'എല്ലാരും ഹിന്ദുക്കള്‍' അജന്‍ഡയെന്ത്?
കേട്ടാല്‍ വളരെ ഇമ്പം തോന്നുന്ന വാക്കുകളാണ് ഇക്കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് പരമാധികാരി ഡോ. മോഹന്‍ ഭാഗവത് പറഞ്ഞത്. 'ഇനി മേലില്‍ ഇന്ത്യയിലെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും അഹിന്ദുക്കള്‍ എന്നു വിളിക്കരുത്'. അതൊരു ആഹ്വാനമായിരുന്നു, ആര്‍.എസ്.എസ്സിൻ്റെ ദേശീയനേതാക്കളുടെ യോഗത്തില്‍ നടത്തിയ പ്രഖ്യാപനം. അതിനാല്‍ ആ വാക്കുകള്‍ അക്ഷരം പ്രതി പാലിക്കാന്‍ ഹിന്ദുത്വവാദികളായ സംഘ്പരിവാർ ബാധ്യസ്ഥരാണ്. മേൽപറഞ്ഞ പ്രകാരം ആഹ്വാനം ചെയ്യാനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. 'ഇന്ത്യയിലെ മുസ്‌ലിംകളും ക്രിസ്ത്യാനികളും സത്യത്തില്‍ ഹിന്ദുക്കള്‍ തന്നെയാണ്, അവര്‍ ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും'. അഹിന്ദുക്കളല്ലെങ്കില്‍ പിന്നെ അവരെ എന്തു വിളിക്കാം? എന്തു വിളിക്കണമെന്നു വ്യക്തമായി അണികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിങ്ങനെയാണ്: 'ഹിന്ദുക്കള്‍ നാലു തരത്തിലുണ്ട്, അഭിമാനമുള്ള ഹിന്ദുക്കൾ, വൈമനസ്യമുള്ള ഹിന്ദുക്കൾ, സൗഹൃദമില്ലാത്ത ഹിന്ദുക്കൾ, അജ്ഞരായ ഹിന്ദുക്കൾ എന്നിങ്ങനെ!'
അഭിമാനമുള്ള ഹിന്ദുക്കള്‍ തീര്‍ച്ചയായും ഹിന്ദുത്വവാദികള്‍ തന്നെയാകണം. വൈമനസ്യമുള്ള ഹിന്ദുക്കളെന്ന വിശേഷണം മതേതരവാദികളായ ഹിന്ദുക്കളെ ഉദ്ദേശിച്ചാവണം. ഇനിയുള്ളത് സൗഹൃദമില്ലാത്ത ഹിന്ദുക്കളാണ്. നിങ്ങളും ഹിന്ദുവാണ് എന്നു പറഞ്ഞാല്‍ അല്ലെന്നും 'ഞാന്‍ ഇന്ന മതക്കാരനാണ്' എന്നും പറയുന്നവരെയാകണം, അതായത് മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന ഇതരമത വിഭാഗം. ഇനിയുള്ളത് അജ്ഞരായ ഹിന്ദുക്കളാണ്. ഹിന്ദുമതക്കാരായ മാതാപിതാക്കള്‍ക്കു ജനിച്ചവരായിട്ടും 'ഞാന്‍ ഹിന്ദുവല്ല, ഒരു മതവിശ്വാസവുമില്ലാത്തവനാണ്' എന്നു പറയുന്ന മതദ്വേഷികളെയായിരിക്കും ഈ ഗണത്തില്‍ പെടുത്തിയിട്ടുള്ളത്.ഹിന്ദുവെന്നത് പ്രത്യേക മതമല്ലെന്നും അതൊരു സംസ്‌കാരവും ജീവിതരീതിയുമാണെന്നും മോഹന്‍ ഭാഗവത് ഈ പ്രസംഗത്തില്‍ സാന്ദര്‍ഭികമായി പറയുന്നുണ്ട്.
