'നിങ്ങളുടെ അധ്വാനത്തിന്റെ ലാഭം കൊയ്യുന്നത് മറ്റുള്ളവര്‍'- മത്സ്യത്തൊഴിലാളികളോട് സംവദിച്ച് രാഹുല്‍
കൊല്ലം: മല്‍സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തെ ഏറെ വിലമതിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒപ്പം യാത്ര ചെയ്തപ്പോള്‍ അവരുടെ കഷ്ടപ്പാട് നേരിട്ടറിഞ്ഞു. ഒപ്പം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍. പുലര്‍ച്ചെ കടലില്‍ പോയി വന്ന ശേഷമായിരുന്നു സംവാദം.
മത്സ്യത്തൊഴിലാളികളെ സര്‍ക്കാറുകള്‍ നിരന്തരം ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കുറച്ചുനാളുകളായി നേരിട്ട് അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാകാം നേതാക്കള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് അത് മുടക്കി. കടലിനോട് യുദ്ധം ചെയ്താണ് നിങ്ങള്‍ ജോലി ചെയ്യുന്നത്. നിങ്ങളാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ലാഭം മറ്റാര്‍ക്കോ കിട്ടുന്നു' രാഹുല്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. മത്സ്യത്തൊഴിലാളികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ സംവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ വലവിരിച്ച അനുഭവവും അദ്ദേഹം പറഞ്ഞു.
'ഇത്ര വലിയ ശ്രമങ്ങള്‍ കടലില്‍ നടത്തിയിട്ടും കടലില്‍ നിന്ന് ഒന്നും കിട്ടിയില്ല. വല വിരിച്ചപ്പോള്‍ നിറയെ മത്സ്യം കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അത് ശൂന്യമായിരുന്നു. എല്ലാ ദിവസവും പെട്രോള്‍-ഡീസല്‍ വില എല്ലാ ദിവസവും വര്‍ധിക്കുന്നു. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ എനിക്ക് കഴിഞ്ഞില്ലേക്കാം. എന്നാല്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകും'- അദ്ദേഹം ആവര്‍ത്തിച്ചു.
ഇന്ന് പുലര്‍ച്ചെ 5.15നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി.
കൊല്ലം തങ്കശേരി കടപ്പുറത്തായിരുന്നു സംവാദം. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തോളം മല്‍സ്യതൊഴിലാളികള്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ രാഹുല്‍ നടത്തുന്ന സംവാദപരിപാടികളുടെ തുടര്‍ച്ചയാണിത്. രമേശ് ചെന്നിത്തലയടക്കം സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പം കൊല്ലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."