പരുക്കേറ്റ കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് ആന്റണി ടിജിന്‍
കൊച്ചി/കാക്കനാട്
മൂന്ന് വയസുകാരി പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സംഭവത്തിൽ ദുരൂഹത തുടരുന്നു. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയുടെ ആൺസുഹൃത്ത് ആന്റണി ടിജിനും കുട്ടി അസ്വാഭാവിക രീതിയിൽ പെരുമാറുന്നതാണ് പരുക്കേൽക്കാൻ കാരണമെന്ന് പറയുമ്പോൾ ബന്ധുക്കളും പരിസരവാസികളും പറയുന്നത് കുട്ടി സാധാരണ രീതിയിലാണ് പെരുമാറിയിരുന്നതെന്നാണ്.
കേസിൽ നാലുദിവസമായിട്ടും യഥാർഥ കാരണം കണ്ടെത്താനാതെ കുഴയുകയാണ് പൊലിസ്. സംഭവത്തിൽ ഒളിവിൽ കഴിയുന്ന ആന്റണി ടിജിൻ ഇന്ന് പൊലിസിനു മുന്നിൽ ഹാജരാകുമെന്നാണ് സൂചന.
കുട്ടി കുറച്ചുനാളായി അസ്വാഭാവികമായി പെരുമാറിയിരുന്നുവെന്ന് പറഞ്ഞ കുട്ടിയുടെ അമ്മ ആന്റണി ടിജിൻ ഉൾപ്പെടെ ആരും കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും പറഞ്ഞു. കുട്ടി ജനലിനു മുകളിൽനിന്ന് ചാടിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടുള്ള ശല്യം മൂലമാണ് കുട്ടിയുടെ അച്ഛനുമായി അകന്നു താമസിക്കുന്നതെന്നും അമ്മ പറഞ്ഞു.
തൃക്കാക്കര പൊലിസ് കുട്ടിയുടെ അമ്മയുടെയും അമ്മൂമ്മയുടെയും മൊഴി ഇന്നലെ വീണ്ടും എടുത്തു. കുട്ടിക്ക് മർദനമേറ്റതാണെന്നാണ് ഡോക്ടർമാർ പൊലിസിന് മൊഴി നൽകിയത്.സംഭവത്തിൽ തനിക്ക് പങ്കില്ലന്നും താൻ ഒളിവിൽ അല്ലെന്നുമാണ് ആന്റണി ടിജിൻ പ്രതികരിച്ചത്. കുട്ടിക്ക് പരുക്കേറ്റത് കളിക്കുന്നതിനിടെ ഉണ്ടായ വീഴ്ചയിലാണ്. പൊള്ളലേറ്റ പാടുകൾ കുന്തിരിക്കം ദേഹത്ത് വീണപ്പോൾ ഉണ്ടായതാണെന്നും പൊലിസിനെ ഭയന്നാണ് മാറി നിൽക്കുന്നതെന്നും ആന്റണി ടിജിൻ പറഞ്ഞു. ആന്റണി ടിജിന്റെ മൊഴി നിർണായകമാണെന്നു പൊലിസ് പറഞ്ഞു.
അതേസമയം, കോലഞ്ചേരിയിലെ ആശുപത്രിയിൽ കഴിയുന്ന മൂന്നുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിൽനിന്ന് മാറ്റിയതായി ഡോക്ടർമാർ പറഞ്ഞു.
ദ്രവ രൂപത്തിൽ ഭക്ഷണം നൽകിയതായും ഡോക്ടർമാർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."