അഗ്നിച്ചിറകുള്ള രാജകുമാരി
ഫഖ്‌റുദ്ധീന്‍ പന്താവൂര്‍
ജീവിതം സമ്മാനിക്കുന്ന ക്രൂരമായ ചില ദുരന്തങ്ങളുണ്ട്. ഒരിക്കലും തിരിച്ചുകയറാനാവാത്തവിധം നിരാശയുടെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്ന വിധിയുടെ അധികക്കുപ്പായമിട്ട ക്രൂരതകള്‍. ഇതിനിടയിലും, എത്രമേല്‍ ആഴങ്ങളിലേക്ക് പോയാലും പ്രതിസന്ധികളില്‍ തളരാതെ ജീവിതവിജയം നേടുന്ന ചിലരെ കാണാം. അക്കൂട്ടത്തില്‍ ഒരാളാണ് ഡോക്ടര്‍ ഷാഹിന. എറണാകുളം ഇടപ്പള്ളിയിലെ ഡോ. ഷാഹിന കുഞ്ഞഹമ്മദ്.
വില്ലനായി മണ്ണെണ്ണ വിളക്ക്
അഞ്ചാമത്തെ വയസ്സില്‍ മണ്ണെണ്ണ വിളക്കില്‍ നിന്നും തീപടര്‍ന്ന് ഷാഹിനയുടെ ശരീരമാകെ പൊള്ളിയിരുന്നു. മുഖവും കഴുത്തും എല്ലാം ഉരുകിയൊലിച്ചു. 75 ശതമാനമാണ് പൊള്ളലേറ്റത്. ഒരു വിരലടക്കം കത്തിക്കരിഞ്ഞുപോയി. ഇത്താത്തമാര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ പൊടുന്നനെ കറന്റ് പോയതാണ്. അതോടെ മണ്ണെണ്ണ വിളക്ക് കത്തിച്ചു. വിളക്ക് അബദ്ധത്തില്‍ മടിയില്‍ തന്നെ വീണു. ഒരു പോളിസ്റ്റര്‍ ഉടുപ്പായിരുന്നു അണിഞ്ഞിരുന്നത്. അഗ്നിനാളം ഷാഹിനയുടെ സ്വപ്‌നങ്ങളെ വിഴുങ്ങി.
51 ആശുപത്രി ദിനങ്ങള്‍. പൊള്ളുന്ന വേദനയോടെ ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ടിരുന്ന ദിവസങ്ങള്‍. ഇനി ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല, ദൈവത്തിനു വിട്ടുകൊടുക്കുന്നു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അതോടെ ഡോക്ടറുടെ ജോലി ദൈവം ഏറ്റെടുത്തു. പതിയെ പതിയെ കുഞ്ഞു ഷാഹിന ജീവിതത്തിലേക്ക് മിഴിതുറന്നു.
സര്‍ക്കാര്‍ ഡോക്ടര്‍
ജീവിതത്തിലേക്കുള്ള തിരിച്ചുവരവു പോലും ഷാഹിനയെ സംബന്ധിച്ച് പ്രയാസമായിരുന്നു. അവിടെ നിന്നാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ്. പഠിച്ച് പഠിച്ച് ഷാഹിനയൊരു ഡോക്ടറായി. തൃപ്പൂണിത്തറ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഗസറ്റഡ് റാങ്കിലുള്ള മെഡിക്കല്‍ ഓഫിസറാണിപ്പോള്‍. അഗ്നിനാളം നക്കിത്തുടച്ച സ്വപ്‌നങ്ങളെ വീണ്ടും തുന്നിച്ചേര്‍ത്ത് ജീവിതത്തിന്റെ പുതുസ്വപ്‌നങ്ങള്‍ കാണുന്ന അഗ്നിച്ചിറകുള്ള രാജകുമാരി.
