പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിയമലംഘനം: നീര്‍ത്തട സംരക്ഷണ സമിതി സമരത്തിലേക്ക്
കൊച്ചി: മരട് നഗരസഭ പ്രദേശത്ത് തീരദേശ നിയമത്തില്‍പ്പെട്ടതും 400 വര്‍ഷം പഴക്കമുള്ള കുടുംബി ക്ഷേത്രത്തോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നതുമായ പഞ്ച നക്ഷത്ര ഹോട്ടല്‍, നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടത്തിയിട്ടുള്ളതെന്ന് നീര്‍ത്തട സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് എം.എ.വാസു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മരട് വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെറ 57.19 സെന്റ് മാത്രമാണ് കരഭൂമി. ബാക്കി 4.11 ഏക്കര്‍ ഇപ്പോഴും നിലമാണ്. ഇവിടെ നിര്‍മാണം നടത്തുവാന്‍ പ്രത്യേകാനുമതി വില്ലേജ് ഓഫിസിലെ 13983 നമ്പര്‍ രേഖയില്‍ രേഖപ്പെടുത്തിയിട്ടില്ല.
ബാര്‍ ഹോട്ടലിനായി അപേക്ഷിച്ചപ്പോള്‍ ക്ഷേത്രമുള്ള വിവരം മറച്ച് വച്ചാണ് ലൈസന്‍സിന് അപേക്ഷ നല്‍കിയത്. ക്ഷേത്ര മുറ്റത്തു കൂടി ഒഴുകിയിരുന്ന പൊതു തോടും ക്ഷേത്ര കുളവും നികത്തിയാണ് ക്ഷേത്രത്തിന് പുറത്ത് കൂടി ഹോട്ടലിലേക്കുള്ള വഴി നിര്‍മിച്ചിരിക്കുന്നത്.
ക്ഷേത്ര മതിലിന് 500 മീറ്റര്‍ ചുറ്റളവില്‍ ബാര്‍ അനുവദനീയമല്ല എന്നാണു നിയമം. പണവും സ്വാധീനവും ഉപയോഗിച്ച് നേടിയ ബാര്‍ ലൈസന്‍സ് ഉടന്‍ റദ്ദാക്കണമെന്ന് എം.എ. വാസു ആവശ്യപ്പെട്ടു. ഹോട്ടലില്‍ നിന്നുള്ള കക്കൂസ് മാലിന്യം പുഴയിലേക്കാണ് ഒഴുക്കുന്നത്.
കണ്ടല്‍കാട് വെട്ടി നശിപ്പിച്ച് പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ കോടതിവിധി ഉണ്ടായിട്ടും അവയൊന്നും അനുസരിക്കാന്‍ തയാറാകാതെ പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലിനു നല്‍കിയിട്ടുള്ള ലൈസന്‍സുകള്‍ മുഴുവന്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പൊതുജനങ്ങളെ പങ്കെടുപ്പിച്ചു സമരപരിപാടികള്‍ ആരംഭിക്കുമെന്നും വാസു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."