HOME
DETAILS

ആഴക്കടല്‍ മത്സ്യബന്ധനം: അഴിമതിയോ കൊള്ളരുതായ്മയോ ?

  
backup
February 22 2021 | 03:02 AM

5415341351-2

 


കേരളതീരത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണത്തിന് സംസ്ഥാന ഭരണകര്‍ത്താക്കള്‍ നല്‍കുന്ന മറുപടികള്‍ ജനതയുടെ സാമാന്യയുക്തിക്കു നിരക്കാത്തതും പരസ്പരം ബന്ധിപ്പിച്ചു നോക്കുമ്പോള്‍ അവ്യക്തതയുണ്ടാക്കുന്നതുമാണ്. മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രിമാരില്‍ നിന്നുമൊക്കെയുണ്ടാകുന്ന ഓരോ വിശദീകരണവും വിഷയത്തിലെ ദുരൂഹത കൂട്ടുകയാണ്. അതുകൊണ്ടു തന്നെ ഇതിനുപിന്നില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്നു കരുതാന്‍ ജനത നിര്‍ബന്ധിതരാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.


പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് അഴിമതി ആരോപിച്ചുകൊണ്ട് വിഷയം പുറത്തുകൊണ്ടുവന്നത്. പതിവുപോലെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുകയാണെന്നും ചെന്നിത്തല കള്ളം പറയുകയാണെന്നുമൊക്കെ പറഞ്ഞ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ഭരണാധികാരികള്‍. ഇത്തരമൊരു ആരോപണമുയരുമ്പോള്‍ ഇതൊന്നുമല്ല ഭരണകൂടം നല്‍കേണ്ട മറുപടി. ഭരണത്തിലെ പാകപ്പിഴകള്‍ കണ്ടെത്തി ആരോപണമുന്നയിക്കുക എന്നത് പ്രതിപക്ഷത്തെ ജനങ്ങള്‍ ഏല്‍പ്പിച്ച പണിയുടെ ഭാഗമാണ്. അതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകുന്നതും സ്വാഭാവികം. അങ്ങനെയാണെങ്കില്‍ പോലും അതിനു വ്യക്തമായ മറുപടി നല്‍കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. പ്രത്യേകിച്ച് കേരളത്തിലെ കടല്‍ത്തീരങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന സുപ്രധാന വിഷയത്തില്‍.


കേരളതീരത്ത് ചട്ടങ്ങള്‍ മറികടന്ന് ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള 5,324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായി സംസ്ഥാന സര്‍ക്കാര്‍ രഹസ്യമായി കരാറുണ്ടാക്കിയെന്നും അതിനായി ഫിഷറീസ് മന്ത്രി കമ്പനി അധികൃതരുമായി അമേരിക്കയില്‍ ചര്‍ച്ച നടത്തിയെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. അതുമായി ബന്ധപ്പെട്ട ചില രേഖകള്‍ അദ്ദേഹം ആദ്യം തന്നെ പുറത്തുവിടുകയുമുണ്ടായി. എന്നാല്‍ തുടക്കത്തില്‍ അതു നിഷേധിച്ച മന്ത്രി, ഇങ്ങനെയൊരു വിഷയം സര്‍ക്കാരിന് അറിയുകകൂടിയില്ലെന്ന മട്ടിലാണ് സംസാരിച്ചത്. ഇതിനിടയിലാണ് കമ്പനിയുമായി കരാറിനു മുന്നോടിയായുള്ള ധാരണാപത്രം ഒപ്പുവച്ചെന്നും കമ്പനിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പള്ളിപ്പുറം മെഗാ ഫുഡ് പാര്‍ക്കില്‍ നാലേക്കര്‍ ഭൂമി അനുവദിച്ചെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നത്.