അഹിന്ദു എന്ന വാക്ക് റദ്ദ് ചെയ്ത് ആര്‍.എസ്.എസ് തലവന്‍ എന്തുകൊണ്ടായിരിക്കാം വൈമനസ്യമുള്ള, സൗഹൃദമില്ലാത്ത, അജ്ഞരായ ഹിന്ദുവിഭാഗങ്ങളെ സൃഷ്ടിച്ചത്? മതന്യൂനപക്ഷങ്ങളോടെല്ലാം 'ഹിന്ദുക്കളുടെ ഇന്ത്യയില്‍ നിന്നു പുറത്തു കടക്ക്' എന്ന് ഇതുവരെ നടത്തിയ ആക്രോശങ്ങളെല്ലാം ഉപേക്ഷിച്ച് ഇന്ത്യയിലെ എല്ലാ മതവിശ്വാസികളെയും ഏകോദരസഹോദരങ്ങളായി പരിഗണിക്കണമെന്ന നിഷേധാത്മകമല്ലാത്ത (പോസിറ്റീവ്) പുതിയ നിലപാടിൻ്റെ പ്രഖ്യാപനമാണോ? തീര്‍ച്ചയായും അങ്ങനെ കാണുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്. ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഇന്ത്യക്കാര്‍ എന്നതിനപ്പുറം ഹിന്ദുക്കള്‍ തന്നെ എന്ന് അംഗീകരിക്കുമെന്നതിനര്‍ഥം നാനാത്വത്തില്‍ ഏകത്വമെന്ന വിശാലവീക്ഷണത്തിലേയ്ക്ക് സംഘ്പരിവാര്‍ ഉയരുന്നു എന്നാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാൽ അത് അങ്ങനെത്തന്നെയാണോ?
മതേതര മനസ്സുകള്‍ക്ക് അക്കാര്യത്തില്‍ സംശയമുണ്ട്. സംഘ്പരിവാർ പിറവിയെടുത്ത കാലം മുതല്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന ഹിന്ദുരാഷ്ട്രവാദത്തിലേയ്ക്കുള്ള എളുപ്പവഴിയാണിതെന്നാണ് സംശയിക്കപ്പെടുന്നത്. ജനസംഖ്യയില്‍ 15 ശതമാനം വരുന്ന മുസ്‌ലിംകളെയും 2.3 ശതമാനം വരുന്ന ക്രിസ്ത്യാനികളെയും കൊന്നൊടുക്കിയോ നാടുകടത്തിയോ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കല്‍ അസാധ്യമാണെന്നതില്‍ സംശയമില്ല. പൗരത്വനിയമം ഭേദഗതി ചെയ്താലും ഏകസിവില്‍ നിയമം പ്രാബല്യത്തില്‍ വരുത്തിയാലും ഹിന്ദുരാഷ്ട്ര സ്വപ്‌നം ഫലത്തില്‍ വരില്ല. ആ സ്വപ്‌നം കൈവെടിയുന്ന കാര്യം സംഘ്പരിവാറിന് സങ്കല്‍പ്പിക്കാനും കഴിയില്ല. അപ്പോള്‍ പരിഹാരമാര്‍ഗമെന്ത്?
അതാണ് സ്വാംശീകരണതന്ത്രം-(അസിമിലേഷന്‍ തിയറി). പണ്ടു പണ്ട് ആര്യന്മാര്‍ നടപ്പാക്കി വിജയിപ്പിച്ച തന്ത്രമാണിത്. പൗരാണിക ഭാരതത്തില്‍, അതായത്, ആര്യന്മാരുടെ മുന്‍കൈയില്‍ ചാതുര്‍വര്‍ണ്യം പ്രാബല്യത്തില്‍ വരികയും ശക്തിപ്രാപിക്കുകയും ചെയ്യുന്നതിനു മുമ്പത്തെ ഭാരതത്തില്‍, മതാതീതമായ സംസ്‌കാരം നിലനിന്നിരുന്നു. ആസ്തികമോ നാസ്തികമോ ആയ ഏതു പ്രമാണത്തില്‍ വിശ്വസിക്കുന്നവരാണെങ്കിലും അവരെയെല്ലാം ഒരേപോലെ ഉള്‍ക്കൊള്ളുന്ന സംസ്‌കാരം ഇവിടെയുണ്ടായിരുന്നു. അതിനെയാണ് നാനാത്വത്തില്‍ ഏകത്വം എന്നു വിശേഷിപ്പിച്ചിരുന്നത്. ഈ സാമൂഹ്യാന്തരീക്ഷത്തില്‍ മേല്‍ക്കോയ്മയ്ക്കായി ആര്യന്മാര്‍ കോപ്പുകൂട്ടിയതോടെയാണ് നാനാത്വത്തില്‍ ഏകത്വമെന്ന സനാതനധര്‍മം തകര്‍ന്നടിയുന്നത്. ആര്യന്മാരുടെ മേല്‍ക്കോയ്മാ തന്ത്രത്തിൻ്റെ ഫലമായിരുന്നു ചാതുര്‍വര്‍ണ്യ സംസ്ഥാപനം. ദൈവത്തിന്റെ തലയിൽ നിന്നു പിറവിയെടുത്ത തങ്ങൾക്കാണ് ദൈവപ്രീതിക്കായി ഹോമം നടത്താനുള്ള അവകാശമെന്നും മറ്റുള്ളവർക്കായി തങ്ങളാണ് അതു ചെയ്യേണ്ടതെന്നും അതിനാൽ ചാതുർവർണ്യത്തിലെ വരേണ്യവിഭാഗം തങ്ങളാണെന്നും അവർ സ്ഥാപിച്ചെടുത്തു.
