നാട്ടുകാരെ മര്‍ദിച്ച് കടന്നുകളഞ്ഞ ലഹരി വില്‍പനക്കാരെ പൊലിസ് പിടികൂടി
സുല്‍ത്താന്‍ ബത്തേരി: റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ മര്‍ദിച്ച് രക്ഷപെട്ട ലഹരി വസ്തു വില്‍പ്പനക്കാരെ ബത്തേരി പൊലിസ് പിടികൂടി. ബത്തേരി ടൗണില്‍ നിരോധിത പാന്‍മസാല എത്തിച്ചു നല്‍കുന്ന ബത്തേരി സ്വദേശികളായ ആദം, ഫാരിസ് എന്നിവരെയാണ് പൊലിസ് പിടികൂടിയത്.
ഇവരുടെ ഗോഡൗണ്‍ റെയിഡ് ചെയ്ത പൊലിസ് 5000ത്തോളം പാക്കറ്റ് നിരോധിത പാന്‍മസാലകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബത്തേരി ഫെയര്‍ലാന്റ് കോളനിയില്‍ ലഹരി വസ്തുക്കളുമായി വില്‍പ്പനക്കെത്തിയവരാണ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ മര്‍ദിച്ചത്. സ്‌കൂട്ടറില്‍ ലഹരിവസ്തുക്കളുമായി എത്തിയ രണ്ടംഗ സംഘത്തെ പ്രദേശവാസികള്‍ ചോദ്യം ചെയ്തു. ഇതിനിടെയാണ് ഇവര്‍ക്കുനേരെ സംഘത്തില്‍പെട്ട ഒരാള്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് ആക്രമണം നടത്തിയത്.
സംഭവമറിഞ്ഞ് പൊലിസ് എത്തിയപ്പോഴേക്കും സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലിസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഫെയര്‍ലാന്റ് കോളനിയില്‍ ഇവര്‍ വാടകക്കെടുത്ത് നടത്തുന്ന ഗോഡൗണ്‍ റെയിഡ് ചെയ്തപ്പോഴാണ് 4170 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തത്. ഇതിന് പുറമെ സംഘം വില്‍പ്പനക്കായി ബാഗില്‍ കൊണ്ടുവന്ന 162 പാക്കറ്റ് കൂള്‍ലിപ്പ്, 750 പാക്കറ്റ് മറ്റ് നിരോധിത പാന്‍മസാലകള്‍ എന്നിവയും പിടികൂടി. ഇവര്‍ക്കെതിരേ രണ്ട് കേസുകള്‍ എടുത്തതായി ബത്തേരി എസ്.ഐ ബിജു ആന്റണി പറഞ്ഞു.
ഗോഡൗണ്‍ റെയിഡിന് എസ്.ഐക്ക് പുറമെ അഡീഷണല്‍ എസ്.ഐമാരായ സാജു, പൗലോസ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഹരീഷ്, ബിനു, രവി, സജീഷ് എന്നിവരും നേതൃത്വം നല്‍കി. നിരോധിത പാന്‍മസാല എത്തിച്ച് വില്‍പ്പന നടത്തുന്നതിനിടെ പിടികൂടിയവര്‍ക്കെതിരേയും ഇത്തരത്തില്‍ പാന്‍മസാലകള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഫെയര്‍ലാന്റ് കോളനി നിവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."