HOME
DETAILS

'പൊലിസ് പറഞ്ഞു; നിങ്ങൾ പറയുന്നതെല്ലാം കള്ളമാണ്'

  
backup
February 27 2022 | 19:02 PM

854631230-2

ഡൽഹി നോട്സ്
കെ.എ സലിം

അഞ്ചുവർഷം മുമ്പൊരു ഡിസംബറിൽ അഹമ്മദാബാദിലെ ഇടിഞ്ഞു പൊളിഞ്ഞ ഒറ്റമുറി വീടിന്റെ മേൽക്കൂരയിൽനിന്ന് 25കാരൻ ഫിറോസ് ബിലാവൽ ഷെയ്ഖ് മുന്നിലേക്കിറങ്ങിവരുമ്പോൾ ഞാൻ തലകുനിച്ചു നിന്നു. ശരീരത്തിൻ്റെ പാതിയും പൊള്ളലേറ്റ അയാളുടെ മുഖത്തേക്ക് നോക്കാൻ പോലുമുള്ള ധൈര്യമുണ്ടായിരുന്നില്ല. ഒറ്റമുറി വീടിന്റെ ടെറസിലാണ് ബിലാവലിന്റെ താമസം. രണ്ടുപേർക്ക് നിവർന്നൊന്നിരിക്കാൻ പോലും ഇടമില്ലാത്ത ആ വീട്ടിലിരുന്ന് ബിലാവൽ നിർവികാരനായി അയാളുടെ കഥ പറഞ്ഞു. ഗുജറാത്ത് വംശഹത്യയുടെ അക്കാലത്തെ പത്രവാർത്തകളുടെ നിരവധി കട്ടിങ്ങുകൾ അവന്റെ കൈയിലുണ്ട്. അതിലൊന്നിൽ പാതിവെന്ത ദേഹവുമായി ആശുപത്രിയിൽക്കിടക്കുന്ന ബിലാവലെന്ന ബാലന്റെ ചിത്രവുമുണ്ട്. വംശഹത്യയുടെ 15ാം വാർഷികത്തിൽ വംശഹത്യയുടെ ഇരകളെത്തേടി അഹമ്മദാബാദിലൂടെ അലഞ്ഞ കാലത്താണ് അവനെ കാണുന്നത്. 20 വർഷങ്ങൾക്ക് ശേഷവും ബിലാവലിന്റെ ജീവിതം മാറിയില്ല. അന്നവനോട് ഇതെല്ലാം ചെയ്തവരും അവന്റെ ചുറ്റുമുണ്ട്.
2002ലെ ഗുജറാത്ത് വംശഹത്യയുടെ ആദ്യദിനങ്ങളിലൊന്നിൽ, ഗുൽബർഗ് സൊസൈറ്റിയിലെ ഒരു വീട്ടിൽ അഭയം തേടിയതായിരുന്നു ബിലാവൽ. കോളനിക്ക് ചുറ്റും ആയുധങ്ങളുമായി ഹിന്ദുത്വവാദികളായ ആൾക്കൂട്ടം നിലയുറപ്പിച്ചിരുന്നു. ഗുൽബർഗ് സൊസൈറ്റിയിലെ വീടുകളിലൊന്നിലായിരുന്നു ബിലാവലിന്റെ വീട്. കോളനി വളഞ്ഞവരുടെ വാളുകളിൽനിന്ന് ഒരുവിധം ഓടി രക്ഷപ്പെട്ടായിരുന്നു ബാലനായ ബിലാവൽ ഗുൽബർഗ് സൊസൈറ്റിയിലെ വീട്ടിലെത്തിയത്. പിൻവശത്തെ മതിലിന്റെ വിടവുകൾക്കിടയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സുഹൃത്തിനെ അക്രമികൾ പിടികൂടുന്നതും തല വെട്ടിപ്പിളർക്കുന്നതും അവൻ കണ്ടു. പിന്നാലെയാണ് ഗുൽബർഗ് സൊസൈറ്റിയിലെ ഒരു വീട്ടിലേക്കോടിക്കയറി ഏതോ ഒരു മുറിയിൽ ഒളിച്ചത്. ആ മുറിയിൽ സ്ത്രീകളും കുട്ടികളുമായി വേറെയും പലരുമുണ്ടായിരുന്നു. പുറത്ത് സ്ത്രീകളുടെ നിലവിളികളും അക്രമികളുടെ ആക്രോശങ്ങളും കേൾക്കാം. ആയുധങ്ങളുമായി വീടുകൾ ചവിട്ടിത്തുറന്ന് മുറികളോരോന്ന് പരിശോധിക്കുന്നു.


