കൊവിഡ് പരിശോധന സൗജന്യമാക്കിയ കേരളസർക്കാരിനെ നവയുഗം കേന്ദ്രകമ്മിറ്റി സ്വാഗതം ചെയ്‌തു
ദമാം: വിദേശങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് മേൽ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു എയർപോർട്ടുകളിൽ ഏർപ്പെടുത്തിയ ആർ ടി പി സി ആർ പരിശോധന സൗജന്യമാക്കാനുള്ള കേരളസർക്കാരിന്റെ തീരുമാനത്തെ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി സ്വാഗതം ചെയ്തു. കേന്ദ്രസർക്കാരിന്റെ പുതിയ മാനദണ്ഡം അനുസരിച്ചു, വിദേശങ്ങളിൽ നിന്നും വരുന്ന പ്രവാസികൾ അവിടെ 72 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ യാത്ര ചെയ്യാൻ സമ്മതിക്കുകയുള്ളു. എന്നിട്ട് നാട്ടിൽ വിമാനമിറങ്ങുന്ന പ്രവാസികളിൽ നിന്നും, വിമാനത്താവളങ്ങളിൽ വെച്ച് അവരുടെ ചിലവിൽ വീണ്ടും കൊവിഡ് ടെസ്റ്റ് നടത്താനും നിർദ്ദേശം ഉണ്ടായിരുന്നു.
കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ മൂലം പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചു നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ഇന്ത്യൻ പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, കേരളമുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നു. കേന്ദ്രസർക്കാർ നയം മാറ്റാൻ തയ്യാറാകാത്ത പക്ഷം, മുൻപ് ഉണ്ടായിരുന്ന പോലെ, കേരളത്തിലെ വിമാനത്താവളങ്ങളിൽ വരുന്ന പ്രവാസികളുടെ കൊറോണ ടെസ്റ്റ് നടത്താനുള്ള ചിലവ് കേരള സർക്കാർ തന്നെ ഏറ്റെടുക്കണമെന്ന് കേരളമുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ നവയുഗം അഭ്യർത്ഥിച്ചിരുന്നു.
പ്രവാസികളുടെ ആവശ്യം മനസ്സിലാക്കി എയർപോർട്ടുകളിൽ ഏർപ്പെടുത്തിയ ആർ ടി പി സി ആർ പരിശോധന സൗജന്യമാക്കാൻ കേരളസർക്കാർ തീരുമാനിക്കുകയായിരുന്നു. ജനപക്ഷത്തു നിന്നും അങ്ങനെ ഒരു തീരുമാനം എടുത്ത സർക്കാരിനോട് നവയുഗം കേന്ദ്രകമ്മിറ്റി നന്ദി പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഒരു തീരുമാനം മൂലം പ്രവാസികൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകളെ പോലും വളച്ചൊടിച്ചു കേരളസർക്കാരിനെതിരെയുള്ള പ്രചാരണമാക്കി മാറ്റി രാഷ്‌ടീയം കളിക്കാൻ തുനിഞ്ഞ പല കുബുദ്ധികൾക്കും കിട്ടിയ കനത്ത തിരിച്ചടിയാണ് കേരളസർക്കാരിന്റെ ഈ തീരുമാനം.
കഴിഞ്ഞ അഞ്ചു വർഷമായി മുൻപെങ്ങുമില്ലാത്ത ആനുകൂല്യങ്ങളും, സേവനങ്ങളും നൽകി പ്രവാസി ക്ഷേമത്തിനായി പ്രവർത്തിച്ച കേരളസർക്കാരിനെതിരെ നിരന്തരമായ കുപ്രചരണങ്ങൾ നടത്തി വരുന്നവരെ പ്രവാസികൾ ഒറ്റപ്പെടുത്തണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."