അങ്ങനെയൊരു ധാരണാപത്രം ഒപ്പുവച്ചിട്ടില്ലെന്നും നിവേദനം നല്‍കാന്‍ ഒരു സംഘം വന്നു കാണുക മാത്രമാണുണ്ടായതെന്നുമാണ് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞത്. എന്നാല്‍ കമ്പനിയുടെ ഇന്ത്യന്‍ പതിപ്പായ ഇ.എം.സി.സി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി പ്രസിഡന്റായായ ഷിജു എം. വര്‍ഗീസ് വ്യവസായ മന്ത്രിക്കയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാരും കമ്പനിയും ധാരണാപത്രത്തില്‍ ഒപ്പിട്ടതായും 2018ല്‍ ന്യൂയോര്‍ക്കില്‍ വച്ച് കമ്പനി പ്രതിനിധികള്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയതായും കത്ത് വ്യക്തമാക്കുന്നു. 2020ലെ കേരള ആഗോള നിക്ഷേപക സംഗമത്തില്‍ വച്ചാണ് ഇ.എം.സി.സിയും സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കെ.എസ്.ഐ.എന്‍.സി (കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്‍)യും ധാരണാപത്രം ഒപ്പിട്ടതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സാധാരണ ഒരു പദ്ധതിക്കു കരാറുണ്ടാക്കിയ ശേഷമാണ് ഏതെങ്കിലും കമ്പനിക്ക് പ്രവര്‍ത്തനത്തിനു ഭൂമി അനുവദിക്കുന്നത്. ധാരണാപത്രമെങ്കിലുമില്ലാതെ ഭൂമി അനുവദിക്കില്ലെന്ന് ഉറപ്പാണ്. ജയരാജന്‍ പറയുന്നതു കള്ളമാണെന്നാണ് ഈ വിവരങ്ങളെല്ലാം വ്യക്തമാക്കുന്നത്.


അതിനുപിറകെ കമ്പനി പ്രതിനിധികളുമായി മേഴ്‌സിക്കുട്ടിയമ്മ കേരളത്തില്‍ ചര്‍ച്ച നടത്തുന്ന ചിത്രം ചെന്നിത്തല പുറത്തുവിട്ടു. ഇതോടെ അമേരിക്കയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന വാദത്തില്‍ പിടിച്ചുതൂങ്ങുകയാണ് മന്ത്രി. അതിന്റെ ചിത്രവും അടുത്ത ദിവസം തന്നെ പുറത്തുവിടുമെന്ന് ചെന്നിത്തല പറഞ്ഞിട്ടുണ്ട്. എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ ഇതിനുപിന്നില്‍ എന്തൊക്കെയോ കള്ളക്കളികള്‍ നടന്നിട്ടുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ചര്‍ച്ച നടന്നത് അമേരിക്കയിലായാലും കേരളത്തിലായാലും ഒരേ കാര്യത്തിനാണെന്നതിനാല്‍ അമേരിക്കയില്‍ ചര്‍ച്ച നടന്നില്ലെന്നു പറഞ്ഞുള്ള ഒഴിഞ്ഞുമാറ്റവും മുഖവിലയ്‌ക്കെടുക്കാനാവില്ല.


