എം.എല്‍.എമാരുടെ സസ്പെന്ഷന്: നീലഗിരിയില്‍ വ്യാപക പ്രതിഷേധം
ഗൂഡല്ലൂര്‍: തമിഴ്നാട് നിയമസഭയില്‍ നിന്ന് ഡി.എം.കെയുടെ എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരേ നിലഗിരിയില്‍ വ്യാപക പ്രതിഷേധം. സഭാ നടപടികള്‍ തടസപ്പെടുത്തും വിധം പ്രതിഷേധിച്ചതിനാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. ഡി.എം.കെയുടെ 89 എം.എല്‍.എമാരെയാണ് സ്പീക്കര്‍ പി. ധനപാല്‍ സസ്പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനെതിരേ എ.ഐ.എ.ഡി.എം.കെ എം.എല്‍.എ ഗുണശേഖരന് നടത്തിയ പ്രസ്ഥാവനയില്‍ പ്രതിഷേധിച്ചാണ് ഡി.എം.കെ അംഗങ്ങള്‍ സഭാനടപടികള്‍ തടസപ്പെടുത്തിയിരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.എം.കെ നഗരസഭാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗൂഡല്ലൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ധര്‍ണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം. പാണ്ഡ്യരാജ്, നഗരസഭാ സെക്രട്ടറി കെ രാജേന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. സമരക്കാരെ ഗൂഡല്ലൂര്‍ ഡിവൈ.എസ്.പി ശ്രീനിവാസലുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തു നീക്കി. പന്തല്ലൂരില്‍ നടന്ന സമരത്തിന് കാശിലിംഗവും കൊളപ്പള്ളിയില്‍ നടന്ന സമരത്തിന് മാങ്കോട് രാജയും നേതൃത്വം നല്കി. ഊട്ടി, കോത്തഗിരി, കുന്നൂര് എന്നിവിടങ്ങളിലും സമരം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."