കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യം മുക്തി നേടിയിട്ടില്ല, വൈറസ് നിരക്ക് ഉയർന്ന് തന്നെ: സഊദി ആരോഗ്യ മന്ത്രാലയം
റിയാദ്: രാജ്യം വൈറസ് പ്രതിസന്ധിയിൽ നിന്ന് മുക്തമായിട്ടില്ലെന്നും വൈറസ് നിരക്കുകൾ ഉയർന്ന് തന്നെയാണെന്നും സഊദി ആരോഗ്യ മന്ത്രാലയം. മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലിയാണ് ഇത് വ്യക്തമാക്കിയത്. ചില പ്രദേശങ്ങളിൽ വൈറസ് ഉയർച്ച ഇപ്പോഴും ഉണ്ടെന്നും ചില പ്രദേശങ്ങളിൽ കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
എന്നാൽ, ചില പ്രദേശങ്ങൾ ഉയർച്ചയിലേക്ക് മടങ്ങുകയാണെന്നത് വൈറസിൽ നിന്നും പൂർണ്ണമായും മുക്തി ലഭ്യമായിട്ടില്ല എന്നതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരും വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും വാക്സിൻ സ്വീകരിക്കാൻ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
അതേസമയം, വൈറസ് കണ്ടെത്തിയതിനെ തുടർന്ന് 12 പള്ളികൾ കൂടി അണുവിമുക്തമാക്കുന്നതിനായി അടച്ചതായി ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പ്രാർത്ഥനക്കെത്തിയവരിൽ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്നാണിത്. ഇതിൽ എട്ട് പള്ളികൾ റിയാദിലാണ്. അൽജൗഫിൽ രണ്ട്, കിഴക്കൻ പ്രവിശ്യ, ജിസാൻ, ഖസീം, ഹായിൽ പ്രവിശ്യകളിലാണ് ഓരോ പള്ളികളും അടച്ചത്.
പതിനെട്ടു ദിവസങ്ങൾക്കുള്ളിൽ 153 പള്ളികളാണ് അണുനാശീകരണത്തിനായി അടച്ചത്. ഇതിൽ 135 എണ്ണവും അണുനശികരണത്തിന് ശേഷം തുറന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."