അവരടുത്തുവരുന്നതിന്റെ ശബ്ദം. ഒന്നും ചെയ്യാനാവാതെ നെഞ്ചിടിപ്പോടെ അവർ കൈകൾ പരസ്പരം കോർത്തുപിടിച്ചു. പുറത്തുനിന്നുള്ള ശക്തമായൊരടിയിൽ വാതിൽ പൊട്ടിത്തകർന്നു. ബിലാവലിനോട് കൈകോർത്തുനിന്നിരുന്ന കുട്ടികളിലൊരാൾ പുറത്തേക്കോടി. അകത്തേക്ക് ഗ്യാസ് കുറ്റി വന്നുവീണു. വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടതോർമ്മയുണ്ട്. മുറിയിലെ മനുഷ്യർ ഓരോ തീഗോളങ്ങളായി. പുറത്തേക്ക് പാഞ്ഞ തീഗോളങ്ങളെ അവർ നീണ്ട കമ്പ് കൊണ്ട് അകത്തേക്ക് കുത്തിയിട്ടു. മരിച്ചുവെന്ന് കരുതിയാണ് ബിലാവലിനെ അന്നവർ ഉപേക്ഷിച്ചുപോയത്. ആശുപത്രിയിൽനിന്ന് ബിലാവൽ വന്നത് അർഷ് കോളനിയിലെ മാലിന്യക്കൂമ്പാരങ്ങൾക്കിടയിലെ ചാക്കുകൾ വലിച്ചു കെട്ടിയ മേൽക്കൂരകൾക്ക് കീഴിലെ വംശഹത്യാഇരകളുടെ സങ്കേതത്തിലേക്കാണ്. 15 വർഷമായിട്ടും ചാക്കുകൾ പൊട്ടിപ്പൊളിഞ്ഞ ചുമരുകൾക്കപ്പുറത്തേക്ക് വളർന്നില്ല. സഹായിക്കാനെത്തിയ പുറത്തുനിന്നുള്ളവരാണ് അവിടെ ചെറിയ മുറികൾ പണിതുനൽകിയത്.


ഇടുങ്ങിയ തെരുവുകൾക്കും നിരാശയുടെ പൊടിയണിഞ്ഞ കോളനിയ്ക്കു മുകളിൽ ബിലാവലിന് പ്രതീക്ഷ വയ്ക്കാനൊന്നുമില്ലായിരുന്നു. ബിലാവൽ മാത്രമല്ല. വംശഹത്യകളുടെ ഇരകളായി നിരവധി പേരുണ്ടായിരുന്നു അർഷ് കോളനിയിൽ. മുന്നിൽ ഇനിയൊരു ജീവിതം കാണാത്തവർ. നീതി അരികിൽക്കൂടി പോലും കടന്നു പോകാത്തവർ. ആർക്കും വേണ്ടാതെ നഗരത്തിലെ അഴുക്കുചാലിൽ പുഴുക്കളപ്പോലെ ജീവിക്കുന്നവർ. അവർക്കോരോരുത്തർക്കും നെഞ്ചു പിളർക്കുന്ന കഥകൾ പറയാനുണ്ടായിരുന്നു. അവർക്കിടയിലാണ് നരോദാപാട്യയിൽ ഹിന്ദുത്വവാദികൾ വയറു കീറി കുഞ്ഞിനെ പുറത്തെടുത്ത് കൊന്ന ഹിനാ കൗസർഭാനുവിന്റെ ഭർത്താവ് ഫിറോസിനെ കാണുന്നത്. 2002ലെ വംശഹത്യയ്ക്ക് ഒരു വർഷം മുമ്പാണ് ഫിറോസ് 22കാരിയായ ഹിന കൗസർ എന്ന കൗസർഭാനുവിനെ വിവാഹം ചെയ്തത്. അവളെ ഗുജറാത്തിലേക്ക് കൊണ്ടുവന്നു. അത് അവരുടെ ആദ്യത്തെ കുഞ്ഞായിരുന്നു. 20 വർഷം മുമ്പ് ഇന്നേ ദിവസമാണ് അതെല്ലാം സംഭവിക്കുന്നത്. ഗുജറാത്തുകാരായിരുന്നില്ല ഫിറോസും കൗസർ ഭാനുവും. രണ്ടുപേരും കർണാടകയിൽനിന്ന് കുടിയേറിയവരാണ്. കൗസർ വന്നിട്ട് മാസങ്ങളേ ആയുള്ളൂ. ഗുജറാത്തിയോ ഹിന്ദിയോ പോലും അറിയില്ലായിരുന്നു അവർക്ക്. സംഭവം നടക്കുമ്പോൾ ഗർഭിണിയായ കൗസറിനെ കാണാനെത്തിയ കൗസർഭാനുവിൻ്റെ പിതാവും മറ്റു ബന്ധുക്കളും അവിടെയുണ്ടായിരുന്നു.


