പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ നേര്‍സാക്ഷികള്‍
നടുക്കണ്ടി ബിയ്യ
റവങ്കര നടുക്കണ്ടി ബിയ്യയുടെ രണ്ട് സഹോദരന്‍മാര്‍ 1921 ഓഗസ്റ്റ് 26ന് നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തില്‍ ശഹീദായിരുന്നു. ദുല്‍ഹജ്ജ് 18ന് വെള്ളിയാഴ്ചയാണ് പൂക്കോട്ടൂര്‍ യുദ്ധം നടന്നതെന്ന് 1996ല്‍ നടത്തിയ ഒരഭിമുഖത്തില്‍ ബിയ്യ പറഞ്ഞിരുന്നു. ആകെ 388 പേര്‍ യുദ്ധത്തില്‍ ശഹീദായി. ശുഹദാക്കളെ ഏഴു സ്ഥലത്തായിട്ടാണ് മറവുചെയ്തതെന്ന് അന്ന് 13 വയസുണ്ടായിരുന്ന ബിയ്യ ഓര്‍ക്കുന്നു. പൂക്കോട്ടൂര്‍ യുദ്ധത്തില്‍ ശഹീദായവരെ കല്ലുവെട്ടുകുഴിയില്‍ പായവിരിച്ച് മയ്യിത്ത് അട്ടിയിടുന്നത് ബിയ്യ നേരിട്ട് കണ്ടിരുന്നു. യുദ്ധാനന്തരം കാട്ടിലും പാടത്തും പല മയ്യിത്തുകളും ആരും കാണാതെ കിടന്നിരുന്നു. പല ശുഹദാക്കളുടെ മയ്യിത്തുകള്‍ക്കും പട്ടാളം തീകൊടുത്തുവെന്ന് ബിയ്യ കണ്ണീരോടെ പറയാറുണ്ടായിരുന്നു. ലഹള കാലത്ത് റോഡുവക്കിലുള്ള വീടുകളെല്ലാം പട്ടാളം തീയിട്ടു നശിപ്പിച്ചു.
രാജകക്ഷിക്കാരനായ അയമുട്ടി അധികാരി ബിയ്യയുടെ സഹോദരനെ പല കേസിലും പ്രതിയാക്കിയിരുന്നു. ലഹള കാലത്തെ കുറ്റക്കാരുടെ പട്ടിക തയാറാക്കി അങ്ങാടികളില്‍ വന്ന് ഉറക്കെ വായിക്കുന്ന രീതിയും ബിയ്യ അയവിറക്കാറുണ്ടായിരുന്നു. അരിമ്പ്ര, നെടിയിരുപ്പ്, മാര്യാട്ട്, ചെമ്പ തുടങ്ങിയ മലകളില്‍ പട്ടാളത്തെ പേടിച്ച് മാപ്പിള പോരാളികള്‍ ഒളിച്ച കഥയും ബിയ്യ ഓര്‍ക്കുന്നു.
മണക്കോടന്‍ ആമി
പൂക്കോട്ടൂര്‍ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച മണക്കോടന്‍ കുഞ്ഞിമുഹമ്മദിന്റെ പുത്രി ആമിക്ക് അക്കാലത്ത് 12 വയസായിരുന്നു. പൂക്കോട്ടൂര്‍ യുദ്ധ സമയത്ത് അക്കരെ കല്ലുവെട്ടിക്കുഴിക്കടുത്ത് താമസിക്കുന്ന ഉമ്മാമാന്റെ അടുത്തേക്കാണെന്ന് പറഞ്ഞാണ് ബാപ്പ പോയത്. എന്നാല്‍ യുദ്ധത്തിന് പുറപ്പെട്ടതാണെന്ന് പിന്നീടാണ് അറിയാന്‍ കഴിഞ്ഞത്. ഹജ്ജ് മാസം 21 വെള്ളിയാഴ്ചയായിരുന്നു ബാപ്പ ശഹീദായത്- ആമി കണ്ണീരോടെ ഓര്‍ക്കുന്നു. ആമിയുടെ സഹോദരന്‍ അലവിയും പിതാവിനോടൊപ്പം യുദ്ധഭൂമിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം മരിച്ചില്ല. യുദ്ധാനന്തരം മാസത്തില്‍ അഞ്ചു ഉറുപ്പിക വീതം മൂന്ന് കൊല്ലത്തേക്ക് പട്ടാളം പിഴ വിധിച്ചു.
ആലി മുസ്‌ലിയാരുടെ മകള്‍
ആമിനയുമ്മ
1921ലെ മലബാര്‍ സമരത്തില്‍ ധീരോദാത്തമായി പോരാടിയതിന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ച ആലി മുസ്‌ലിയാരുടെ കൊച്ചുമകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സ്മരിക്കപ്പെടേണ്ട ഒരു വനിതയാണ്. 1921ലെ കലാപം നടക്കുന്ന കാലത്ത് എരിക്കുന്നന്‍ പാലത്തുംമൂലയില്‍ വീട്ടില്‍ ആമിനക്ക് (ആമിനയുമ്മ) ഏഴു വയസാണ്. 'ആമിക്കുട്ടേ അനക്ക് പെരുന്നാളിന് പുത്യേ കാച്ചിത്തുണീം മക്കനേം കൊണ്ടരണ്ട്' എന്ന് പറഞ്ഞാണ് ബാപ്പ (ആലി മുസ്‌ലിയാര്‍) അവസാനം പോയതെന്ന് ആമിനയുമ്മ അനുസ്മരിക്കാറുണ്ടായിരുന്നു. കലാപത്തില്‍ പുരുഷ യോദ്ധാക്കളോടൊപ്പം പത്‌നിമാരും മാതാക്കളും പെണ്‍മക്കളും പോരാടിയിരുന്നുവെന്ന് ആമിനയുമ്മ പറഞ്ഞിരുന്നു. പിതാവ് ആലി മുസ്‌ലിയാരെ തൂക്കിക്കൊന്നത് ഓര്‍ത്ത് ആമിനയുമ്മ പലപ്പോഴും കണ്ണീര്‍ വാര്‍ത്തിരുന്നു. 2008ലാണ് പാലത്ത് ആമിനയുമ്മ മരിച്ചത്.
