രണ്ട് മത്സ്യങ്ങളുടെ കഥയറിഞ്ഞ് കുട്ടികളുടെ യാത്ര
പയ്യന്നൂര്‍: മുട്ടയിടാന്‍ പാറകള്‍ ചാടി കടന്ന് കുന്നില്‍ മുകളിലേക്ക് പോകുന്ന നെടുംചൂരി മത്സ്യങ്ങള്‍... കഥയിലൂടെ മാത്രം അറിഞ്ഞ നെടുംചൂരി മത്സ്യങ്ങളുടെ സ്വന്തം ശൂലാപ്പ് കാവിലേക്ക് കുട്ടികളെത്തിയപ്പോള്‍ അനുഭവം പങ്കുവെക്കാന്‍ കഥാകാരന്‍ തന്നെ മുമ്പിലെത്തി.
ഡോ. അംബികാസുതന്‍ മാങ്ങാടിന്റെ രണ്ട് മത്സ്യങ്ങള്‍ എന്ന കഥയുടെ പൊരുളറിയാനാണ് കുഞ്ഞിമംഗലം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചീമേനിയിലെ ശൂലാപ്പ് കാവിലെത്തിയത്. കവ്വായി കായലിലെ ഉപ്പുവെള്ളത്തില്‍ മുട്ടകള്‍ നശിച്ചു പോകുമെന്ന് മനസ്സിലാക്കിയാണ് നെടുംചൂരി മത്സ്യങ്ങള്‍ നീലേശ്വരം കാര്യങ്കോട് പുഴകള്‍ പിന്നിട്ട് ചെറുനീര്‍ ചാലുകളിലൂടെ പാറകള്‍ ചാടി കടന്ന് അതിസാഹസികമായി ശൂലാപ്പ് കാവിലെത്തിയിരുന്നത്. മനുഷ്യന്റെ ചെയ്തികള്‍ മൂലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതിയെക്കുറിച്ച് വിലപിക്കുന്ന നെടുംചൂരി മത്സ്യ ദമ്പതിമാരായ അഴകന്റെയും പൂവാലിയുടെയും കഥ 'രണ്ട് മത്സ്യങ്ങള്‍' എട്ടാതരം മലയാളം പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഥ വായിച്ച് അത്ഭുതം കൂറിയവര്‍ നെടുംചൂരി മത്സ്യത്തിന്റെ സഞ്ചാര പാത കഥാകാരനുമൊത്ത് ഏറെ നേരം കൗതുകത്തോടെ നോക്കി കണ്ടു. കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാള വിഭാഗം അധ്യാപകര്‍ പഠനയാത്രക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."