കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ എം.എല്‍.എ ബി രാഘവന്‍ അന്തരിച്ചു
കൊല്ലം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ എം.എല്‍.എയും എസ് സി എസ് ടി കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ കൊട്ടാരക്കര താമരക്കുടി രാഖിയില്‍ ബി രാഘവന്‍(69) നിര്യാതനായി. സി പി എം സംസ്ഥാന കമ്മിറ്റി അംഗവും കെ എസ് കെ ടി യു മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ബി രാഘവനെയും കുടുംബ അംഗങ്ങളെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കടുത്ത ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി തുടരുകയായിരുന്നു. ഇരു കിഡ്‌നികളുടെയും പ്രവര്‍ത്തനശേഷി നഷ്ടമായതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായി. ഇന്ന് പുലര്‍ച്ചെ നാലേമുക്കാലിനായിരുന്നു മരണം.
1987ല്‍ നെടുവത്തൂരില്‍ നിന്നാണ് രാഘവന്‍ ആദ്യമായി നിയമസഭയിലെത്തിയത്. കേരളകോണ്‍ഗ്രസ്(ജെ) സ്ഥാനാര്‍ത്ഥിയായ കോട്ടക്കുഴി സുകുമാരനായിരുന്നു എതിരാളി. 1991ല്‍ കോണ്‍ഗ്രസിലെ എന്‍ നാരായണനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. 1996ല്‍ പരാജയപ്പെട്ടുവെങ്കിലും 2006ല്‍ 48023 വോട്ടിന്റെ ഭൂരിപക്ഷം നേടി തിരികെ നിയമസഭയിലെത്തി.
മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താമരക്കുടിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഇന്ന് നടക്കാനിരുന്ന ഇടത് മുന്നണി ജാഥയുടെ കൊട്ടാരക്കരയിലെ സ്വീകരണ പരിപാടികള്‍ മാറ്റിവച്ചു. ഭാര്യ: രേണുക. മക്കള്‍ : രാകേഷ്.ആര്‍. രാഘവന്‍, രാഖി ആര്‍.രാഘവന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."