തനിമ അഗ്രോ ഡെവലപ്മെന്റ് സൊസൈറ്റി ഓഹരി ഉടമകളെ കബളിപ്പിച്ച് ഒരു കോടിയിലധികം തട്ടിയെടുത്തയാൾ അറസ്റ്റിൽ
തൊടുപുഴ
തനിമ അഗ്രോ ഡെവലപ്മെന്റ് സൊസൈറ്റിയുടെ പേരിൽ വിദേശമലയാളികളിൽ നിന്നടക്കം ഷെയർ പിരിച്ച് വൻതട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കരിമണ്ണൂർ മണ്ണാറത്തറ കുറുമ്പയിൽ ജയൻ പ്രഭാകരൻ (48) നെയാണ് തൊടുപുഴ പൊലിസ് അറസ്റ്റ് ചെയ്തത്. ലാഭവിഹിതം വാഗ് ദാനം ചെയ്ത് 196 പേരിൽ നിന്നായി 1.2 കോടിയിലധികം രൂപ ഷെയർ വാങ്ങിയ ശേഷം തട്ടിപ്പ് നടത്തുകയായിരുന്നു.
ഇതിൽ 36 പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൊടുപുഴ എസ്.എച്ച്.ഒ വി.സി വിഷ്ണുകുമാർ പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ഇയാളുടെ കൂട്ടാളികളായ മറ്റു ഭാരവാഹികളേയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. ഒരാളുടെ കൈയിൽനിന്ന് 25,000 രൂപ മുതൽ ലക്ഷങ്ങൾവരെ ഷെയർ ആയി വാങ്ങിയിരുന്നു. ആകർഷകമായ തരത്തിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പിനുവേണ്ട കളമൊരുക്കിയത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്.
കഴിഞ്ഞ വർഷം ഏപ്രിൽ 9ന് ആണ് വെങ്ങല്ലൂർ ഷാപ്പുംപടിയിൽ തനിമ കസ്റ്റമേഴ്‌സ് ഫ്രണ്ട്‌ലി സൂപ്പർമാർക്കറ്റ് ആരംഭിച്ചത്. ഇതിലെ ജീവനക്കാരെ തിരഞ്ഞെടുത്തതും ഇത്തരത്തിൽ ഷെയർ എടുപ്പിച്ച ശേഷമായിരുന്നു. ഇവർക്കും വലിയൊരു തുക ശമ്പളമായി നൽകാനുണ്ട്. 2016 ൽ കോതമംഗലത്തുനിന്നുള്ള ചിട്ടി തട്ടിപ്പ് കേസിലും ജയൻ അറസ്റ്റിലായിരുന്നു. സമാനമായി ഇയാൾ മറ്റുസ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതും പരിശോധിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."