അക്രമികൾ വരുമ്പോൾ വീട്ടിനുള്ളിൽ ഒളിച്ചിരുന്ന കൗസറിനെ വലിച്ച് വീടിനു പുറത്തിട്ടാണ് ബലാത്സംഗം ചെയ്തത്. കൗസറിന്റെ സഹോദരൻ ഷാഹിദിന്റെ ഭാര്യയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. ഷാഹിദും കൗസറിന്റെ പിതാവ് ഖാലിദ് നൂർ മുഹമ്മദും രക്ഷപ്പെട്ടു. വീടിനു മുന്നിൽ പൂർണ നഗ്‌നയായി കിടക്കുന്ന നിലയിലായിരുന്നു ഹിനയുടെ മൃതദേഹം. നിറവയറുള്ള മകൾ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നതും വയറുകീറി കുഞ്ഞിനെ പുറത്തെടുക്കുന്നതും കൊല്ലുന്നതും പിതാവ് നൂർ മുഹമ്മദ് ഒളിച്ചിരുന്ന് കാണുന്നുണ്ടായിരുന്നു. ഹിന മാത്രമല്ല, ഗുജറാത്ത് വംശഹത്യയ്ക്കിടെ നിരവധി പെൺകുട്ടികളുടെ വയറു കീറി കുഞ്ഞിനെ പുറത്തെടുത്ത് കൊന്നിട്ടുണ്ട്. ഗുൽബർഗ് സൊസൈറ്റിയിൽ വയറു കീറി കുഞ്ഞിനെ പുറത്തെടുത്ത നിലയിൽക്കണ്ട മൃതദേഹങ്ങളെക്കുറിച്ച് ഇഹ്സാൻ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രി നൽകിയ മൊഴിയിലുണ്ട്.


മൊഴികളെല്ലാം ചരിത്രമാണ്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടാത്തതും ചരിത്രമാണ്. നിരപരാധികളെ കൊല്ലാനും കേസുകൾ ഇല്ലാതാക്കാനും സഹായിച്ചവർ രാജ്യത്തെ അധികാരത്തിന്റെ ഉന്നതിയിലെത്തിയതും ചരിത്രമാണ്. നരോദാപാട്യയിലെയും ഗുൽബർഗ് സൊസൈറ്റിയിലെയും വെന്തുരുകിയ മനുഷ്യർ മാത്രമല്ല, പാനിവേലയിലെ ഉപ്പുമൂടിയ കുഴിമാടങ്ങളും ചരിത്രമാണ്. എല്ലാം എതിരുനിന്നിട്ടും പൊരുതി നീതി നേടിയ ബിൽഖീസ് ഭാനുവും ആ ചരിത്രത്തിലുണ്ട്. അന്ന് പാനിവേല ഗ്രാമത്തിലെ ഉപ്പിട്ട് മൂടിയ കുഴിമാടങ്ങളിലൊന്നിലായിരുന്നു ചിതറിപ്പോയ തലയുമായി ബിൽഖീസ് ഭാനുവിന്റെ മൂന്നുവയസ്സുകാരി മകൾ സാലിഹയുമുണ്ടായിരുന്നത്. ഹിന്ദുത്വവാദി അക്രമികൾ ബിൽഖീസിന്റെ മടിയിൽ നിന്ന് വലിച്ചെടുത്തതായിരുന്നു അവളെ. അവരിലൊരാൾ അവളെ മുകളിലേക്ക് എടുത്തെറിഞ്ഞു. താഴെവീണ സ്വാലിഹ തലതകർന്ന് മരിക്കുമ്പോൾ അക്രമികളിലൊരാൾ ബിൽഖീസിന്റെ കഴുത്തിൽ ചവിട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. മറ്റു രണ്ടുപേർ മാറി മാറി അവളെ ബലാത്സംഗം ചെയ്യുകയായിരുന്നു.


