വൈദ്യുതി ബോർഡിന്റെ വിവാദ ഭൂമി കൈമാറ്റം കരാർ ഒപ്പിട്ടത് അധികാരമില്ലാത്ത ഉദ്യോഗസ്ഥൻ
ബാസിത് ഹസൻ
തൊടുപുഴ
മുൻ മന്ത്രി എം.എം മണിയുടെ മരുമകൻ പ്രസിഡന്റായ സഹകരണ സംഘത്തിനടക്കം ഭൂമി നൽകിയ കൈമാറ്റ കരാറിൽ ഒപ്പിട്ടത് അധികാരമില്ലാത്ത ഉദ്യോഗസ്ഥൻ. വൈദ്യുതി ബോർഡിന്റെ കൈവശമുള്ള ഭൂമിയുടെ കസ്‌റ്റോഡിയൻ ജനറേഷൻ, ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എൻജിനീയർമാരാണെന്നിരിക്കെ സഹകരണ സംഘങ്ങളുമായുള്ള കരാറിൽ ഒപ്പിട്ടത് ഹൈഡൽ ടൂറിസം ഡയരക്ടറായിരുന്ന കെ.ജെ ജോസാണ്. അതിനാൽതന്നെ കരാറിന് നിയമസാധുതയില്ലെന്നാണ് വിലയിരുത്തൽ.
സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ പോലും എതിർത്തിട്ടും മന്ത്രിയായിരുന്ന എം.എം മണിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് കെ.ജെ ജോസിനെ ഹൈഡൽ ടൂറിസം ഡയരക്ടറായി നിയമിച്ചത്. അസി. എക്‌സി. എൻജിനീയറായ ഇദ്ദേഹത്തെ ഡയരക്ടർ സ്ഥാനത്ത് നിയമിച്ചത് അന്നുതന്നെ വിവാദമായിരുന്നു. ഓഫിസേഴ്‌സ് അസോസിയേഷൻ നേതാവ് എം.ജി സുരേഷ് കുമാറിനെ നീക്കിയാണ് കെ.ജെ ജോസിനെ നിയമിച്ചത്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ നരേന്ദ്രനാഥ് വെളൂരിയാണ് നിലവിൽ ഹൈഡൽ ടൂറിസം ഡയരക്ടർ.2019 ലാണ് പൊന്മുടി, ആനയിറങ്കൽ, മൂന്നാർ, മാട്ടുപ്പെട്ടി, ചെങ്കുളം, കല്ലാർകുട്ടി, ബാണാസുരസാഗർ എന്നിവിടങ്ങളിൽ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ സഹകരണ സംഘങ്ങൾക്കും ചാരിറ്റബിൾ സൊസൈറ്റികൾക്കും കരാർ നൽകിയത്. പൊൻമുടി ഡാം ഭൂമിയുടെ കസ്റ്റോഡിയൻ കല്ലാർകുട്ടി ജനറേഷൻ ഡിവിഷൻ എക്‌സി.എൻജിനീയറാണ്. കല്ലാർകുട്ടി ഡാമും ഇദ്ദേഹത്തിന് കീഴിലാണ്. മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളുടേത് ചിത്തിരപുരം ജനറേഷൻ ഡിവിഷൻ എക്‌സി. എൻജിനീയറും ആനയിറങ്കൽ ഡാം, പാംബ്ല ഡാം സേഫ്റ്റി ഡിവിഷൻ എക്‌സി. എൻജിനീയറുടെ കീഴിലുമാണ്. ഇതിൽ വൈദ്യുതി ബോർഡ് കരം അടയ്ക്കുന്നത് ആനയിറങ്കലിലെ ഭൂമിക്ക് മാത്രമാണ്. മറ്റുള്ളവയെല്ലാം റവന്യു വകുപ്പ് കരമടക്കുന്ന ഭൂമിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."