ഞാന്‍ ഇനിയും ഉറക്കെ വിളിച്ചുപറയും രാജ്യത്തിന്റെ ബഹുസ്വരത തകരാതിരിക്കട്ടെ
അയിഷ സുല്‍ത്താന/
ഫൈസല്‍ കോങ്ങാട്
യിഷ സുല്‍ത്താനയെ കാണാന്‍ യാത്ര തിരിക്കുമ്പോള്‍ അവരോടു സംസാരിക്കുകയെന്നതിലുപരി അയിഷയെ പഠിക്കുകയായിരുന്നു ലക്ഷ്യം. ലക്ഷദ്വീപ് സമരങ്ങളിലെ വിവാദ നായികയാണ്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ നടപടികള്‍ക്കെതിരേ നടത്തിയ പ്രതിഷേധത്തിനിടെ അപ്രതീക്ഷിതമായി ഉതിര്‍ന്നുവീണൊരു വാക്കിന്റെ പേരില്‍ നാളുകളോളം വേട്ടയാടപ്പെട്ട യുവതികൂടിയാണ് അയിഷ. അതുകൊണ്ടുതന്നെ മുന്‍വിധികളൊന്നുമില്ലാതെയാണ് അയിഷയെ കണ്ടത്.
മുഖവുരയില്‍ തന്നെ ലക്ഷദ്വീപ് സമരം കടന്നുവന്നു. ആദ്യമായി കാണുന്നൊരാളോടുള്ള അകല്‍ച്ചയൊന്നുമില്ലാതെ അയിഷ തന്നെക്കുറിച്ചും തന്റെ നിലപാടുകളും കാഴ്ചപ്പാടുകളുമെല്ലാം ഒരു സ്‌കൂള്‍കുട്ടിയുടെ ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു. ദ്വീപിന്റെ സമരനായികയ്ക്ക് കൃത്യമായ കാഴ്ചപ്പാടുകളുണ്ട്. നിലപാടുകളും. അതിനേക്കാളേറെ രാജ്യത്തിന്റെ നഷ്ടപ്പെടുന്ന പൈതൃകത്തെക്കുറിച്ചും, വര്‍ത്തമാനകാലത്തിരുന്ന് ഭൂതകാലത്തെ വരക്കുന്ന സാങ്കല്‍പ്പിക ചരിത്രങ്ങളെക്കുറിച്ചും. തിരിമുറിയാത്ത കര്‍ക്കിടക മഴപോലെ അയിഷ സംസാരിച്ചുകൊണ്ടിരിക്കെ ഞാന്‍ ഇടക്ക് കയറി ചോദിച്ചു. അയിഷയെ ഇപ്പോള്‍ അലട്ടുന്ന പ്രധാന പ്രശ്‌നമെന്താണ്.
ചിരിച്ചുകൊണ്ടവര്‍ പറഞ്ഞു. 'രാജ്യത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബഹുസ്വരത. സ്‌നേഹവും പരസ്പര വിശ്വാസവും പ്രതിപക്ഷ
ബഹുമാനവുമുള്ള നമ്മുടെ നാടിന്റെ പൈതൃകം ഇല്ലാതാകുന്നത്'. കണ്ണുകളില്‍ നിരാശയും പ്രതിഷേധവും തിരയടിക്കുന്നു. അയിഷ പറഞ്ഞുകൊണ്ടേയിരുന്നു. രാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷതയായ ബഹുസ്വരത ക്ഷയിച്ചുകൊണ്ടിരിക്കുന്നുവെന്നത് നാടിനേയും പാരമ്പര്യത്തേയും സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും ആശങ്കയുളവാക്കുക സ്വാഭാവികമാണ്. അതിനെക്കാളേറെ ഭയപ്പെടുത്തുന്നത് രാജ്യത്തിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് വിളിച്ചുപറയുന്നവരുടെ സ്ഥിതിയാണ്. രാജ്യത്തെ ഒറ്റുകൊടുത്തവരോടുപോലും കാണിക്കാത്ത അസഹിഷ്ണുതയും ശത്രുതയും അതിനെയൊക്കെ മറികടക്കുന്ന അപവാദ പ്രചാരണവും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരോട് പ്രകടിപ്പിക്കുന്നു. സഹസ്രാബ്ദങ്ങളുടെ ഇന്ത്യന്‍ ചരിത്രത്തില്‍ നാനാജാതി മതസ്ഥര്‍ക്കും ഇടമുണ്ട്. പിന്നീട് അധിനിവേശം നടത്തിയ ബ്രിട്ടിഷുകാര്‍ ഈ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചു. ഭാരതീയസംസ്‌കാരത്തിന്റെ പ്രത്യേകത അത് ആദിമകാലം തൊട്ടു ബഹുസ്വരതയെ പ്രോത്സാഹിപ്പിച്ചുവെന്നതാണ്.
