ത രേഖകള്‍ ഹാജരാക്കുന്നത് ചെന്നിത്തലയുടെ കൈത്തൊഴില്‍; ആരോപണങ്ങള്‍ തള്ളി എ വിജയരാഘവന്‍
തിരുവനന്തപുരം:ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി സി.പി.എം ആക്ടിങ് സെക്രട്ടറി രമേശ് ചെന്നിത്തല. എന്തെങ്കിലും ഒരു കടലാസ് കാട്ടി ആരോപണമുന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിലാണെന്ന് വിജയരാഘവന്‍ പറഞ്ഞു.
ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വിശ്വാസ്യത വേണമെന്ന് ചെന്നിത്തലയ്ക്ക് നിര്‍ബന്ധമില്ല. പ്രളയകാലത്തും കൊവിഡ് കാലത്തും അദ്ദേഹം അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നമ്മള്‍ കണ്ടതാണ്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം ആരോപണങ്ങളുണ്ടാവും. ചെന്നിത്തല പൂജ്യം കണക്കില്ലാതെ കൂട്ടി ആരോപണം ഉന്നയിക്കുകയാണ്. ചെന്നിത്തലയെ കണക്ക് പഠിപ്പിച്ച അധ്യാപകനെ താന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിജയരാഘവന്‍ പരിഹസിച്ചു.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് സര്‍ക്കാരിന് ഒരു നയമുണ്ട്. മുഖ്യമന്ത്രി അക്കാര്യം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഇടതുപക്ഷം കാണിച്ച ആത്മാര്‍ഥത തീരദേശത്ത് ദൃശ്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു.
വോട്ടോ സീറ്റോ നോക്കാതെ ആര്‍എസ്എസിന്റെ ഹിന്ദു വര്‍ഗീയതയ്ക്കെതിരെ പോരാടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. ആ നിലപാടെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."