ഭയമുണ്ട്, പ്രതീക്ഷയും പ്രാർഥനയിൽ കുടുംബം, ഞെട്ടി ഉണർന്നത് സ്ഫോടനശബ്ദം കേട്ട് നാട്ടിലെത്തുന്നതിനെപ്പറ്റി എത്തുംപിടിയുമില്ലെന്ന് വിദ്യാർഥികൾ
സുനി അൽഹാദി
കൊച്ചി
'സ്ഫോടനശബ്ദം കേട്ടാണ് ഞങ്ങൾ ഞെട്ടി ഉണർന്നത്, എന്താണെന്ന് ആദ്യം മനസിലായില്ല. പിന്നീടാണ് തേർഡ്സ്റ്റേഷൻ്റെ അടുത്ത് മിസൈൽ വീണതാണെന്ന് അറിഞ്ഞത്. ഉടൻ തന്നെ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസേജുകൾ വന്നുകൊണ്ടിരുന്നു. റഷ്യൻ ആക്രമണമാണ്, ഭക്ഷണവും വെള്ളവും കരുതിവയ്ക്കണം, വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടും, നെറ്റ് വർക്ക് കണക്ഷനും നഷ്ടപ്പെട്ടേക്കാം... തുടങ്ങിയ അറിയിപ്പുകൾ കണ്ടതോടെ ഞങ്ങളൊക്കെ ആകെ പരിഭ്രാന്തരായി. ഇപ്പോൽ സ്ഥിതി ആകെ വഷളായിരിക്കുകയാണ്'.
ഖാർക്കിവിലെ വി.എൻ കരാസിൻ യൂനിവേഴ്സിറ്റിയിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയായ ചാന്ദ്നി പർവീൺ ഫോണിലൂടെ ഇത്രയും പറഞ്ഞപ്പോൾ ശബ്ദമിടറി. പർവീണിനൊപ്പം മലപ്പുറം സ്വദേശിനിയായ ഇമാൻ, കോഴിക്കോട് സ്വദേശിനി കാർത്തിക എന്നിവരുമുണ്ട്. ഭക്ഷണം വാങ്ങാൻ ആദ്യം തിരക്കില്ലായിരുന്നെങ്കിലും പിന്നീട് ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ടായി. തങ്ങളുടെ പരിസരത്തുണ്ടായിരുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും ഉക്രൈൻ സ്വദേശികളുമൊക്കെ കൂട്ടത്തോടെ സ്ഥലം വിട്ടുപോയി. നാട്ടിലെത്തുന്നതിനെപ്പറ്റി എത്തുംപിടിയുമില്ലെന്നും പർവീൺ പറഞ്ഞു.
അധികൃതർ പറഞ്ഞതുപോലെ പാസ്പോർട്ടും മറ്റു രേഖകളും എടുത്ത് ഫ്ളാറ്റിനുള്ളിൽ കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് പോകാൻ തയാറായിരിക്കുകയാണ് ഖാർക്കിവിലെ ഇൻ്റർനാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ മൂന്നാം വർഷ വിദ്യാർഥിനിയായ കൊല്ലം സ്വദേശിനി സനില. ഇപ്പോൾ തങ്ങൾ സുരക്ഷിതരാണെങ്കിലും സ്ഫോടനശബ്ദങ്ങൾ ഭയപ്പെടുത്തുന്നുണ്ടെന്ന് സനിലയും പറഞ്ഞു.
വ്യോമമാർഗം നാട്ടിലെത്താനുള്ള വഴി അടഞ്ഞെങ്കിലും ഉക്രൈന് തൊട്ടടുത്ത രാജ്യത്തെത്തി അതുവഴി തങ്ങൾക്ക് നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ള വിദ്യാർഥികൾ. നാട്ടിലുള്ള ഇവരുടെ മാതാപിതാക്കളും ആശങ്കയിലാണ്. തങ്ങൾ സന്തോഷമായിരിക്കുന്നു, പ്രശ്നങ്ങളൊന്നുമില്ല എന്നൊക്കെ യുദ്ധഭൂമിയിൽനിന്ന് മക്കൾ വിളിച്ചുപറയുന്നത് എങ്ങനെ വിശ്വസിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്. മക്കൾ എത്രയും പെട്ടെന്ന് നാട്ടിലെത്തണേ എന്ന പ്രാർഥനയിലാണ് കുടുംബം.
അതേസമയം, വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അസ്പെയർ അബ്രോഡ് സ്റ്റഡീസ് ഡയരക്ടർ എ.എം താലിബ് പറഞ്ഞു. കേരളത്തിൽനിന്ന് ഏകദേശം 5,000 വിദ്യാർഥികളാണ് മെഡിക്കൽ, എയറോ സ്പേസ് എൻജിനീയറിങ് കോഴ്സുകളിൽ ഉക്രൈനിലെ വിവിധ യൂനിവേഴ്സിറ്റികളിൽ പഠിക്കുന്നത്. യുദ്ധാന്തരീക്ഷത്തിൽ ഇവരിൽ ചിലർ മാത്രമാണ് തിരിച്ചെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."