യുദ്ധത്തെ അനിവാര്യമാക്കുന്ന സാമ്രാജ്യത്വ താൽപര്യങ്ങൾ
ദാമോദർ പ്രസാദ്
അമേരിക്കയുടെ തിരക്കഥയ്ക്കനുസൃതമായി ഒരു മുഴുയുദ്ധമായി തീർന്നേക്കാവുന്ന റഷ്യയുടെ ഉക്രൈൻ ആക്രമണത്തിന്റെ ഭവിഷ്യത്തുകളെ നേരിടാനുള്ള തയാറടുപ്പിലാണ് ലോക ജനത. ഈ തിരക്കഥയിൽ വ്‌ലാദിമിർ പുടിന്റെ റഷ്യയാണ് അധിനിവേശ രാഷ്ട്രം. പുടിൻ അമേരിക്കൻ ഉദാരവാദ സങ്കൽപങ്ങൾക്ക് ചേർന്നുപോകുന്ന വില്ലനാണ്. പഴയ റഷ്യൻ സാമ്രാജ്യത്തിലെ സാർ ചക്രവർത്തിയെ പോലെയാണ് പുടിൻ. സമഗ്രാധിപതി. കഴിഞ്ഞ ഒരു ദശകമായി അമേരിക്കൻ മാധ്യമങ്ങൾ പുടിന്റെ ഈ ചിത്രത്തിന് നല്ല പ്രാധാന്യം നൽകിയിട്ടുണ്ട്. മറിച്ചൊരു പ്രൊഫൈൽ പ്രചരിപ്പിക്കാൻ റഷ്യ ശ്രമിച്ചിട്ടുമില്ല. ഏകാധിപത്യ പ്രവണതകളുള്ള ഒരു നേതാവാണ് പുടിൻ. ഗോർബച്ചേവിന്റെ പരിഷ്‌കൃത കമ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിച്ച് അമേരിക്കയുടെ പൂർണപിന്തുണയോടെ അധികാരത്തിൽ വന്ന യെൽസിൻ തന്റെ പിൻഗാമിയായി കണ്ടെത്തിയതാണ് പുടിനെ. ആദ്യഘട്ടത്തിൽ അദ്ദേഹം അമേരിക്കയുടെ ഇംഗിതങ്ങളെ അംഗീകരിക്കുന്ന രാഷ്ട്രനേതാവായിരുന്നു. എന്നാൽ ഗോർബച്ചേവിനെ പറ്റിച്ച മാതിരി പുടിനെ കബളിപ്പിക്കാൻ അമേരിക്കയ്ക്ക് സാധിച്ചില്ല. റഷ്യയുടെ അതിർത്തി പ്രദേശങ്ങളുടെ സമീപം വരെയുള്ള നാറ്റോയുടെ സൈന്യ വിന്യാസത്തെ റഷ്യ ചെറുക്കാൻ തുടങ്ങിയതോടെയാണ് അദ്ദേഹം പാശ്ചാത്യരാജ്യങ്ങളുടെ വിശിഷ്യാ അമേരിക്കയുടെ ശത്രുതയ്ക്ക് പാത്രമായത്. ട്രംപ് വിജയിച്ച തെരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടലുകലുകൾ ഏകധ്രുവ ലോകത്തിന്റെ പൊലിസുകാരൻ എന്ന നിലയിലുള്ള അമേരിക്കയുടെ മനോവീര്യത്തെ തകർത്തുക്കളയുന്നതായിരുന്നു.