ഷാഹിനയുടെ ജീവിതം തിരിച്ചുപിടിക്കാന്‍ പത്തിലധികം സര്‍ജറികള്‍ വേണ്ടിവന്നു. വിധിയെ പഴിക്കാതെ മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ കരുത്തേകിയത് മാതാപിതാക്കളായ സുഹ്‌റയും കുഞ്ഞഹമ്മദുമാണ്. സ്വന്തം ഗരീരത്തെ കണ്ണാടിക്ക് മുന്നിലിരുന്ന് വേദനയോടെയും നിരാശയോടെയും കണ്ടിരുന്ന കൗമാരത്തെ നിശ്ചയദാര്‍ഢ്യംകൊണ്ട് മറികടക്കുകയായിരുന്നു ഷാഹിന. മറ്റുള്ളവരെ അലോസരപ്പെടുത്തിയിരുന്ന തന്റെ മുഖത്തെ പ്രതീക്ഷകളും സ്വപ്‌നങ്ങളാലും നിറമുള്ളതാക്കി. അങ്ങനെയാണ് ഡോക്ടറാവണമെന്ന മോഹം ഉള്ളിലുദിച്ചത്.
പഠനത്തില്‍ മികവു കാട്ടിയ ഷാഹിന, പൊളിച്ചെഴുതിയത് സമൂഹത്തിന്റെ ബാഹ്യസൗന്ദര്യസങ്കല്‍പത്തെയും മിഥ്യാധാരണകളെയുമാണ്. പരിമിതികള്‍ക്ക് നേരെ മുഖംതിരിക്കുന്ന നാടിനു മുന്‍പില്‍ മുഖം മറയ്ക്കാതെ ഷാഹിന നടന്നു. മുഖത്തുനോക്കി സഹതപിക്കാന്‍ വരുന്നവരെ തിരുത്താന്‍ സമയമില്ല. പരിമിതികള്‍ കൊണ്ട് സമൂഹത്തിനുമുന്നില്‍ നടക്കാന്‍ മടിക്കുന്ന ആളുകള്‍ക്ക് കരുത്തു നല്‍കണം. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതി ജീവിതത്തില്‍ പിറകോട്ട് നടക്കുന്നവര്‍ക്ക് മുന്നില്‍, പ്രതീക്ഷയുടെ തീനാളങ്ങളുള്ള വിളക്ക് കത്തിക്കണം. ഷാഹിനയുടെ ഈ ഉറച്ച മനസാണ് സര്‍ക്കാര്‍ സര്‍വിസിലൊരു ഡോക്ടറാക്കി മാറ്റിയത്.
പൊള്ളലേറ്റാല്‍ ഭാഗ്യം കരിഞ്ഞുപോകുമെന്നായിരുന്നു കുട്ടിക്കാലം മുതല്‍ ഷാഹിന ചുറ്റുവട്ടത്തു നിന്ന് കേട്ടിരുന്നത്. എന്നാല്‍ ആ പൊള്ളലേറ്റ ശരീരവുമായി ഡോക്ടറായി നിരവധിപേര്‍ക്ക് പ്രചോദനമാകുന്ന പാഠപുസ്തകമായി ഷാഹിന മാറി.
മമ്മൂട്ടിയും ഷാഹിനയും
ഷാഹിനയുടെ ജീവിതം മാസങ്ങള്‍ക്ക് മുമ്പ് അറിഞ്ഞ ചലച്ചിത്രതാരം മമ്മൂട്ടി ചികിത്സാ സഹായവുമായി എത്തി. തന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദ ചികിത്സാ സംരംഭത്തില്‍ സൗജന്യ ചികിത്സയൊരുക്കാമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ് പ്രധാന ചികിത്സാലയമെങ്കിലും കൊച്ചിയിലും മമ്മൂക്കയുടെ സംരംഭത്തിന് സെന്ററുണ്ട്. കൊച്ചിയിലെ സെന്ററിലെത്തി ഡോക്ടറെ കാണാന്‍ മമ്മൂട്ടി മാനേജിങ് ഡയരക്ടര്‍ വഴി അറിയിക്കുകയായിരുന്നു.