ബിൽഖീസിന്റെ കൂടെയുണ്ടായിരുന്നവരെയെല്ലാം കൊന്നു. ബിൽഖീസ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു. ഒരു വിധം രക്ഷപ്പെട്ട് പൊലിസ് സ്റ്റേഷനിൽച്ചെന്ന് പരാതി പറഞ്ഞ ബിൽഖീസിനോട് നീ പറയുന്നതെല്ലാം കള്ളമാണെന്ന് പൊലിസ് പറഞ്ഞു. 2004 ഫെബ്രുവരിയിൽ സി.ബി.ഐ ഈ കുഴിമാടങ്ങൾ കണ്ടെത്തുന്നത് വരെ ബിൽഖീസ് പറയുന്നതെല്ലാം കള്ളമാണെന്ന് ഗുജറാത്ത് സർക്കാർ ആവർത്തിച്ചുകൊണ്ടിരുന്നു. ദാഹോദിലെ ഈ കുഴിമാടങ്ങളിൽ നിന്നാണ് ബിൽക്കീസിന്റെ അതിജീവനപോരാട്ടവും ആരംഭിക്കുന്നത്. തന്റെ മകളെ ബലാത്സംഗം ചെയ്യുന്നതും വയറു കീറി കുഞ്ഞിനെ പുറത്തെടുത്ത് കൊലപ്പെടുത്തുന്നതും കണ്ട കൗസറിന്റെ പിതാവ് ഖാലിദ് നൂർ മുഹമ്മദിനോടും പൊലിസ് അതു തന്നെയാണ് പറഞ്ഞത്, നിങ്ങൾ പറയുന്നതെല്ലാം കള്ളമാണെന്ന്. ഗുജറാത്തിലെ അനവധി ഇരകൾക്കൊപ്പം കൗസറിനും നീതി കിട്ടിയില്ല. അനീതിയൊരു കനലാണ്, അതെപ്പോഴും എരിഞ്ഞുകൊണ്ടിരിക്കും. ഗുജറാത്തിലെ ഓരോ ഇരയുടെ മനസ്സിലും ഈ കനലെരിയുന്നുണ്ട്. വംശഹത്യയുടെ ഗന്ധം ഇപ്പോഴുമവരറിയുന്നുണ്ട്. മറവിയുടെ ഇരുളിൽ വീഴാത്തതാണ് അവയെല്ലാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  3 months ago
No Image

മോഹന്‍ലാലിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍  

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്

Kerala
  •  3 months ago
No Image

ശത്രുക്കള്‍ക്ക് കൊത്തിവലിക്കാന്‍ പാര്‍ട്ടിയെ ഇട്ടുകൊടുക്കരുത്; അന്‍വറിനെതിരെ പി.കെ ശ്രീമതി

Kerala
  •  3 months ago
No Image

ഗസ്സയില്‍ 'കടുത്ത ആശങ്ക' ; സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടെ നില്‍ക്കുമെന്ന് വാഗ്ദാനം; മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ട് മോദി 

International
  •  3 months ago
No Image

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

Kerala
  •  3 months ago