ആര്യസംസ്‌കാരം മുതല്‍ ക്രിസ്തുമതവും ഇസ്‌ലാമും വരെയുള്ള നിരവധി മതങ്ങളും സംസ്‌കാരങ്ങളും എങ്ങനെയാണ് ഇന്ത്യയിലേക്കു കടന്നുവന്നു പടര്‍ന്നുപന്തലിച്ചതെന്നു ചരിത്രകാരന്‍മാര്‍ വിശദമായി പറഞ്ഞുവച്ചിട്ടുണ്ട്. ഇന്ത്യക്കകത്തു രൂപംകൊണ്ട ജൈന, ബുദ്ധ, സിഖ്
മതങ്ങളുടെ പിറവിയും വളര്‍ച്ചയും വ്യാപനവും സംബന്ധിച്ചും വിശദമായ പഠനങ്ങളുണ്ടായിട്ടുണ്ട്. ഇതിനിടയില്‍ ദൈവനിഷേധികളായ ചാര്‍വാകന്‍മാരുടെ സജീവസാന്നിധ്യത്തെക്കുറിച്ചും ചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഭരണാധികാരം വ്യാപിപ്പിക്കാനുള്ള പടപ്പുറപ്പാടിന്റെ ഭാഗമായി എല്ലായിടത്തും സംഭവിച്ചപോലെ രക്തംചൊരിയലുകള്‍ ഇന്ത്യയിലും നടന്നിട്ടുണ്ടെങ്കിലും മതപ്രചാരണവുമായി ബന്ധപ്പെട്ട ലഹളകളും തടസ്സവാദങ്ങളും ഒരിക്കലുമുണ്ടായിരുന്നില്ലെന്നതാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രത്യേകത. പില്‍ക്കാലത്ത് ബുദ്ധ, ജൈനമതങ്ങളുടെ അതിബൃഹത്തായ സ്വാധീനം ചെറുക്കാനും ആ മതങ്ങളെ ഇല്ലായ്മചെയ്യാനും നടന്ന ഹീനമായ കൂട്ടക്കുരുതികള്‍ മാത്രമാണു ചരിത്രത്തിന്റെ ഏടുകളില്‍ മതങ്ങളെ അടിച്ചമര്‍ത്തുന്നതുമായി ബന്ധപ്പെട്ടു കാണാനാകുന്നത്. സഞ്ചാരീഗോത്രമായിരുന്ന ആര്യന്‍മാര്‍ ബാബിലോണിയയില്‍നിന്നാണു സപ്തസിന്ധു പ്രദേശത്ത് (സിന്ധുദേശവും പഞ്ചാബും അടങ്ങിയ പ്രദേശം) എത്തിയതെന്നും അക്കാലത്ത് ആ പ്രദേശത്തെ ഭരണം ദാസന്‍മാരുടെ കൈകളിലായിരുന്നെന്നും ധര്‍മാനന്ദ കോസാബിയെപ്പോലുള്ളവര്‍ പറയുന്നു.
ഇവിടെയെല്ലാം നാം കാണുന്നത് പുതുതായി വരുന്ന ഏതു സംസ്‌കാരത്തെയും ഇരുകൈയും നീട്ടി സ്വീകരിച്ച ഭാരതത്തിന്റെ പാരമ്പര്യത്തെയാണ്. ആര്യാധിനിവേശത്തിനു ശേഷം ചാതുര്‍വര്‍ണ്യം പോലുള്ള സാമുദായികമായ ഉച്ചനീചത്വങ്ങള്‍ പലതും സംഭവിച്ചിട്ടുണ്ടെങ്കിലും ഭാരതീയസംസ്‌കാരത്തെയും ശാസ്ത്രത്തെയും സാഹിത്യത്തെയും ഭാഷയെയും പരിപോഷിപ്പിക്കുന്നതില്‍ സംസ്‌കാരങ്ങളുടെ സങ്കലനം വളരെയേറെ സഹായിച്ചിട്ടുണ്ടെന്നതു ചരിത്രം സമ്മതിക്കുന്ന വസ്തുതയാണ്. ആദിമ ഭാരതീയസംസ്‌കാരത്തോട് ആര്യസംസ്‌കാരം ഇഴചേര്‍ന്നു തുടങ്ങിയ കാലത്തുതന്നെ ഇവിടെ പുതിയ മതങ്ങളും വിശ്വാസങ്ങളും ആശയങ്ങളും വേറെ മുളപൊട്ടിയിരുന്നു. അവയില്‍ പ്രധാനമാണു ജൈനമതവും ബുദ്ധമതവും. ഈ രണ്ടു മതങ്ങളെയും പരിപോഷിപ്പിച്ചതും തണലേകിയതും അക്കാലത്തെ ഭരണാധികാരികള്‍ തന്നെയായിരുന്നു. ഗൗതമ ബുദ്ധനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും ജൈനതീര്‍ത്ഥങ്കരന്‍മാര്‍ക്കുമെല്ലാം വിവിധ രാജഭരണത്തിന്‍ കീഴില്‍ കിട്ടിയ ആദരവ് നമ്മെ അദ്ഭുതപ്പെടുത്തുന്നുണ്ട്.
