മത്സരിച്ചില്ല; എന്നിട്ടും 96ല്‍ നായനാര്‍ മുഖ്യമന്ത്രിയായി!
കണ്ണൂര്‍: 1996ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇടതുമുന്നണിക്കു ഭൂരിപക്ഷം ലഭിച്ചു. കെ.ആര്‍ ഗൗരിയമ്മ അടക്കമുള്ള പലരും സി.പി.എമ്മില്‍ നിന്ന് എം.എല്‍.എമാരായി. കേരംതിങ്ങും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടുമെന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാകുമെന്നു ജനം കരുതി. വി.എസ് അച്യുതാനന്ദന്‍ അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി. എന്നാല്‍ അന്ന് ഗൗരിയമ്മയടക്കം വിജയിച്ചവരെയാരെയും സി.പി.എം മുഖ്യമന്ത്രി പദത്തിലേക്കു പരിഗണിച്ചില്ല. പകരം മുന്‍പ് രണ്ടുതവണ മുഖ്യമന്ത്രിയായ ഇ.കെ നായനാരെ പാര്‍ട്ടി ആ സ്ഥാനത്തേക്കു നിര്‍ദേശിച്ചു. അങ്ങനെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന ഒരാള്‍ മുഖ്യമന്ത്രി പദത്തിലെത്തി. കേരളത്തില്‍ നായനാര്‍ക്കുള്ള ജനപ്രിയതയും രണ്ടുതവണ മുഖ്യമന്ത്രിയായ ഭരണപരിചയവുമെന്നതു ചൂണ്ടിക്കാട്ടിയാണ് സി.പി.എം അന്നുണ്ടായ വിമര്‍ശനങ്ങളെ നേരിട്ടത്.
മുഖ്യമന്ത്രിയായി ചുമതലയേറ്റ നായനാര്‍ പിന്നീടു തലശേരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭാംഗമായി. തലശേരിയില്‍ നിന്നു വിജയിച്ച കെ. മമ്മു മാസ്റ്ററെ രാജിവയ്പിച്ചാണു പാര്‍ട്ടി നായനാരെ മത്സരിപ്പിച്ചത്. തെരഞ്ഞെടുപ്പിനു ശേഷം ഗൗരിയമ്മ സ്വാഭാവികമായും മുഖ്യമന്ത്രിയാകുമെന്നായിരുന്നു രാഷ്ട്രീയ കേരളം കരുതിയിരുന്നത്. എന്നാല്‍ ഇടതുമുന്നണിയുടെ വിജയത്തിനു ശേഷം ചേര്‍ന്ന സി.പി.എം സംസ്ഥാനസമിതി അപ്രതീക്ഷിത നീക്കത്തിലൂടെ നായനാരെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.
96ല്‍ സി.പി.എമ്മില്‍ നടന്ന അന്തര്‍നാടകങ്ങളുടെ ഫലമായിരുന്നു നായനാരുടെ മുഖ്യമന്ത്രി പദം. ബദല്‍രേഖാ വിവാദത്തില്‍ എം.വി രാഘവന്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയി. ബദല്‍രേഖാ വേളയില്‍ എം.വി.ആറിനെ പിന്തുണച്ചിരുന്ന ഇ.കെ നായനാര്‍ക്കെതിരേയും പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിരുന്നു. ഇത്തരമൊരു ഘട്ടത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ നായനാര്‍ മാറിനിന്നത്. വി.എസ് തന്നെയാണോ മുഖ്യമന്ത്രി പദത്തിലേക്കു നായനാരുടെ പേര് നിര്‍ദേശിച്ചതെന്നതിലും വലിയ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. വി.എസ് ആയിരിക്കില്ല, അന്നത്തെ കണ്ണൂര്‍ ലോബിയായിരിക്കണം നായനാരെ മുഖ്യമന്ത്രിയാക്കാന്‍ നിര്‍ദേശിച്ചതെന്നാണ് ഇതുസംബന്ധിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എന്നെങ്കിലും മുഖ്യമന്ത്രി പദത്തിലെത്തുമെന്നു പ്രതീക്ഷിച്ച ഗൗരിയമ്മ പിന്നീടു പാര്‍ട്ടിയുമായി അകന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറി വി.എസ് പിന്നീട് മുഖ്യമന്ത്രിയായി. 96ല്‍ മത്സരിക്കാതെ മാറിനിന്ന നായനാര്‍ മുഖ്യമന്ത്രി പദത്തിലെത്തിയ സംഭവം അന്നും ഇന്നും കേരളം തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."