ആര്.എസ്.എസ് നേതാവുമായി വിവാഹം; പിന്നാലെ സി.പി.എം പഞ്ചായത്ത് അംഗം രാജിവെച്ചു
കോഴിക്കോട്: ആര്.എസ്.എസ് നേതാവിനെ വിവാഹം ചെയ്തതിന് പിന്നാലെ സി.പി.എം പഞ്ചായത്ത് അംഗം സ്ഥാനം രാജിവെച്ചു. തിക്കോടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അംഗം ശ്രീലക്ഷ്മി കൃഷ്ണയാണ് മെമ്പര്‍ സ്ഥാനം രാജിവെച്ചത്.
കഴിഞ്ഞദിവസമാണ് കണ്ണൂര്‍ ഇരിട്ടിയിലെ ആര്.എസ്.എസ്. ശാഖ മുന്‍ മുഖ്യശിക്ഷകായ യുവാവും ശ്രീലക്ഷ്മിയും വിവാഹിതരായത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ചൊവ്വാഴ്ച പയ്യോളി പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ഇതിന് ശേഷമാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി നല്‍കിയത്.
2020ലെ തദ്ദേശ തെരെഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തിനാണ് സി.പി.എം. സ്ഥാനാര്‍ഥിയായി ശ്രീലക്ഷ്മി അഞ്ചാം വാര്‍ഡില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടത് . തിക്കോടി പഞ്ചായത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 526 വോട്ടിനാണ് ബി.ജെ.പി.യുടെ എതിര് സ്ഥാനാര്‍ഥിയെ ശ്രീലക്ഷ്മി തോല്പിച്ചത്. മെമ്പര്‍ രാജിവെച്ചതോടെ എല്‍.ഡി. എഫ്. ഭരിക്കുന്ന തിക്കോടിയിലെ അഞ്ചാം വാര്‍ഡായ പള്ളിക്കര സൗത്തില്‍ വീണ്ടും ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങി. 17 വാര്‍ഡുകളുള്ള തിക്കോടി ഗ്രാമപഞ്ചായത്ത് ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."