ലീഗിനെ വീണ്ടും ക്ഷണിച്ച് ശോഭാ സുരേന്ദ്രന്‍: തള്ളി സുരേന്ദ്രന്‍; ആദ്യം സ്വന്തം സ്ഥാനം ഉറപ്പിക്കൂവെന്ന് ശോഭക്കു മറുപടി
കോഴിക്കോട്: മുസ്‌ലിം ലീഗിനെ വീണ്ടും എന്‍.ഡി.എയിലേക്ക് ക്ഷണിച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. മുസ്ലിം ലീഗുമായി ഒരൊത്തുതീര്‍പ്പിനുമില്ലെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഇരുവരേയും ട്രോളി സോഷ്യല്‍ മീഡിയ.
ആദ്യം പാര്‍ട്ടിയില്‍ സ്വന്തം സീറ്റുറപ്പിച്ചോളൂവെന്നാണ് ശോഭാ സുരേന്ദ്രനുള്ള സോഷ്യല്‍ മീഡിയയുടെ മറുപടി. അല്ല, സുരേട്ടാ ലീഗുമായി എന്തായാലും ഒത്തു തീര്‍പ്പിലെത്തണേ...ഞങ്ങള്‍ കാലു പിടിക്കാം... അല്ലെങ്കില്‍ ലീഗിന് ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് മറ്റൊരാളുടെ പരിഹാസം. ഇവരുടെ രണ്ടാളുടേയും വര്‍ത്താനം കേട്ടാ തോന്നും മുസ്‌ലിം ലീഗ് പത്തമ്പതു കൊല്ലമായി എന്‍.ഡി.എ മുന്നണിയില്‍ കയറിപറ്റാന്‍ കാത്തുകെട്ടി കിടപ്പാണെന്നും ചില കമന്റുകളുണ്ട്. ബഹറില്‍ മുസല്ലയിട്ടു നിസ്‌ക്കരിച്ചാലും ആര്‍.എസ്.എസിനെ വിശ്വസിക്കരുതെന്ന സി.എച്ചിന്റെ വാക്കുകളെ ഓര്‍മപ്പെടുത്തിയാണ് ഇരുവര്‍ക്കും ചിലരുടെ മറുപടി.
എന്തായാലും സുരേന്ദ്രനും ശോഭയും നിലപാടിലുറച്ചു നില്‍ക്കുകയാണെന്നതാണ് വിചിത്രം. മുസ്‌ലിം ലീഗ് വര്‍ഗീയ നിലപാട് തിരുത്തി നരേന്ദ്രമോദിയെ അംഗീകരിച്ചു എന്‍.ഡി.എയിലേക്കു വരണമെന്നാണ് ശോഭാ സുരേന്ദ്രന്റെ ആവശ്യം. രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും അതിനാല്‍ ലീഗുമായി ഒരൊത്തുതീര്‍പ്പിനുമില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ലൗ ജിഹാദിനെതിരായ നിയമനിര്‍മ്മാണം ഏറ്റവും അനിവാര്യം കേരളത്തിലാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതുകൊണ്ടാണ് പ്രകടനപത്രികയില്‍ ലൗ ജിഹാദ് പ്രധാന അജണ്ടയാക്കി ഉള്‍പ്പെടുത്തുന്നതെന്നും ക്രൈസ്തവ സഭകളും നിയമനിര്‍മാണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിജയയാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം ബി.ജെ.പിയിലെ ഗ്രൂപ്പു പോരാണ് മറനീക്കി പുറത്തുവരുന്നതെന്ന അഭിപ്രായവുമുണ്ട്. ശോഭയും സുരേന്ദ്രനും തമ്മിലെ പോരില്‍ ശോഭക്കു പിന്തുണയുമായാണ് മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയത്. എന്‍.ഡി.എ ആര്‍ക്കു മുമ്പിലും വാതിലടച്ചിട്ടില്ലെന്നും ലീഗ് നിലപാട് വ്യക്തമാക്കട്ടെ അപ്പോള്‍ ചര്‍ച്ചയാകാമെന്നും കുമ്മനം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."