മന്ത്രിയെ മാറ്റാൻ ആവശ്യപ്പെടില്ലെന്ന് ഐ.എൻ.എൽ വഹാബ് വിഭാഗം
കോഴിക്കോട്
മന്ത്രി അഹമ്മദ് ദേവർകോവിലിനെ മാറ്റാൻ ആവശ്യപ്പെടില്ലെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എൽ.ഡി.എഫ് നേതൃത്വമാണെന്നും ഐ.എൻ.എൽ വഹാബ് വിഭാഗം പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുൽ വഹാബ്. മന്ത്രിസ്ഥാനം സംബന്ധിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഹമ്മദ് ദേവർകോവിൽ മന്ത്രിസ്ഥാനത്തിരുന്ന് അധികാരമുപയോഗിച്ച് പ്രവർത്തകർക്കെതിരേ തിരിഞ്ഞാൽ എൽ.ഡി.എഫ് നേതൃത്വത്തെ സമീപിക്കുമെന്നും അബ്ദുൽ വഹാബ് പറഞ്ഞു.
ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് മങ്ങിയ പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കും. മെംബർഷിപ്പ് പ്രവർത്തനങ്ങൾ ഇന്നാരംഭിക്കും. മാർച്ച് 25ഓടു കൂടി പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വരും. മാർച്ച് 27ന് സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണവും സംസ്ഥാന പ്രതിനിധി സംഗമവും കോഴിക്കോട്ട് സംഘടിപ്പിക്കും. പാർട്ടിയുടെ സ്ഥാപകദിനമായ ഏപ്രിൽ 23ന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ പേരിൽ മെയ് മാസത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കും. മതനിരപേക്ഷതയിൽ തനത് സംഭാവനയർപ്പിച്ച ഒരു വ്യക്തിക്ക് സെമിനാറിന്റെ ഭാഗമായി പുരസ്‌കാരം നൽകും. സിൽവർലൈൻ ഉൾപ്പെടെയുള്ള വികസന വിഷയങ്ങൾ ചൂണ്ടിക്കാട്ടി മെയ് മാസത്തിൽ വികസന കാംപയിൻ സംഘടിപ്പിക്കും. ദേശീയ നേതൃത്വത്തിന്റെ അച്ചടക്ക നടപടിക്ക് വില കൽപ്പിക്കുന്നില്ല. തനിക്ക് ലഭിച്ച കാരണം കാണിക്കൽ നോട്ടിസിനെ അവജ്ഞയോടെ തള്ളിക്കളയുന്നതായും പ്രൊഫ. എ.പി അബ്ദുൽ വഹാബ് പറഞ്ഞു. നേരത്തെയുണ്ടായിരുന്ന സെക്രട്ടറിയേറ്റ് അംഗങ്ങളിൽ 12 പേർ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തു. വാർത്താസമ്മേളനത്തിൽ നാസർ കോയ തങ്ങൾ, എം.എ വഹാബ് ഹാജി, എൻ.കെ അബ്ദുൾ അസീസ്, അഡ്വ. മനോജ് സി.നായർ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."