അധ്യക്ഷന്റെ പടിയിറക്കത്തിന് പിന്നാലെ പശു സയന്‍സ് പരീക്ഷ മാറ്റി കാമധേനു ആയോഗ്
ന്യൂഡല്‍ഹി: അധ്യക്ഷന്‍ പടിയിറങ്ങിയതിനു പിന്നാലെ രാജ്യത്ത് വിവാദം സൃഷ്ടിച്ച പശു പരീക്ഷ നീട്ടി കാമധേനു ആയോഗ്. പശുക്കളെ കുറിച്ച വിജ്ഞാന വ്യാപനത്തിന്റെ പേരില്‍ തുടങ്ങിയ രാഷ്ട്രീയ കാമധേനു ആയോഗ് ആണ് പ്രഖ്യാപിച്ചിരുന്നത്. പുതിയ അധ്യക്ഷന്‍ പദവിയേറ്റ ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് അധികൃതരുടെ വിശദീകരണം.
കാമധേനു ഗൗ വിജ്ഞാന്‍ പ്രചാര്‍ പ്രസാര്‍ പരീക്ഷ എന്ന പേരില്‍ ഫെബ്രുവരി 25നായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്. മോക് പരീക്ഷ ഫെബ്രുവരി 21നുമാണ് നിശ്ചയിച്ചിരുന്നത്.
2019 ഫെബ്രുവരിയിലാണ് പശു സംരക്ഷണം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കാമധേനു ആയോഗ് സ്ഥാപിച്ചത്. വല്ലഭ്ഭായ് കത്തിരിയ ആയിരുന്നു അധ്യക്ഷന്‍. സുനില്‍ മാന്‍സിങ്ക, ഹുകും ചന്ദ് സാവ്‌ല എന്നിവര്‍ നോണ്‍ ഒഫീഷ്യല്‍ അംഗങ്ങളും.
: ''പശുവെന്നാല്‍ നിറയെ ശാസ്ത്രമാണ്... അഞ്ചു ലക്ഷം കോടി മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയെ കുറിച്ച് സംസാരിക്കുമ്പോള്‍ 19.42 കോടി കന്നുകാലികള്‍ നമുക്ക് രാജ്യത്തുണ്ട്. അവക്ക് സമ്പദ്‌വ്യവസ്ഥയില്‍ വലിയ പങ്കുവഹിക്കാനാകും. പശു പാല്‍ തന്നില്ലെങ്കില്‍ പോലും അതിന്റെ മൂത്രവും ചാണകവും അമൂല്യമാണ്. അവ നാം ഉപയോഗപ്പെടുത്തിയാല്‍ പശുക്കള്‍ മാത്രമല്ല, രാജ്യം തന്നെയും രക്ഷപ്പെടും''. 'പശു ശാസ്ത്ര'വും പശു വിജ്ഞാന പരീക്ഷയും പ്രഖ്യാപിച്ച് വിവാദത്തില്‍ കത്തിരിയ പറഞ്ഞതിങ്ങനെയായിരുന്നു.
പരീക്ഷക്ക് റഫറന്‍സ് എന്ന നിലക്ക് അടുത്തിടെ പുറത്തിറക്കിയ 54 പേജുള്ള കൈപുസ്തകം വിദേശ ജനുസ്സുകള്‍ക്കു മേല്‍ ഇന്ത്യന്‍ ഗോ ഇനങ്ങളുടെ മേന്മ വിശദീകരിക്കുന്നു. ഭോപാല്‍ വാതക ദുരന്തത്തില്‍ പോലും ചാണകം ഉപയോഗിച്ചവര്‍ രക്ഷപ്പെട്ടതായും ഗോവധവും ഭൂചലനവും തമ്മില്‍ ബന്ധമുള്ളതായും പുസ്തകം പറയുന്നു. പശുവിനെ തിന്നുന്ന നേതാവാണ് ഇന്ത്യയെ മാട്ടിറച്ചി കയറ്റുമതിയില്‍ ഒന്നാമതാക്കിയതെന്നും പുസ്തകത്തിലുണ്ട്. കൈപുസ്തകത്തിനെതിരെ വിമര്‍ശനം ശക്തമായതോടെ വെബ്‌സൈറ്റില്‍നിന്ന് പിന്നീട് പിന്‍വലിച്ചു.
കത്തിരിയ അപ്രതീക്ഷിതമായി പുറത്തുപോയതിനെ കുറിച്ച് സൂചനകള്‍ ലഭ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ നിരന്തര പ്രസ്താവനകള്‍ ഉണ്ടാക്കിയ പൊല്ലാപ്പ് മൃഗ സംരക്ഷണ മന്ത്രാലയത്തെ എതിരാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരീക്ഷ പോലും നടത്തുന്നതിന് മന്ത്രാലയം പച്ചക്കൊടി കാണിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
അതേ സമയം, പരമാവധി വിദ്യാര്‍ഥികള്‍ കാമധേനു പരീക്ഷ എഴുതുന്നുവെന്ന് ഉറപ്പാക്കാന്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ എല്ലാ യൂനിവേഴ്‌സിറ്റികള്‍ക്കും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
201920ലെ ബജറ്റിലാണ് അന്നത്തെ ധനമന്ത്രി പിയൂഷ് ഗോയല്‍ രാഷ്ട്രീയ കാമധേനു ആയോഗ് സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."