അമേരിക്കയുടെ ആഗോള സമവാക്യങ്ങൾക്ക് ഭീഷണിയായി മാറിയ പുടിനെ പാശ്ചാത്യമാധ്യമങ്ങൾ അവസരങ്ങളുണ്ടാക്കി തന്നെ ആക്രമിച്ചുകൊണ്ടിരുന്നു. റഷ്യൻ ദേശീയവാദത്തെ പ്രോജ്വലിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻ്റെ രാഷ്ട്രീയനടപടികൾ ജനാധിപത്യത്തിന്റെ ലാഞ്ചന പോലും അവശേഷിപ്പിക്കുന്നതായിരുന്നില്ല എന്നത് വസ്തുതയാണ്. മറ്റു രാഷ്ട്രങ്ങളിലെ സമകാലിക സമഗ്രാധികാരികളുടെ പോലെ തന്നെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ശത്രുതാപൂർവം കാണുന്ന രീതി തന്നെയായിരുന്നു വ്‌ലാദിമിർ പുടിനും. കഴിഞ്ഞ തവണത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് റഷ്യയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ ദിമിത്രി മുർതോവിനാണ്. പുടിനെ എതിർക്കുന്ന ദിമിത്രി മുർതോവ് പറഞ്ഞത് ഉക്രൈനുമായുള്ള റഷ്യയുടെ യുദ്ധം സാധ്യമായിരിക്കുമെന്നാണ്. പാശ്ചാത്യമാധ്യമങ്ങൾ അത് വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗമായി അമേരിക്ക ഒരു ഘട്ടം വരെ പിന്തുണച്ച പുടിന്റെ ഏകാധിപത്യപ്രവണതകളെ മനസ്സിലാക്കുമ്പോൾ തന്നെ യുദ്ധങ്ങളിലൂടെ സുസ്ഥിരമാക്കാൻ ശ്രമിക്കുന്ന അമേരിക്കയുടെയും പാശ്ചാത്യ സഖ്യകക്ഷികളുടെയും സാമ്രാജ്യത്വ താൽപര്യങ്ങളും എതിർക്കപ്പെടേണ്ടതാണ്. യുദ്ധത്തെ അനിവാര്യമാക്കുന്നത് അമേരിക്കയുടെ നിക്ഷിപ്ത താൽപര്യത്തിന്റെ ഫലമായാണ്.
അമേരിക്കയുടെ യുദ്ധക്കൊതിക്ക് വിരാമമില്ല. അഫ്ഗാൻ അധിനിവേശ പദ്ധതി ഒരു വൻ പരാജയമായതോടെ അവിടെ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാൻ ബൈഡൻ അഡ്മിനിസ്‌ട്രേഷൻ തീരുമാനിക്കുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞതേയുള്ളൂ റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ മുൻനിർത്തി അമേരിക്ക മറ്റൊരു സൈനിക ആക്രമണത്തിന് തയാറായിരിക്കുന്നു. റഷ്യ ഉക്രൈനെ ആക്രമിക്കുമെന്നുള്ള ഭീതി പടർത്തി യുദ്ധവെറിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അമേരിക്കൻ വലതുപക്ഷം മുതൽ ലിബറൽ മാധ്യമങ്ങൾ വരെ. അമേരിക്കൻ താൽപര്യങ്ങൾക്ക് വിഘാതമാകുന്നത് വരെ ഏതു സമഗ്രാധികാര വ്യവസ്ഥയെയും വാഷിങ്ടൺ പിന്താങ്ങും. ലാറ്റിൻ അമേരിക്കയിൽ കമ്യൂണിസം പടരാതിരിക്കാൻ ഏറ്റവും നിർദയ ഏകാധിപതികളെ അവിടുത്തെ രാജ്യങ്ങളിൽ വാഴിച്ചു. വിയറ്റ്‌നാം ജനതയുടെ ചെറുത്തുനിൽപ്പ് അമേരിക്കയുടെ കമ്യൂണിസ്റ്റ് വിരുദ്ധ യുദ്ധ വെറിക്കേറ്റ കനത്ത തിരിച്ചടിയായിരുന്നുവെങ്കിലും അതിൽനിന്ന് പ്രത്യക്ഷത്തിൽ വലിയ പാഠങ്ങളൊന്നും ഉൾക്കൊള്ളാതെയായാണ് ലാറ്റിൻ അമേരിക്കൻ സമഗ്രാധികാരികളെ പിന്തുണച്ചത്. എന്നാൽ എൺപതുകൾ ഒടുക്കത്തോടെ വാഷിങ്ടൺ വിദേശ നയങ്ങങ്ങളിൽ ചില കാതലായ മാറ്റങ്ങൾ വരുത്തി തുടങ്ങി. അപ്പോഴേക്കും സോവിയറ്റ് യൂനിയൻ ക്ഷയോന്മുഖമമായി കഴിഞ്ഞിരുന്നു. ശീതസമരത്തിൽ ആത്യന്തിക വിജയം നേടിയത് അമേരിക്കൻ സാമ്രാജ്യം തന്നെയാണ്.