ഇപ്പോള്‍ ആ ചികിത്സയാണ് നടക്കുന്നത്. അവിടെവച്ച് ഡോക്ടറുടെ ഫോണിലൂടെ മമ്മൂക്കയോട് സംസാരിക്കാനായി. 'നമുക്ക് പരമാവധി നോക്കാം. ബാക്കിയെല്ലാം പടച്ചോന്റെ കൈയിലാണ്'- മമ്മൂക്ക പറഞ്ഞു. മമ്മൂക്കയെ നേരില്‍ കാണാനുള്ള ആഗ്രഹം ഷാഹിന ഡോക്ടറോട് പറഞ്ഞിരുന്നു. ഉറപ്പായും നേരില്‍ കാണാന്‍ വരുമെന്ന അദ്ദേഹത്തിന്റെ വാക്ക് സത്യമായി പുലരുമെന്ന പ്രതീക്ഷയിലാണ് ഡോ. ഷാഹിന.
ആത്മവിശ്വാസം വാനോളം
വിഷ്ണു സന്തോഷ് എന്ന ഫോട്ടോഗ്രാഫര്‍ മാസങ്ങള്‍ക്ക് മുമ്പ് ഷാഹിനയെ മോഡലാക്കി മലരിക്കല്‍ ആമ്പല്‍പാടങ്ങളില്‍ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. ഇത് ഷാഹിനയുടെ ആത്മവിശ്വാസം കൂട്ടി. അഭിനന്ദനങ്ങള്‍ ഷാഹിനയെ തേടിയെത്തി.
സഹോദരി ഷമീന, സബീന (ക്ലര്‍ക്ക്), ഷിജിന (സ്വകാര്യ സ്‌കൂളിലെ ടീച്ചര്‍). ഇവര്‍ക്കിടയിലെ രാജകുമാരിയാണ് ഷാഹിന. സഹോദരിമാരെല്ലാം വിവാഹിതരായി. ഏറ്റവും ഇളയവളാണ് ഷാഹിന. തന്നെ മനസ്സറിഞ്ഞു സ്‌നേഹിക്കുന്ന ഒരാള്‍ക്കുവേണ്ടി കാത്തിരിക്കുകയാണിവര്‍.
ശരീരസൗന്ദര്യത്തിലല്ല, മനസിന്റെ സൗന്ദര്യത്തിലാണ് കാര്യമെന്നൊക്കെ എല്ലാവരും പറയും. എന്നാല്‍ മുഖത്ത് എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞ ഒരാളെ പരിചയപ്പെടാനോ സൗഹൃദം സ്ഥാപിക്കാനോ ആളുകള്‍ മടിക്കും. പ്രത്യേകിച്ചും അതൊരു പെണ്‍കുട്ടിയാണെങ്കില്‍. അതാണ് പൊതുസമൂഹത്തിന്റെ രീതി. എന്നാല്‍, മുഖത്തിന്റെ രൂപവ്യത്യാസം ജീവിതകാലം മുഴുവനും ഒരു ഭാരമായി കാണരുതെന്ന് ഡോ.ഷാഹിന പറയുന്നു. പൊതുബോധമല്ല നിങ്ങളുടെ ജീവിതം നിര്‍ണയിക്കേണ്ടത്. പോരാടുക. നിലനില്‍ക്കുന്ന വ്യവസ്ഥിതി നിങ്ങളെ അംഗീകരിക്കുംവരെ പോരാടുക. അതാണ് ജീവിതത്തില്‍ വിജയിക്കാനുള്ള ഏക മാര്‍ഗമെന്നും ഹോമിയോ ഡോക്ടറായ ഷാഹിന സ്വന്തം ജീവിതംകൊണ്ട് അടിവരയിടുന്നു.
സൗന്ദര്യമെന്നത് പുറംകാഴ്ചയുടേത് മാത്രമല്ല. അതിന് ഉള്‍ക്കാഴ്ചയുടെ മനോഹാരിത കൂടി ആവശ്യമാണ്. ഒരിക്കല്‍ അപകര്‍ഷതയില്‍ മുഖം കുനിച്ചവര്‍ക്ക് തലയുയര്‍ത്തിപ്പിടിക്കാന്‍ പ്രചോദനമേകുന്നതാണ് ഷാഹിനയുടെ ജീവിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."