നൂറ്റാണ്ടിന്റെ സാക്ഷി
തിത്തിയുമ്മ
മാപ്പിള ജന്മി കുടുംബാംഗമായിരുന്ന ഒലിപ്പുഴ പൂതക്കോടന്‍ അഹമ്മദ്-വണ്ടൂര്‍ ഏലാട്ടുപറമ്പില്‍ ആമിനുമ്മ ദമ്പതികളുടെ പുത്രിയായ തിത്തിയുമ്മയ്ക്ക് 11 വയസുള്ളപ്പോഴാണ് ഖിലാഫത്ത് സമരം നടക്കുന്നത്. ലഹള കാലത്ത് ഗൂര്‍ഖ പട്ടാളം വീടിന്റെ മുറ്റത്തുകൂടി നടന്നതും തെങ്ങില്‍ നിന്ന് കരിക്ക് വെട്ടി കുടിച്ചതുമെല്ലാം തിത്തിയുമ്മ അയവിറക്കാറുണ്ടായിരുന്നു. പട്ടാളം സ്ത്രീകളെ കണ്ടാല്‍ പിടിച്ചു കൊണ്ടുപോകുന്നതു കൊണ്ട് പെണ്ണുങ്ങള്‍ ആത്മരക്ഷാര്‍ഥം നെല്ലറയിലായിരുന്നു ഒളിച്ചിരുന്നത്. കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടവരുമുണ്ട്. ഈ ഓട്ടപാച്ചിലില്‍ ഓടുന്ന പെണ്ണിന്റെ സാമര്‍ഥ്യം പോലെയായിരുന്നു പട്ടാളത്തിന്റെ കരവലയത്തില്‍ നിന്ന് ഓരോ പെണ്ണും രക്ഷപ്പെട്ടിരുന്നത് എന്നാണ് തിത്തിയുമ്മ പറയാറുണ്ടായിരുന്നത്.
ഖിലാഫത്ത് ലഹള കാലത്ത് തിത്തിയുമ്മയുടെ പിതാവ് ഒലിപ്പുഴ പൂതക്കോടന്‍ അഹമ്മദിനെയും എളാപ്പയേയും ജ്യേഷ്ഠസഹോദരനെയുമെല്ലാം പട്ടാളം പിടിച്ചു കൊണ്ടുപോയി. എളാപ്പയെ ജയിലില്‍ അടച്ചു. പിന്നീട് ഇവരുടെ സ്വത്തുക്കളില്‍ ഒരു ഭാഗം ബ്രിട്ടിഷ് സര്‍ക്കാര്‍ കണ്ടുകെട്ടി.
സര്‍ക്കാരിന് എതിരായവരെയെല്ലാം പട്ടാളം പിടിച്ചു കൊണ്ടുപോയി. മാപ്പിള പെണ്ണുങ്ങള്‍ക്കു പുറമെ തഴ്ന്ന ജാതിലുള്ള പെണ്ണുങ്ങളേയും തക്കം കിട്ടിയാല്‍ പട്ടാളം പിടിച്ചു കൊണ്ടുപോവുക പതിവായിരുന്നു. ഗൂര്‍ഖ പട്ടാളത്തിന്റെ ബൂട്ടിന്റെ ശബ്ദം കേട്ടാല്‍ പെണ്ണുങ്ങളെല്ലാം ഇടനാഴികയില്‍ ആയിരുന്നു ഒളിച്ചിരുന്നത്.
പാണ്ടിക്കാട്ടെ ചന്തപ്പുര മാപ്പിള പോരാളികള്‍ ഉന്തിമറിച്ചിട്ടതും യുദ്ധം ചെയ്തതുമെല്ലാം തിത്തിയുമ്മയ്ക്ക് കേട്ടറിവുണ്ടായിരുന്നു. പട്ടാളത്തെ പേടിച്ച് ആളുകള്‍ കാട്ടില്‍ ഒളിച്ചതും കാടിനകത്ത് യാത്രചെയ്യുന്ന വേളയില്‍ മരക്കൊമ്പില്‍ കുടല്‍മാല കണ്ടതുമെല്ലാം തിത്തിയുമ്മ അയവിറക്കാറുണ്ടായിരുന്നുവെന്ന് പേരമക്കള്‍ പറയുന്നു. സുല്‍ത്താന്‍ വാരിയന്‍കുന്നനെ നരിയുടെ ശൗര്യത്തോടായിരുന്നു ആ ധീരവനിത ഉപമിച്ചിരുന്നത്.
ചരിത്ര ഗവേഷകനായ എ.ടി യൂസുഫ് അലി ബിന്‍ അഹ്‌മദ് കുട്ടി തിത്തിയുമ്മയുടെ പേരമകനാണ്. 2011ല്‍ 103ാം വയസിലാണ് തിത്തിയുമ്മ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."