അമേരിക്കൻ മോഡൽ ജനാധിപത്യത്തിന്റെ ആഗോള കയറ്റുമതി എന്ന തന്ത്രപരമായ സമീപനത്തിലേക്കുള്ള പരിവർത്തനം നടക്കുന്നത് ശീതസമരത്തിന്റെ അന്ത്യഘട്ടമാകുമ്പോഴേക്കാണ്. കൊളോണിയൽ അധിനിവേശ വൈജ്ഞാനികതയുടെ കേന്ദ്രസ്ഥായിയിൽ വർത്തിച്ച അപരിഷ്‌കൃതരെ പരിഷ്‌ക്കരിച്ചെടുക്കുക എന്നാശയത്തെ അമേരിക്കയുടെ ആഗോള സ്വാധീന വിപുലീകരണത്തിനുള്ള ഏറ്റവും ഫലപ്രദമായ ഉപാധിയാക്കി മാറ്റുകയായിരുന്നു. കൊളോണിയലിസത്തിന്റെ പരിഷ്‌കൃതി സങ്കൽപ്പത്തിന്റെ സ്ഥാനത്ത് അമേരിക്കൻ ഉദാരവാദ ജനാധിപത്യത്തെ പ്രതിഷ്ഠിച്ചു. ലോകത്തെ കീഴടക്കാൻ ഏറ്റവും മികച്ചതും വിശ്വസനീയവുമായ ഉപാധി എന്ന നിലയിലാണ് കൊളോണിയൽ അധിനിവേശത്തിന്റെ പഴയ ആശയത്തെ അമേരിക്ക പരിഷ്‌ക്കരിച്ചെടുത്തത്. ലിബറൽ അമേരിക്കൻ മാധ്യമങ്ങളെ അവരുടെ സൈനിക വ്യവസ്ഥയുമായി എംബെഡ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ പദ്ധതിയായിരുന്നു ഈ ജനാധിപത്യത്തിന്റെ കയറ്റുമതി. ഗൾഫ് യുദ്ധത്തിലാണ് ഇത് പുതുമോടികളോടെ വിജയകരമായി ആദ്യം പരീക്ഷിക്കുന്നത്. സദ്ദാം ഹുസൈനെ വാഷിങ്ടൺ ഒരു ഘട്ടം വരെ പിന്തുണച്ചിരുന്നതാണ്. എന്നാൽ അമേരിക്കയുടെ എണ്ണ താൽപര്യങ്ങൾക്ക് അദ്ദേഹത്തിൻ്റെ നിലപാടുകൾ ദോഷകരമാകുന്നു എന്നു വന്നതോടെയാണ് അമേരിക്ക തനിനിറം പുറത്തെടുക്കുന്നത്. കുവൈത്ത് വിമോചനവും കുർദ് അഭയാർഥികളുടെ സംരക്ഷണവും എന്ന മറപിടിച്ചുകൊണ്ടാണ് ഇറാഖിലേക്കുള്ള അധിനിവേശം ആരംഭിച്ചത്. ഗൾഫ് യുദ്ധം നടക്കുന്നത് ലോകചരിത്രത്തിന്റെ നിർണായകമായ ഒരു ഘട്ടത്തിലാണ്. നവലിബറൽ ആഗോളവൽക്കരണ ലോകക്രമത്തിലേക്ക് രാഷ്ട്രങ്ങൾ ഏകീകരിക്കപ്പെടുന്ന ഘട്ടമായിരുന്നു അത്. ശ്രേണിബദ്ധമായ കേന്ദ്രിത ലോകവ്യവസ്ഥയെ സ്ഥാപിച്ചെടുക്കാൻ അമേരിക്കൻ സൈനിക ഭരണസംവിധാനത്തിന് ഇറാഖ് അധിനിവേശത്തിലൂടെ സാധിച്ചു.
