ക്രീക്കിലെ ഓളങ്ങളില്‍ അബ്ര തുഴഞ്ഞ് മലയാളി 'ബ്രോ'സ്
ക്രീകിലെ ഓളങ്ങള്‍ വകഞ്ഞുമാറ്റി തുഴയെറിയുകയാണ് ഹൈദരലിയും അബൂബക്കറും. ജീവിത നൗകയുടെ അമരത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഈ പ്രവാസികളിരിക്കുന്നു. ലോകത്തെ ഏറ്റവും പ്രസിദ്ധമായ കടവിലെ തോണിക്കാരായി. സഞ്ചാരികളുടെ പറുദീസയായ ദുബൈയില്‍ എത്തുന്നവരാരും ഒരു ദിര്‍ഹം മാത്രം ചെലവുവരുന്ന അബ്രയാത്ര നടത്താതിരിക്കില്ല.
ദുബൈയിലെ ദേരയെയും ബര്‍ദുബായിയെയും രണ്ടായി വിഭജിക്കുന്ന കായലാണ് ക്രീക്ക്. ഇരു കരകളിലും നിരവധി കെട്ടിടങ്ങള്‍. അതില്‍ അംബര ചുംബികളുണ്ട്. പഴമയുടെ പ്രൗഢി പേറുന്നവയുണ്ട്. കണ്ണാടി പോലെ അവയെ പ്രതിഫലിപ്പിക്കുകയാണ് ക്രീക്കിലെ വെള്ളക്കെട്ട്. ഇതിലൂടെ യാത്രക്കാരെ അക്കരെയിക്കരെ കടത്തുന്ന പരമ്പരാഗത ബോട്ടുകളാണ് അബ്രകള്‍. പഴയകാലത്ത് പടുമരങ്ങള്‍ കൊണ്ടുമാത്രം നിര്‍മിച്ച വഞ്ചികളായിരുന്നു. അവ തുഴഞ്ഞ് യാത്രക്കാരെ കടവു കടത്തി. കാലം മാറിയതോടെ അബ്ര നിര്‍മാണത്തിലും മാറ്റമുണ്ടായെങ്കിലും ഇവയുടെ ഭൂരിഭാഗവും മരത്തടിയില്‍ തന്നെയാണ് തീര്‍ത്തിരിക്കുന്നത്. എന്നാല്‍ മോട്ടോര്‍ തുഴകളിലേക്ക് മാറിയതാണ് പ്രധാന മാറ്റം.
150ലേറെ അബ്രകള്‍ ഒരുകാലത്ത് ദുബൈ ക്രീക്കില്‍ ഉണ്ടായിരുന്നു. കടത്തുകാരായി നിരവധി മലയാളികളും. പലരും ജീവിതത്തപ്പച്ചപ്പിനായി മറ്റിടങ്ങളിലേക്ക് ചേക്കേറിയെങ്കിലും രണ്ടു മലപ്പുറത്തുകാര്‍ ഇപ്പോഴും ഇവിടെയുണ്ട്. എടപ്പാള്‍ സ്വദേശികളും സഹോദരങ്ങളുമായ ഹൈദരലിയും അബൂബക്കറും.
ഇരുപതോളം പേര്‍ക്ക് യാത്രചെയ്യാവുന്ന കൊച്ചു വള്ളമാണ് അബ്ര. ദൂബൈ പൊതുഗതാഗത വിഭാഗത്തിന് കീഴിലാണിത്. 1989ലാണ് എടപ്പാള്‍ നടുവട്ടത്തെ അലി എന്ന ഹൈദരലി അബ്ര തുഴയാനെത്തുന്നത്. നാട്ടില്‍ ഒരു തോണി തുഴയാന്‍ പോലുമറിയാത്ത അദ്ദേഹം ഇവിടെയെത്തി അബ്ര തുഴയാന്‍ പഠിച്ചു. നീണ്ട മൂന്നു പതിറ്റാണ്ടിന്റെ യാത്രയ്ക്കിടയില്‍ സഹോദരന്‍ അബൂബക്കറും തുഴയെറിയാനെത്തി.
പണ്ടുകാലത്ത് ജോലിക്കാരും യാത്രക്കാരും മാത്രമാണ് എത്തിയിരുന്നതെങ്കില്‍ കാലം മാറിയതോടെ വിനോദ സഞ്ചാരികള്‍ ഏറെ വരാന്‍ തുടങ്ങി. 25 ഫില്‍സായിരുന്നു ആദ്യം നിരക്ക്. പിന്നീടാണ് ഒരു ദിര്‍ഹമായത്. കായലിന്റെ ഇരുകരകളിലും മാറ്റങ്ങളേറെ വന്നു. പുതിയ നൗകകളും ജലത്തിലിറങ്ങി. ആധുനിക സൗകര്യങ്ങള്‍ ഈ മരുഭൂനഗരത്തെ വാരിപ്പുണരുന്നത് ഇരുവരും കണ്ടുകൊണ്ടേയിരുന്നു.
ഹിന്ദിയും അറബിയും ഇംഗ്ലിഷും തുടങ്ങി അഞ്ചിലേറെ ഭാഷകള്‍ തുഴച്ചിലിനിടെ ഇരുവരും പഠിച്ചു. അങ്ങനെ നടുവട്ടത്തെ ഇബ്രാഹിമിന്റെയും തിത്തുമ്മുവിന്റെയും മക്കള്‍ ഇമാറാത്തിയായ യഹ്‌യാ സുല്‍ത്താന്റെ ഇഷ്ടക്കാരായ അബ്ര ഡ്രൈവര്‍മാരായി. ഏഴോളം അബ്രകള്‍ മുതലാളിക്കുണ്ടെന്ന് ഇളയവനായ അബൂബക്കര്‍ പറയുന്നു. ജ്യേഷ്ടനും താനും കുടുംബവുമെല്ലാം സന്തോഷത്തോടെ ഇപ്പോഴും കഴിയുന്നത് ഈ ജോലിയിലൂടെയാണെന്ന സത്യം അദ്ദേഹം മറച്ചുവച്ചില്ല. കാലം ഇനിയും കടന്നുപോകും. ക്രീക്കിലൂടെ അനേകം നൗകകള്‍ സഞ്ചരിക്കും. പ്രവാസത്തിന്റെ മഹാ തുഴച്ചിലില്‍ കാറ്റുംകോളുമില്ലാതെ ഇനിയുമേറെ പോകാനുണ്ടെന്ന് ഇരുവരും പുഞ്ചിരിയോടെ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."