ഉദയംപേരൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം
തൃപ്പൂണിത്തുറ: പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന് ആരോപിച്ച് ഉദയംപേരൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഉദയംപേരൂര്‍ വഴിയുള്ള സ്വകാര്യ ബസ് ഗതാഗതം പൂര്‍ണമായും നിലച്ചു.
ഹര്‍ത്താലിനോടനുബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം ബെന്നി ബഹനാന് ഉദ്ഘാടനം ചെയ്തു.
ബാബു ആന്റണി അധ്യക്ഷത വഹിച്ചു. കെ ബാബു, വി.ജെ പൗലോസ്, സി.വിനോദ്, ആര് വേണുഗോപാല്‍, ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ്, രാജു പി നായര്‍, ജൂബന്‍ ജോണ്‍, ടി.വി ഗോപിദാസ്, എ.ബി സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇതിനിടെ നടക്കാവിലുള്ള കോണ്‍ഗ്രസ് ഓഫിസ് ഒരു സംഘം അക്രമിച്ചു. ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസുകാര്‍ ശനിയാഴ്ച ഉപവാസ സമരം നടത്തും.
കോണ്‍ഗ്രസ് ഓഫിസ് തല്ലിത്തകര്‍ത്ത സംഭവത്തില്‍ ഉദയംപേരൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതിയും നല്കി.
ബുധനാഴ്ച വൈകിട്ട് ഉദയംപേരൂര്‍ നടക്കാവില്‍ പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊടി കെട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ കോണ്‍ഗ്രസുകാരായ ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ്, പഞ്ചായത്ത് മെമ്പര്‍ സാജു പൊങ്ങലായി, മണ്ഡലം പ്രസിഡന്റ് ജൂബന്‍ ജോണ്‍ എന്നിവര്‍ക്കും ജില്ലാ വൈസ് പ്രസിഡന്റ് പ്രണോയ് അടക്കമുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."