ഹരിദാസൻ വധം ; സൂത്രധാരൻ ബി.ജെ.പി കൗൺസിലർ ഒരാഴ്ച നീണ്ട ആസൂത്രണം
സുരേഷ് മമ്പള്ളി
കണ്ണൂർ
ന്യൂമാഹി പുന്നോലിൽ സി.പി.എം പ്രവർത്തകൻ താഴെവയലിൽ കെ.ഹരിദാസൻ(54) വധക്കേസിലെ മുഖ്യ സൂത്രധാരൻ ബി.ജെ.പി നേതാവ്. ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ കെ. ലിജേഷ് ആണ് ക്രൂരമായ കൊലപാതകത്തിനു പിന്നിലെ ബുദ്ധികേന്ദ്രം എന്നാണ് പൊലിസ് പറയുന്നത്.
സംഭവദിവസം രാത്രി 11 മുതൽ പുലർച്ചെ ഒരു മണിവരെ ലിജേഷ് നടത്തിയ വാട്‌സ്ആപ്പ് കോളുകൾ ആണ് പൊലിസിന് തുമ്പായത്. വാട്‌സ് ആപ്പിൽ വിളിച്ചാൽ തെളിവ് അവശേഷിക്കില്ലെന്ന ധൈര്യത്തിലായിരുന്നു ലിജേഷിഷിന്റെ കൊലപാതക ആസൂത്രണം.ലിജീഷ് ആദ്യം ആളുമാറി വിളിച്ചത് ഇയാളുടെ ബന്ധുവിനെയായിരുന്നു. തുടർന്ന് ബന്ധു ലിജീഷിനെ തിരിച്ചുവിളിച്ചു. പിന്നീട് വിളിച്ചത് കൊലക്കേസിൽ അറസ്റ്റിലായ സുമേഷിനെയായിരുന്നു. ഇയാളാണ് ഹരിദാസൻ ഹാർബറിൽനിന്ന് വീട്ടിലേക്ക് വരുന്ന വിവരം അറിയിക്കുന്നത്.
ഇക്കാര്യം കാത്തിരുന്ന കൊലയാളി സംഘത്തിന് ലിജേഷ് വാട്‌സ് ആപ്പ് വഴി കൈമാറി. കോൾ വിവരങ്ങൾ ലഭ്യമായതോടെ പ്രതികളെ 24 മണിക്കൂറിനകം പിടികൂടാനും പൊലിസിന് കഴിഞ്ഞു. അറസ്റ്റിലായവരുടെ ഫോണുകൾ വിശദമായി പരിശോധിച്ചപ്പോൾ ചാറ്റുകൾ അടക്കമുള്ള വിശദാംശങ്ങളും പൊലിസിന് കിട്ടി. ഒരാഴ്ച നീണ്ട ആസൂത്രണമാണ് ഹരിദാസൻ വധത്തിൽ ആർ.എസ്.എസ് നടത്തിയത്.
ആത്മജ് എന്ന ആർ.എസ്.എസ് പ്രവർത്തകന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇതിനായി ലിജേഷ് തയാറാക്കി നിർത്തിയത്. ഈ സംഘമാണ് രണ്ടു ബൈക്കുകളിലായി ഹരിദാസന്റെ വീടിനു മുന്നിൽ നിലയുറപ്പിച്ചത്. പുലർച്ചെ ഒന്നരയോടെ കടലിൽനിന്ന് മടങ്ങിയെത്തിയ ഹരിദാസൻ അടുക്കള ഭാഗത്തെത്തി മീൻ ഭാര്യ മിനിയെ ഏൽപ്പിച്ച ശേഷം മുൻഭാഗത്തേക്കു വരുന്നതിനിടെയായിരുന്നു ഇരുട്ടിൽ പതിയിരുന്ന സംഘത്തിന്റെ മിന്നലാക്രമണം.ദിവസങ്ങൾക്കു മുമ്പ് ലിജേഷ് നടത്തിയ കൊലവിളിപ്രസംഗത്തിന്റെ വിഡിയോ ഹരിദാസൻ കൊല്ലപ്പെട്ടതിനു പിന്നാലെ പുറത്തുവന്നിരുന്നു. ഈ പ്രസംഗമാണ് കേസിലെ നിർണായക തെളിവായി പൊലിസ് പരിഗണിക്കുന്നത്. മാഹിയിലെ സി.പി.എം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബു വധക്കേസിലും പ്രതികളിൽ ചിലർക്ക് പങ്കുള്ളതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഹരിദാസനെ ആർ.എസ്.എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ശരീരത്തിൽ ആഴത്തിൽ ഇരുപതിലേറെ വെട്ടേറ്റിരുന്നു. ഹരിദാസിന്റെ ഇടതുകാൽ വെട്ടിയെടുത്ത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."