കുട്ട്യാപ്പു ഇപ്പോള്‍ എവിടെയാണ്?
റബീഅ് ഫൈസി അമ്പലക്കടവ്
ഇടയ്ക്കിടെ മനസില്‍ തികട്ടി വരും അവന്റെ ഓര്‍മകള്‍. കൂടെ പഠിച്ച ഉല്‍പ്പില അബ്ദുല്‍ മജീദ് എന്ന ഞങ്ങളുടെ പ്രിയ സ്‌നേഹിതന്‍. സ്‌കൂളില്‍ അവന്‍ എന്നെക്കാള്‍ വലിയ ക്ലാസിലായിരുന്നെങ്കിലും മദ്‌റസയില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. നന്നായി പഠിക്കും. അയല്‍ക്കാരായ ഞങ്ങള്‍ മദ്‌റസാ ക്ലാസില്‍ മത്സരിച്ചു പഠിക്കുമായിരുന്നു.
പരന്നുകിടക്കുന്ന വയലിനഭിമുഖമായി നില്‍ക്കുന്ന അവന്റെ വീടും മുറ്റവും ഒഴിവുദിനങ്ങളിലെ ഞങ്ങളുടെ സ്ഥിരം കളിസ്ഥലമായിരുന്നു. പുഴയില്‍ കുളിക്കാന്‍ വന്നാല്‍ ഒഴുകുന്ന വെള്ളത്തിലേക്കു കണ്ണയച്ച് പാറപ്പുറത്ത് കുറേ നേരം വര്‍ത്തമാനം പറഞ്ഞിരിക്കും ഞങ്ങള്‍. അമ്പലക്കടവുകാരായ ഞങ്ങള്‍ക്ക് ഇപ്പോഴും നോവുന്ന ഓര്‍മയാണ് സ്‌നേഹത്തോടെ ഞങ്ങള്‍ 'കുട്ട്യാപ്പു' എന്ന് വിളിച്ചിരുന്ന മജീദ്!
സ്‌കൂള്‍ പഠനകാലം കഴിഞ്ഞ് റബര്‍ ടാപ്പിങ് തൊഴിലെടുത്ത് വരുന്നതിനിടെയാണ് സഊദിയിലേക്ക് അവനൊരു വിസ ശരിയായത്. പക്ഷെ...
ഗള്‍ഫ് ജീവിതം അവന് വിരസമായി തോന്നിയിട്ടുണ്ടാവണം. നാട്ടിലെ ഓര്‍മകള്‍, അല്ലെങ്കില്‍ ആദ്യമായി വീടു വിട്ടുനിന്ന ടെന്‍ഷന്‍. അതോ ഉമ്മയെയും ഉടപ്പിറപ്പുകളെയും പിരിഞ്ഞ നൊമ്പരമോ.
14 വര്‍ഷമായി അവന്‍ കാണാമറയത്തായിട്ട്. ജിദ്ദയിലെ റൂമില്‍ നിന്ന് ഇറങ്ങിയ അവനെ പിന്നെയാരും കണ്ടില്ല. ജ്യേഷ്ട സഹോദരനും അടുത്ത കുടുംബങ്ങളും കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. ജയിലുകളും ഹോസ്പിറ്റലുകളും തുടങ്ങി പല സ്ഥലങ്ങള്‍. എംബസി തല അന്വേഷണങ്ങള്‍. വിവിധ എയര്‍പോര്‍ട്ടുകള്‍. എല്ലാ ശ്രമങ്ങളും വിഫലമായി. ഒരു രേഖയിലും അവനെ കണ്ടില്ല.
ഇന്നത്തെ പോലെ സമൂഹമാധ്യമങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് പരമാവധി ശ്രമങ്ങള്‍ നടത്തിയിട്ടും, സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ഇടപെട്ടിട്ടും അവനെ കണ്ടെത്താനായില്ല. ഇന്നും അവന്‍ ഒരുനാള്‍ വരുമെന്ന പ്രതീക്ഷയോടെ ദൂരേക്ക് കണ്ണുംനട്ടിരിക്കുകയാണ് പ്രിയപ്പെട്ട ഉമ്മയും ഉപ്പയും ജ്യേഷ്ഠനും സഹോദരിമാരും.
'എന്റെ കുട്ടി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോ നിന്റെ അതേ പ്രായമായിരിക്കും'- ഉമ്മയുടെ വാക്കുകള്‍.
കണ്ണെത്താ മരുഭൂമിയില്‍ വിജനമായ മലഞ്ചെരുവുകളില്‍ ഏതെങ്കിലും അറബി വീട്ടില്‍ അവനുണ്ടായിരിക്കുമോ? എവിടെയെങ്കിലും ഏകാന്ത പഥികനായി അവന്‍ ജീവിതം തള്ളിനീക്കുന്നുണ്ടാവുമോ? ഒരുനാള്‍ ഏവരെയും വിസ്മയിപ്പിച്ച് അവന്‍ തിരിച്ചെത്തുമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."