ഗൾഫ് യുദ്ധത്തോടെ കാണുന്ന മറ്റൊരു പ്രധാന പ്രവണത ദൃശ്യമാധ്യമങ്ങൾ അമേരിക്കൻ സൈന്യത്തോടൊപ്പം അണിചേരുന്നതാണ്. ഗൾഫ് യുദ്ധത്തിന്റെ തത്സമയ ദൃശ്യങ്ങൾ റുപേർട് മർഡോക്കിന്റെ വാണിജ്യ ഉപഗ്രഹ ചാനൽ ലോകമാകെ സംപ്രേഷണം ചെയ്യുകയുണ്ടായി. ഒരു പുതിയ മാധ്യമസംസ്‌കാരവും ഇതോടെ സ്ഥാപിതമായി. അമേരിക്കൻ താൽപര്യങ്ങൾ ലോകം മുഴുവനും പ്രചരിപ്പിക്കാൻ മർഡോക്കിന്റെ ചാനലുകൾ വഴിയും അദ്ദേഹത്തിൻ്റെ നിക്ഷേപങ്ങളുള്ള മറ്റു ചാനലുകളിലൂടെയും സാധിച്ചു. അൽ ജസീറ എന്ന ചാനൽ ലഭ്യമാകുന്നത് വരെ അമേരിക്കൻ വീക്ഷണങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്ന വാർത്തകളാണ് ലോകത്തെ എവിടെയുമുള്ള പ്രേക്ഷകർ ഉപഭോഗം ചെയ്തുകൊണ്ടിരുന്നത്. അമേരിക്കയുടെ എണ്ണ താൽപര്യങ്ങളെ ചൂഴ്ന്നുനിൽക്കുന്ന മധ്യേഷ്യൻ രാജ്യങ്ങളിലെക്കുള്ള അധിനിവേശങ്ങളൊക്കെ ന്യായീകരിക്കപ്പെട്ടത് ജനാധിപത്യ കയറ്റുമതി പദ്ധതിയുടെ യുക്തിവച്ചാണ്. അമേരിക്കയുടെ പ്രസിദ്ധമായ ന്യൂയോർക്ക് ടൈംസ് പത്രമാണ് സദാം ഹുസൈന്റെ സൂക്ഷിപ്പിൽ കൂട്ടനശീകരണത്തിന്റെ ആയുധങ്ങളുണ്ടെന്ന (MUD) വ്യാജ വാർത്ത നൽകിയത്. ഇതിനെ തുടർന്നാണ് ഇറാഖിലേക്ക് നാറ്റോ സൈന്യം അധിനിവേശം നടത്തുന്നത്. ബുഷ് -ബ്ലയർ വ്യവസ്ഥ ഐക്യരാഷ്ടസഭയെ നോക്കുകുത്തിയാക്കിയാണ് ഈ അധിനിവേശം നടത്തിയത്. യുദ്ധക്കുറ്റങ്ങൾക്ക് വിചാരണ ചെയ്യപ്പെണ്ടേണ്ട രാഷ്ട്രീയ നേതൃത്വമാണ് രണ്ടു രാഷ്ട്രങ്ങളുടേതും. അമേരിക്ക-ബ്രിട്ടീഷ് താൽപര്യങ്ങളുടെ ഏകോപനത്തിൽ സി.ഐ.എ വഹിച്ച പങ്കിനെക്കുറിച്ചുള്ള ചില വ്യംഗ്യ സൂചനകളുള്ള നൽകുന്നതാണ് റോമൻ പൊളാൻസ്‌കിയുടെ 'ഗോസ്റ്റ് റൈറ്റർ' എന്ന ചിത്രം.
9/11 അമേരിക്കൻ ജനതയ്ക്ക് വലിയ ദുരന്തമായിരുന്നുവെങ്കിലും ബുഷും ഡിക്ക് ചീനിയും അവരുടെ വലതുപക്ഷ അജൻഡ നടപ്പാക്കാൻ കിട്ടിയ ഏറ്റവും സുപ്രധാന അവസരമായാണ് അവർ ഇതിനെ കണ്ടത്. ഭീകരതയെക്കെതിരേയുള യുദ്ധമെന്ന നാമകരണത്തിൽ മുസ്‌ലിം ഭീതിയാണ് ലോകമെങ്ങും പടർത്തിയത്. ലോകത്തെ എല്ലാ ഇന്റലിജൻസ് ഏജൻസികളും ഈ അമേരിക്കൻ പദ്ധതിയുടെ നിർവാഹകരായി മാറി. നവ ഉദാരവൽക്കരണത്തിനുശേഷം ലോകമമെമ്പാടും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് അധികാരാരോഹണത്തിനുള്ള അന്തരീക്ഷമാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യംവച്ചത്. ചൈന അമേരിക്കയുടെ ഭീകരതയ്ക്കെതിരേയുള്ള യുദ്ധത്തെ അംഗീകരിച്ചിട്ടില്ലെങ്കിലും അതിനെ നിരാകരിച്ചിട്ടുമില്ല. അമേരിക്കയുടെ കിഴക്കൻ അധിനിവേശ നീക്കങ്ങൾക്ക് നിർണായകമാണ് ഇസ്റാഇൗലിന്റെ താൽപര്യങ്ങൾ. അയൽപ്രദേശങ്ങളെ കീഴ്‌പ്പെടുത്തികൊണ്ടുള്ള ഇസ്റാഇൗലിന്റെ അധിനിവേശങ്ങളെ അമേരിക്കൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ട്രംപ് പോയി ബൈഡൻ വന്നപ്പോഴും അമേരിക്കൻ വ്യവസായ-സൈനിക വ്യവസ്ഥയുടെ താൽപര്യങ്ങൾക്ക് പ്രത്യേകിച്ചൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് .