ഈ ചാതുര്‍വര്‍ണ്യകാലത്താണ് ജനവിഭാഗങ്ങള്‍ക്കിടയില്‍ ജാതീയമായ, അതിക്രൂരമായ ഉച്ചനീചത്വങ്ങളുണ്ടാകുന്നത്. രാജാധികാരകാലത്തും പില്‍ക്കാലത്തു ബ്രിട്ടീഷ് ഭരണകാലത്തും ആര്യന്മാരുടെ അധീശത്വം ഊനമില്ലാതെ തുടര്‍ന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷമാണ് ആര്യാധിപത്യം വെല്ലുവിളി നേരിടുന്നത്. ജനാധിപത്യത്തില്‍ അധികാരം ചാതുര്‍വര്‍ണ്യത്തിലെ നിയമപ്രകാരമായിരിക്കില്ലല്ലോ. നിയമത്തിനും അവകാശത്തിനും മുന്നില്‍ എല്ലാവരും സമന്മാര്‍ എന്ന തത്വം അവര്‍ണരില്‍ അവര്‍ണനായി പരിഗണിക്കപ്പെട്ട വിഭാഗത്തില്‍ നിന്നുള്ളവൻ്റെ മേല്‍ക്കൈയില്‍ ഭരണഘടനയായി രൂപപ്പെട്ടതോടെ ചാതുര്‍വര്‍ണ്യത്തിൻ്റെ അധീശത്വം തകര്‍ന്നടിയുമെന്ന അവസ്ഥ വന്നു. അപ്പോഴാണ് അവര്‍ണരെക്കൂടി കൂട്ടിപ്പിടിച്ച് വിശാലഹിന്ദുത്വവാദമെന്ന രണ്ടാം സ്വാംശീകരണ തന്ത്രം രൂപപ്പെടുന്നത്. അതുവരെ പട്ടിക്കും പൂച്ചയ്ക്കും വഴി നടക്കാന്‍ പറ്റുന്നിടത്തുപോലും പ്രവേശനം നിഷേധിക്കപ്പെട്ട അവര്‍ണനും ദലിതനുമെല്ലാം ഹിന്ദുവെന്ന ബാനറിനു കീഴിലേയ്ക്കു പ്രവേശനം നല്‍കപ്പെട്ടു. അപ്പോഴും സാമുദായികമായ ആധിപത്യം ആര്യന്മാരുടെ പിന്മുറക്കാര്‍ക്കു മാത്രമായി നിലനിര്‍ത്തുകയും ചെയ്തു.
ഹിന്ദുരാഷ്ട്രവാദം ശക്തിപ്പെടുന്നത് ഈ ലക്ഷ്യത്തോടെയാണെന്നാണു കരുതേണ്ടത്. ദൈവമാണ് ഗുണകര്‍മങ്ങളെ അടിസ്ഥാനപ്പെടുത്തി ചാതുര്‍വര്‍ണ്യവ്യവസ്ഥ സൃഷ്ടിച്ചത് എന്നാണല്ലോ അവകാശവാദം. (ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ വിഭാഗശഃ). അതുകൊണ്ടു തന്നെ ഹിന്ദുരാഷ്ട്രമാക്കപ്പെടുന്ന ഇന്ത്യയില്‍ ആ വ്യവസ്ഥ സ്വീകരിക്കാന്‍ ബാധ്യസ്ഥരാകും. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും നാസ്തികരെയും വരെ 'വൈമനസ്യമുള്ള, സൗഹൃദമില്ലാത്ത, അജ്ഞരായ' ഹിന്ദുക്കളായി അംഗീകരിച്ചാലും ദൈവത്തിന്റെ തലയില്‍ നിന്നു പിറവിയെടുത്തവര്‍ തന്നെയായിരിക്കും സമുദായപ്രമാണിമാർ. അജ്ഞരായ അവര്‍ണ, പിന്നോക്ക, അടിയാളവര്‍ഗം അന്നുമെന്നും വെള്ളം കോരാനും വിറകുവെട്ടാനും വിധിക്കപ്പെട്ടവരായി നിലനില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."