'എലത്തൂര്‍ സീറ്റ് സി.പി.എം ആവശ്യപ്പെട്ടു എന്നത് വാര്‍ത്ത മാത്രം'- പ്രതികരണവുമായി ശശീന്ദ്രന്‍
കോഴിക്കോട്: എന്‍.സി.പിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. സീറ്റ് വിഷയത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കും. എലത്തൂര്‍ സീറ്റ് സി.പി.എം ആവശ്യപ്പെട്ടു എന്നത് വാര്‍ത്ത മാത്രം. മാണി സി കാപ്പന്‍ പറയുന്നതു പോലെ പാര്‍ട്ടി വിട്ട് ആരും പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശശീന്ദനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ഈ പ്രതികരണം. എട്ടു തവണ മത്സരിച്ച മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇത്തവണ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വടകര, കൊയിലാണ്ടി, മേപ്പയൂര്‍ ബ്ലോക്കുകളില്‍നിന്നുള്ള നിര്‍വാഹക സമിതി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. എ.കെ.ശശീന്ദ്രന്റെ അസാന്നിധ്യത്തില്‍ നടന്ന യോഗത്തിലായിരുന്നു ആവശ്യമുന്നയിച്ചത്.
ശശീന്ദ്രന്‍ കോഴിക്കോട് ജില്ലയില്‍നിന്ന് 3 തവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായി. ഇനി ജില്ലയില്‍നിന്നുള്ളവര്‍ക്ക് അവസരം നല്‍കണം. വലിയ പാര്‍ട്ടികളായ സിപിഎമ്മില്‍ രണ്ടു ടേമും സിപിഐയില്‍ 3 ടേമും കര്‍ശനമാക്കുമ്പോള്‍ ചുരുങ്ങിയ സീറ്റുകളുള്ള എന്‍സിപിയില്‍ ഒരാള്‍തന്നെ എട്ടു തവണയില്‍ കൂടുതല്‍ മത്സരിക്കുന്നത് ശരിയാണോ എന്നും ചോദ്യമുയര്‍ന്നു. അഭിപ്രായമുയര്‍ന്നത് മൂന്നു ബ്ലോക്കുകളില്‍നിന്നുള്ള ചില അംഗങ്ങളുടെ ഭാഗത്തു നിന്നാണെങ്കിലും ഇതിനെ എതിര്‍ത്ത് ആരും രംഗത്തെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."