ഇതിലും ഏറെ വിചിത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. ഇതിനെക്കുറിച്ച് സര്‍ക്കാര്‍ ഒന്നുമറിഞ്ഞിട്ടില്ലെന്നും കെ.എസ്.ഐ.എന്‍.സി എം.ഡിക്ക് ഇതില്‍ പങ്കുണ്ടോ എന്നു പറയാറായിട്ടില്ലെന്നുമൊക്കെയാണ് അദ്ദേഹത്തിന്റെ വാദം. ഒരു സംസ്ഥാന മുഖ്യമന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്ത മറുപടിയാണിത്. ഏതെങ്കിലും നാടന്‍ വള്ളത്തിനു കടലില്‍ മീന്‍പിടിക്കാന്‍ അനുമതി നല്‍കുന്നതുപോലെ ലളിതമല്ല ഈ വിഷയം. 400 ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്കും അഞ്ചു വലിയ ആഴക്കടല്‍ മദര്‍ ഷിപ്പുകള്‍ക്കും കേരളത്തിന്റെ കടല്‍പരിധിയില്‍ മത്സ്യബന്ധനം നടത്താനുള്ള പദ്ധതിയാണിത്. പൊതുവെ മത്സ്യസമ്പത്ത് കുറഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിന്റെ കടല്‍പരിധിയില്‍ ആഴക്കടല്‍ അരിച്ചുപെറുക്കിയുള്ള മത്സ്യബന്ധനത്തിനാണ് അനുമതി നല്‍കുന്നത്. ആ മേഖലയിലെ ആവാസവ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിക്കുന്നതും കേരളത്തിലെ പരമ്പരാഗത മത്സ്യബന്ധനത്തിനു മരണമണി മുഴക്കുന്നതുമായ ഈ പദ്ധതിക്ക് 2019ലെ മത്സ്യനയത്തിലെ വ്യവസ്ഥ ലംഘിച്ച് അനുമതി നല്‍കാന്‍ ഇങ്ങനെയൊരു നീക്കം നടന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അതു സര്‍ക്കാരിന്റെ നയപരമായ തീരുമാനമായിരിക്കും. മറ്റു പല വിവാദങ്ങളിലുമെന്നപോലെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി സര്‍ക്കാരിനു കൈകഴുകാന്‍ ഇതിലാവില്ല. അങ്ങനെയെങ്കില്‍ പിന്നെ എന്തിന് സംസ്ഥാനത്തിനൊരു സര്‍ക്കാരെന്നും ആ സര്‍ക്കാരിന്റെ പണി എന്താണെന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നുവരും.
മുഖ്യമന്ത്രിയുടെ ഈ വിശദീകരണത്തോടെ സര്‍ക്കാരിനുമേല്‍ വന്നുവീണ സംശയത്തിന്റെ കരിനിഴല്‍ കനക്കുകയാണ്. നയപരവും സുപ്രധാനവുമായ ഇത്തരം തീരുമാനങ്ങള്‍ ഭരിക്കുന്ന മുന്നണിയില്‍ ചര്‍ച്ച ചെയ്യുക എന്നത് മിനിമം രാഷ്ട്രീയ മര്യാദയാണ്. നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നത് ജനാധിപത്യ മര്യാദയും. അതൊന്നും ഈ വിഷയത്തില്‍ പാലിക്കപ്പെട്ടിട്ടില്ല. മത്സ്യബന്ധന മേഖലയില്‍ ഈ നീക്കം കടുത്ത ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ചില മത്സ്യത്തൊഴിലാളി സംഘടനകള്‍ ചേര്‍ന്ന് ഈ മാസം 27നു തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അതിന്റെ ഫലമായാണ്. മത്സ്യബന്ധന മേഖലയിലുള്ളവരുടെ ആശങ്കകളെ അഭിസംബോധന ചെയ്യാതെയാണ് ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ക്കു കൂടി വിരുദ്ധമായ ഈ തീരുമാനം സര്‍ക്കാര്‍ എടുത്തതെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നുണ്ട്.


ഇങ്ങനെ തികഞ്ഞ ദുരൂഹതയോടെ ഒളിച്ചും പതുങ്ങിയും നടത്തുന്ന നീക്കത്തിന്റെ ലക്ഷ്യം സംസ്ഥാനത്തിന് എത്രമാത്രം ഉപകാരപ്പെടുന്നതായാലും അതൊട്ടും നിഷ്‌കളങ്കമല്ലെന്നു തന്നെ കരുതേണ്ടിവരും. ഒന്നുകില്‍ അഴിമതി, അല്ലെങ്കില്‍ സര്‍ക്കാരിന്റെ കൊള്ളരുതായ്മ ഇതിനുപിന്നിലുള്ളതായി നിലവിലെ സാഹചര്യത്തില്‍ സംശയമുയരുന്നുണ്ട്. ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ എന്തെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെതിരേ ശക്തമായി തന്നെ ശബ്ദമുയരേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago