എം.എസ്.എഫിന്റെ രണ്ടാം ദേശീയ സമ്മേളനം ഇന്നും നാളെയും ഡൽഹിയിൽ
ന്യൂഡൽഹി
എം.എസ്.എഫിന്റെ രണ്ടാമത് ദേശീയ സമ്മേളനം ഇന്നു നാളെയുമായി ഡൽഹിയിലെ ഇന്ത്യാ ഇസ്‌ലാമിക് കൾച്ചറൽ സെന്ററിൽ നടക്കും. എജുക്കേറ്റ്, എംപവർ, ഇമാൻസിപേറ്റ് എന്ന പ്രമേയത്തിലാണ് സമ്മേളനം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ആക്ടിവിസ്റ്റുകൾ, വിവിധ സംഘടനാ പ്രതിനിധികൾ, വിദ്യാർഥി സംഘടനാ നേതാക്കൾ പങ്കെടുക്കും. ഒഖ്‌ലയിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എം.എസ്.എഫ് ദേശീയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുന്നതോടെയാണ് സമ്മേളന നടപടികൾ ആരംഭിക്കുക.
സർക്കാരിന്റെ വിദ്യാഭ്യാസ നയവും വർത്തമാനകാല ഇന്ത്യയിലെ കാംപസ് സാഹചര്യങ്ങളും സമ്മേളനം ചർച്ച ചെയ്യും. നാളെ രാവിലെ 10ന് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രകാശ് അംബേദ്കർ മുഖ്യഥിതിയായിരിക്കും.
മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. വി ഷാൽ ഓവർകം: പ്രിപ്പയറിങ് ഫോർ ഫ്യൂച്ചർ ഇന്ത്യ എന്ന വിഷയത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എംപിയും എജുക്കേറ്റ്, എംപവർ, ഇമാൻസിപേറ്റ് എന്ന വിഷയത്തിൽ എം.പി അബ്ദുസ്സമദ് സമദാനിയും സംസാരിക്കും.
എം.എസ്.എഫ് ചരിത്രരേഖ പി.വി അബ്ദുൽ വഹാബ് എം.പി പ്രകാശനം ചെയ്യും. മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും വിവിധ ഭാരവാഹികൾക്ക് പുറമെ ആക്ടിവിസ്റ്റ് സഫൂറ സർഗാർ, പ്രമുഖ മാധ്യമ പ്രവർത്തക അർഷി ഖുറേഷി, ഡോ. ഖാലിദ് ഖാൻ, പ്രൊഫ അപൂർവാനന്ദ്, പ്രൊഫ. നന്ദിത നാരായണൻ, എൻ.എസ്.യു.ഐ പ്രസിഡന്റ് നീരജ് കുന്ദൻ പങ്കെടുക്കും.
സമാപന ചടങ്ങ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജറുസലേം ഹീബ്രു യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് മുൻ പ്രസിഡന്റ് സിയാദ് ഖലീൽ അബു സയ്യാദ് മുഖ്യാതിഥിയാവും.
വാർത്താസമ്മേളനത്തിൽ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി, മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനിസ് ഉമ്മർ, എം.എസ്.എഫ് ദേശീയ ഭാരവാഹികളായ പി.വി അഹമ്മദ് സാജു, ഇ. ഷമീർ പങ്കടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."