ഉക്രൈനിനെ റഷ്യ ആക്രമിക്കുമെന്നുള്ള അമേരിക്കൻ മാധ്യമങ്ങളുടെ കഴിഞ്ഞ ദിവസത്തെ യുദ്ധാഹ്വാന ചെണ്ടകൊട്ടൽ തീർച്ചയായും നമ്മെ ഓർമിപ്പിക്കുക കൂട്ട നശീകരണ രാസായുധങ്ങൾ ഇറാഖിലുണ്ടെന്ന അമേരിക്കൻ മാധ്യമങ്ങളുടെ പ്രചാരണത്തെയാണ്. ഉക്രൈനിലെ ഡൺബാസിന്റെ അതിർത്തി - പ്രദേശങ്ങളിൽ റഷ്യ സൈന്യ വിന്യാസം നടത്തിയതിന്റെ ചിത്രങ്ങൾ കാണിച്ചുകൊണ്ടാണ് റഷ്യ ഉക്രൈനിനെ അക്രമിക്കുമെന്നുള്ള ഒരു ആഖ്യാനം തന്നെ അമേരിക്കൻ മാധ്യമങ്ങൾ മെനഞ്ഞത്. വാസ്തവത്തിൽ പുടിനെ നിരന്തരമായി പ്രകോപിപ്പിക്കുകയാണ് പാശ്ചാത്യശക്തികൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതുവിധേനയും റഷ്യയെകൊണ്ടു ഉക്രൈനിനെ ആക്രമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണങ്ങൾ നടത്തിയത്. യുദ്ധത്തെ ലാഭകരമായ കച്ചവടമായി കാണുന്ന അമേരിക്കയുടെ ആയുധ വ്യവസായം അധിനിവേശത്തെ പ്രോത്സാഹപ്പിക്കുന്നു. അധിനിവേശത്തിൽ താറുമാറായ പ്രദേശത്തെ പുനർനിർമിക്കുക എന്ന പേരിൽ വൻകിട നിർമാണ കോർപറേറ്റുകൾക്ക് അധിനിവേശിത പ്രദേശങ്ങളിൽനിന്ന് വ്യാപകമായി കൊള്ള ചെയ്യാനും സാധിക്കുന്നു. ലോകത്തിലെ ഇത്രയധികം യുദ്ധക്കുറ്റങ്ങൾ ചെയ്തുകൂട്ടിയ മറ്റൊരു രാഷ്ട്രമില്ല. ഓരോ യുദ്ധവും ആത്യന്തികമായ അമേരിക്കയുടെ സാമ്ര്യാജിത്വ അധീശത്വം ഉറപ്പിച്ചുനിർത്താൻ വേണ്ടിയുള്ളതാണ്. സമീപകാലങ്ങളിൽ മാറിക്കൊണ്ടിരിക്കുന്ന ലോകവ്യവസ്ഥയിലെ, പ്രത്യേകിച്ചും മഹാമാരിക്ക് ശേഷമുള്ള കാലത്തിലെ, ബലാബലത്തിൽ അമേരിക്കയുടെ അധീശത്വത്തിനെതിരേയുള്ള വലിയ വെല്ലുവിളികൾ ഉയരുകയാണ്. ചൈനയും റഷ്യയും സംയുക്തമായി നാറ്റോയുടെ കീഴക്കൻ പ്രദേശങ്ങളിലേക്കുള്ള നീക്കത്തെ ശക്തമായി എതിർക്കുന്നു. ഈ സാഹചര്യത്തെ മറികടക്കാൻ അമേരിക്കയ്ക്ക് ഒരു യുദ്ധം അനിവാര്യമാണെങ്കിൽ, അതിനു എന്തുതന്നെ തിക്തഫലങ്ങളുണ്ടായാലും ശരി, അത് സാധിച്ചെടുക്കാൻ ഏതു കുതന്ത്രവും ആവിഷ്‌ക്കരിക്കാൻ ഈ അധിനിവേശരാഷ്ട്രം മടിക്കുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."