നവാബ് മാലിക്കിന്റെ അറസ്റ്റ്: ബി.ജെ.പിക്കെതിരെ പടപ്പുറപ്പാടുമായി ശിവസേന
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിലെ രണ്ടാമത്തെ മന്ത്രിയുടെ അറസ്റ്റില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന.
മുതിര്‍ന്ന സേന നേതാവ് സഞ്ജയ് റാവത്ത് തന്നെ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഛത്രപതി ശിവജിയുടെ എതിരാളിയായ അഫ്‌സല്‍ ഖാനെ സൂചിപ്പിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
'മഹാ വികാസ് അഘാഡിയുമായി മുഖാമുഖം പോരാടാന്‍ കഴിയാതെ വന്നപ്പോള്‍, അഫ്‌സല്‍ ഖാനെപ്പോലെ അവര്‍ പിന്നില്‍ നിന്ന് ആക്രമിച്ചു. അത് പോകട്ടെ.. ആരെങ്കിലും ഒരു മന്ത്രിയെ നിയമവിരുദ്ധമായി പുറത്താക്കുന്നത് ആസ്വദിക്കുകയാണെങ്കില്‍, അവരെ അനുവദിക്കുക. നവാബ് മാലിക്കിന്റെ രാജി ഇല്ലാതെതന്നെ ഞങ്ങള്‍ പോരാടി വിജയിക്കും. കംസനും രാവണനും കൊല്ലപ്പെട്ടു. ഇതാണ് ഹിന്ദുമതം. യുദ്ധം തുടങ്ങിയിരിക്കുന്നു. ജയ് മഹാരാഷ്ട്ര,' റാവത്ത് ട്വീറ്റ് ചെയ്തു.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സംസ്ഥാന ന്യൂനപക്ഷ വികസന മന്ത്രി നവാബ് മാലിക്കിനെ ബുധനാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസര്‍ സമീര്‍ വാങ്കഡെയുമായുള്ള മാലിക്കിന്റെ ഏറ്റുമുട്ടലിന് പിന്നാലെയാണ് അറസ്റ്റ്.
കഴിഞ്ഞ വര്‍ഷം വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍.സി.ബിയുടെ മുംബൈ യൂനിറ്റ് മയക്കുമരുന്ന് കേസില്‍ മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാനെയും അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."