നടിയെ ആക്രമിച്ച കേസ്: വാദം പൂര്‍ത്തിയായി തുടരന്വേഷണത്തിന് മൂന്നുമാസം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍
കൊച്ചി
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസംകൂടി സമയം വേണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയില്‍. ഇതുവരെയുള്ള അന്വേഷണത്തിൻ്റെ വിശദാംശങ്ങള്‍ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. കേസില്‍ ഇരുഭാഗത്തിൻ്റെയും വാദം പൂര്‍ത്തിയായി. അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും തമ്മിലുള്ള ഗൂഢാലോചനയില്‍ നിന്നാണ് ഇത്തരത്തിലൊരു കേസുണ്ടായെതെന്നാണ് ദിലീപിൻ്റെ വാദം. കേസ് ഗൂഢാലോചനയുടെ ഭാഗമാണെങ്കില്‍ ഇതിലും നല്ല കഥ മെനയാമായിരുന്നല്ലോയെന്ന് കോടതി ചോദിച്ചു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്ന ദിലീപിൻ്റെ വാദത്തെയും കോടതി എതിര്‍ത്തു. വിചാരണ നീട്ടിയതുകൊണ്ട് പ്രോസിക്യൂഷന് എന്താണ് ഗുണമെന്നും കോടതി വാദത്തിനിടെ ചോദിച്ചു. മാർച്ച് ഒന്നിന് മുൻപ് തുടരന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു വിചാരണക്കോടതി നിർദേശം. എന്നാല്‍, സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്നു ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ ഇല്ലാതാക്കാനാണ് ഇപ്പോൾ തുടരന്വേഷണം നടത്തുന്നത്. തുടരന്വേഷണത്തിന്റെ മറവിൽ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കുന്നുവെന്നും ഇത് അനുവദിക്കരുതെന്നും ദിലീപ് കോടതിയെ അറിയിച്ചു. ദിലീപിൻ്റെ ഹരജിയെ എതിർത്ത് ഇരയായ നടി കേസിൽ കക്ഷിചേർന്നിട്ടുണ്ട്. പ്രതിക്ക് തുടരന്വേഷണം നടത്തേണ്ടെന്ന് അവകാശപ്പെടാനാവില്ലെന്നാണ് നടി കോടതിയെ അറിയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."