നാനാത്വത്തില്‍ ഏകത്വമെന്നത് ഭാരതസംസ്‌കാരത്തിന്റെ അപ്രഖ്യാപിത മുദ്രാവാക്യമായത് സാംസ്‌കാരികമായ കൊള്ളക്കൊടുക്കലുകളിലൂടെയാണ്. ബഹുസ്വരതയ്ക്ക് അത്യപൂര്‍വവും അതിമനോഹരവുമായ സൗന്ദര്യമുണ്ട്. സ്വന്തം വിശ്വാസത്തിലും ആചരണത്തിലും കടുകിട
വ്യതിചലിക്കാതെ തന്നെ മറ്റൊരു മതവിശ്വാസിയെ സഹോദരതുല്യം സ്‌നേഹിക്കാനുള്ള സന്‍മനസ്സുണ്ടാവുക. അതാണ് ബഹുസ്വരതയുടെ സൗന്ദര്യം. അതാണ്, നാനാത്വത്തെ ഏകമാക്കി മാറ്റുന്നത്. സപ്തവര്‍ണങ്ങളുള്ള ചക്രം അതിവേഗം കറക്കുമ്പോള്‍ വെളുപ്പുമാത്രമായി തോന്നുന്നില്ലേ, അതുപോലെ ഒരേ അച്ചുതണ്ടില്‍ വിവിധ മതവിശ്വാസികള്‍ ഏകോദരസഹോദരങ്ങളായി കഴിയുമ്പോള്‍ വൈജാത്യങ്ങള്‍ അലിഞ്ഞ്ഇ ല്ലാതാകും. ഒരു മനസ്സായി അവര്‍ക്കു ജീവിക്കാനാകും.
ഇക്കാര്യം ഇപ്പോള്‍ പറയുന്നത്, ആധുനികകാലത്ത് ബഹുസ്വരതയുടെ ഏകത്വത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പല കോണുകളില്‍നിന്നുണ്ടാകുന്നതുകൊണ്ടാണ്. എന്തു നേട്ടത്തിനായാണു നാം ഈ ബഹുസ്വരതയുടെ സംഗീതം ഇല്ലാതാക്കുന്നത്. ആര്‍ക്കുവേണ്ടിയാണ് ഇതെല്ലാം. അങ്ങനെ പരസ്പരം ശത്രുക്കളായി മാറുന്നതുകൊണ്ട് എന്തു മെച്ചമാണ് ഉണ്ടാകാന്‍ പോകുന്നത്. ഒരു മതവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നില്ല. ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് മതങ്ങളുടെ പേരില്‍ വിഭജനത്തിനുള്ള ശ്രമങ്ങളാണ്. അതിന്റെ ഭാഗമായാണ് ഭരണകൂടം ഓരോ പ്രദേശത്തും അതൃപ്തരും പ്രക്ഷോഭകാരികളുമായ ജനങ്ങളെ സൃഷ്ടിക്കുന്നത്. അത് ചൂണ്ടിക്കാണിച്ചാണ് അവര്‍ വര്‍ഗീയമായി ധ്രൂവീകരണം നടത്തുന്നത്. അതുകൊണ്ടുതന്നെയാണ് കലാ സാംസ്‌കാരിക രംഗത്ത് ഒതുങ്ങിക്കൂടിയിരുന്ന അയിഷക്ക് പോലും പ്രതിസന്ധികള്‍ക്കിടയിലും ഉറക്കെ വിളിച്ചു പറയേണ്ടി വരുന്നത്, നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കരുതേയെന്ന്. അയിഷ നിര്‍ത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു. അവരുടെ ആകുലതകള്‍, ദ്വീപിലെ ജനങ്ങളുടെ ഭാവിയെക്കുറിച്ച്, അങ്ങനെ കുറേ കാര്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."