കണ്ണൂർ വി.സി നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു
സ്വന്തം ലേഖകൻ
കൊച്ചി
കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയ സർക്കാരിന്റെ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. നേരത്തെ പുനർ നിയമനം ശരിവച്ച സിംഗിൾബെഞ്ച് ഉത്തരവിനെതിരേ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്. നിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി സർവകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിലംഗം ഡോ. ഷിനോ.പി. ജോസ് എന്നിവരാണ് അപ്പീൽ നൽകിയിരുന്നത്. കണ്ണൂർ സർവകലാശാലാ നിയമത്തിലെയും 2018 ജൂലൈ 18 ലെ യു.ജി.സി റെഗുലേഷനിലെയും വ്യവസ്ഥകൾ ലംഘിച്ചാണ് 60 വയസ് പിന്നിട്ട ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്നായിരുന്നു അപ്പീലിലെ വാദം. എന്നാൽ വസ്തുതകൾ വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് വി.സിയുടെ പുനർനിയമനം നിയമപ്രകാരമാണെന്നു വ്യക്തമാക്കി. 2017 ലാണ് ഗോപിനാഥ് രവീന്ദ്രനെ വി.സിയായി ആദ്യം നിയമിച്ചത്. 2021 ൽ കാലാവധി കഴിഞ്ഞതോടെ പുനർനിയമനം നൽകി. സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് ശുപാർശ ചെയ്യാതെയാണ് നടപടിയെന്നും ഗോപിനാഥിന് 60 വയസു കഴിഞ്ഞതിനാൽ നിയമനത്തിന് അർഹനല്ലെന്നുമായിരുന്നു മറ്റൊരു വാദം. എന്നാൽ സർവകലാശാല നിയമവും യു.ജി.സി റെഗുലേഷനും പരിശോധിച്ച ഡിവിഷൻ ബെഞ്ച് ഈ വാദത്തിൽ കഴമ്പില്ലെന്നും ഇവരണ്ടും പാലിച്ചാണ് 2017 ൽ ഗോപിനാഥിന് ആദ്യം നിയമനം നൽകിയതെന്നും വിലയിരുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."