അപകടത്തില്‍ പ്ലീഹ തകര്‍ന്നു; മരണാസന്നനായ യുവാവിന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പുതുജന്മം
കോഴിക്കോട് : വാഹനാപകടത്തില്‍ പ്ലീഹയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സ തേടിയ കോഴിക്കോട് സ്വദേശിയായ 34കാരന് അതിനൂതന താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ രോഗശാന്തി. ഈ മാസം നാലിനു വാഹനാപകടത്തെ തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടായ രോഗിക്ക് സാധാരണ ചികിത്സാരീതികള്‍ പരാജയപ്പെട്ടപ്പോഴാണ് ശസ്ത്രക്രിയ തീരുമാനിച്ചത്.
അപകടത്തേതുടര്‍ന്നു പ്ലീഹ മുറിച്ചുമാറ്റേണ്ടിവന്നാല്‍ വയറില്‍ വലിയൊരു മുറിവുണ്ടാക്കിയാണ് (ലാപറോട്ടമി) ചെയ്യുന്നത്. അപ്പോള്‍ മൂന്നു മാസം വരെ ജോലിയില്‍ നിന്നു വിട്ടുനിന്ന് വിശ്രമിക്കേണ്ടിവരും.എന്നാല്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ രോഗിക്ക് കുറച്ചുദിവസം മാത്രം വിശ്രമവും തുടര്‍ന്ന് സാധാരണ നിലയില്‍ ജോലിക്ക് പോകാവുന്നതുമാണ്.
ഈ ചികിത്സാരീതി സ്വകാര്യ ആശുപത്രികളില്‍ പോലും പ്രചാരം ആയിട്ടില്ല.മെഡിക്കല്‍ കോളജിലും ഈ ശസ്ത്രക്രിയ ആദ്യമായാണ് ചെയ്യുന്നത്. ഒരാഴ്ചക്കുശേഷം രോഗിയെ പൂര്‍ണാരോഗ്യവാനായി ഡിസ്ചാര്‍ജ് ചെയ്തു. നവീന ത്രീഡി സാങ്കേതിക വിദ്യയും മറ്റ് അനവധി സങ്കീര്‍ണ താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ ചെയ്തുള്ള പരിചയവും ആണ് സഹായകമായത്.
ജനറല്‍ സര്‍ജറി വിഭാഗം യൂണിറ്റ് മേധാവി ഡോ.സന്തോഷ്‌കുമാര്‍, ഡോ. ശിവപ്രസാദ്, ഡോ. റോഡ്നി, ഡോ.അജില്‍ ആന്റണി, അനസ്‌തേഷ്യ വിഭാഗത്തിലെ, ഡോ.കൃഷ്ണദാസ്, ഡോ.ഹസ്‌ന എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."