രാഹുലിനും യോഗിക്കും മുഖ്യമന്ത്രിയുടെ മറുപടി: ഇടതുപക്ഷത്തിനെതിരേ ഇരുവര്‍ക്കും ഒരേ സ്വരം
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെയും യോഗി ആദിത്യനാഥിനെയും പരിഹസിച്ചും വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിക്കും യോഗിക്കും ഒരേ സ്വരമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷത്തിനെതിരേ രണ്ടുപേര്‍ക്കും ഒരേ വികാരമാണെന്നും അക്കാര്യത്തില്‍ അവര്‍ ഒരുപോലെ ഐക്യപ്പെടുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കര്‍ഷക രക്തം കോണ്‍ഗ്രസിന്റെ കയ്യില്‍ പറ്റിയിരിക്കുന്നു, ഇതിന് കര്‍ഷകരോട് രാഹുല്‍ നിരുപാധികം മാപ്പ് പറയണം. കാര്‍ഷിക പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസ് സര്‍ക്കാരാണ്. ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ അവഗണിക്കുന്ന രാഹുല്‍ കേരളത്തില്‍ വന്നാണ് കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നത്. രാഹുലിന്റ ഈവിശാല മനസ്‌കത പ്രശംസനീയമാണെന്നും പിണറായി വിജയന്‍ പരിഹസിച്ചു.
രാഹുല്‍ അസാധാരണമായ ഇടപെടല്‍ നടത്തി കണ്ടു. ട്രാക്ടര്‍ ഓടിച്ച് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു. കടലില്‍ നീന്തി മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കുന്നു. അദ്ദേഹത്തിന്റെ നല്ല മനസിനു നന്ദി. ഇവരുടെ സര്‍ട്ടിഫിക്കറ്റ് ലക്ഷ്യമിട്ടല്ല കേരളം മുന്നോട്ട് പോകുന്നത്. സ്വന്തം മണ്ഡലത്തില്‍ എന്താണ് സംഭവിച്ചതെന്നെങ്കിലും തിരക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം. വയനാടിന്റെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷി എങ്ങനെയാണ് തകര്‍ന്നടിഞ്ഞത്.
തൊണ്ണൂറുകളോടെ രാഹുലിന്റെ പാര്‍ട്ടി നടപ്പാക്കിയ നവ ഉദാരവത്കരണ നയത്തെ തുടര്‍ന്നല്ലേ രാജ്യത്തെ കര്‍ഷകര്‍ക്കീ ഗതി വന്നത്. അതുകൊണ്ടല്ലേ അദ്ദേഹം എം.പിയായ വയനാട്ടില്‍പോലും ആയിരക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. അതെന്തേ രാഹുല്‍ ഓര്‍ക്കാതെ പോയതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വയനാട്ടില്‍ മാത്രം കര്‍ഷകര്‍ക്ക് ആറായിരം കോടി രൂപയുടെ നഷ്ടമാണെന്നാണ് കണക്കുകള്‍. അതുകൊണ്ടുതന്നെ ഈ കര്‍ഷകരോട് രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പു പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് ഇതിന് കാരണം. ഈ പാതകത്തിന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് വേണ്ടി കര്‍ഷകരോട് നിരുപാധികം മാപ്പ് പറയണം. നയങ്ങള്‍ തിരുത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് പുതിയ ബദലുകള്‍ വേണം. അതിനുള്ള ആര്‍ജവം അദ്ദേഹത്തിനുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."