ഇടതിനെ വിഴുങ്ങി ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പി
കൊല്‍ക്കത്ത: ഏതു വിധേനയും ഇത്തവണ പശ്ചിമബംഗാള്‍ പിടിക്കുമെന്ന വാശിയിലാണ് ബി.ജെ.പിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. താന്‍ ജീവിച്ചിരിക്കുമ്പോള്‍ അതു നടക്കില്ലെന്നാണ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ മറുപടി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ബി.ജെ.പി തൃണമൂലിന് ഭീഷണിയാകും വിധം വളര്‍ന്നിട്ടുണ്ട്. 2016ലെ തെരഞ്ഞെടുപ്പില്‍ 294 അംഗ നിയമസഭയില്‍ 209 സീറ്റുകള്‍ നേടിയാണ് തൃണമൂല്‍ അധികാരത്തിലെത്തിയത്. ബി.ജെ.പിക്കു ലഭിച്ചത് ആറു സീറ്റുകള്‍ മാത്രം. കോണ്‍ഗ്രസിന് 44ഉം ഇടതുപാര്‍ട്ടികള്‍ക്ക് 33ഉം സീറ്റുകള്‍ കിട്ടി. രണ്ടു സീറ്റുകള്‍ തൃണമൂല്‍ സഖ്യത്തിലെ ജി.ജെ.എമ്മും നേടി.
എന്നാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 121 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. തൃണമൂലിനു ഭൂരിപക്ഷം 164 മണ്ഡലങ്ങളില്‍. ഇടതുപക്ഷം ചിത്രത്തില്‍ നിന്ന് പൂര്‍ണമായും മാഞ്ഞു. ഒന്‍പത് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷം. മൂന്നു വര്‍ഷം കൊണ്ട് 115 മണ്ഡലങ്ങളിലേക്ക് കൂടി സാധ്യതകളെ ഉയര്‍ത്താന്‍ ബി.ജെ.പിക്കു കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 45 ശതമാനമുണ്ടായിരുന്ന തൃണമൂല്‍ വോട്ടുവിഹിതം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44 ശതമാനമായി കുറഞ്ഞു. ബി.ജെ.പി വോട്ടുവിഹിതം 11 ശതമാനത്തില്‍ നിന്ന് 41 ആയി ഉയര്‍ന്നു.
ബി.ജെ.പിയുടെ വളര്‍ച്ചയില്‍ തൃണമൂലല്ല ഇടതു വോട്ടുകളാണ് പ്രധാന പങ്കുവഹിച്ചത്. 2016ല്‍ 27.3 ശതമാനമായിരുന്ന ഇടതുവോട്ട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴു ശതമാനമായി ചുരുങ്ങി. 12.3 ശതമാനമായിരുന്ന കോണ്‍ഗ്രസ് വോട്ട് ആറു ശതമാനമായും ചുരുങ്ങി. ബി.ജെ.പിയുടെ വളര്‍ച്ച മമതയുടെ അടിസ്ഥാന വോട്ട് ബാങ്കിന് കാര്യമായ ഇടിവുകളൊന്നും വരുത്തിയിട്ടില്ലെന്ന് സാരം. വോട്ടുവിഹിതത്തില്‍ ബി.ജെ.പിയുണ്ടാക്കിയ 30 ശതമാനം വളര്‍ച്ചയില്‍ ഭൂരിഭാഗവും ഇടതുപാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കിട്ടിയതാണ്.
ഈ തെരഞ്ഞെടുപ്പില്‍ 2019ലെ വോട്ടുവിഹിതത്തിനൊപ്പം തൃണമൂലിന്റെ രണ്ടു ശതമാനം വോട്ടു കൈക്കലാക്കാനായാല്‍ ബി.ജെ.പിക്ക് ബംഗാള്‍ പിടിക്കാം. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കാറില്ലെന്ന ചരിത്രം ബി.ജെ.പിയെ കുഴക്കുന്നുണ്ട്. അതോടൊപ്പം ബംഗാളില്‍ മമതയ്‌ക്കൊപ്പം നില്‍ക്കാനാവുന്ന നേതാവില്ലെന്നതും ബി.ജെ.പിക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."