'ഏറ്റവും വലിയ ആണവനിലയത്തിന് അടുത്താണ്, ഭീതിയിലാണ് ഞങ്ങൾ'
സി.പി സുബൈർ
മലപ്പുറം
'ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ആണവനിലയത്തിന് അടുത്താണ് ഞങ്ങൾ താമസിക്കുന്നത്. ഇന്നലെ ബോംബ് പൊട്ടുന്ന ഉഗ്രശബ്ദം കേട്ടാണ് എല്ലാവരും ഉണർന്നത്. ഉടൻ സൈറൺ മുഴങ്ങിയതോടെ ഞങ്ങൾ ബങ്കറിലേക്ക് ഓടി. പുറത്ത് നിരന്തരം വെടിയൊച്ചകൾ കേൾക്കുന്നു. യൂനിവേഴ്‌സിറ്റി ഹോസ്റ്റലിന്റെ ഒരു കിലോമീറ്റർ അകലെയാണ് ബോംബ് വീണത്.' ഭീതിയിൽ മുങ്ങിയ വാക്കുകളിൽ സപ്രേഷ്യ മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ വിദ്യാർഥി മലപ്പുറം തിരൂർ മംഗലം കൊടിയൻകുന്നത്ത് കുവക്കാട്ടിൽ മുബഷിർ പറയുന്നു. 'ആണവ നിലയം വെറും രണ്ട് കിലോമാറ്റർ അകലെ മാത്രമാണ്. 5,700 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന വലിയ നിലയം. ഭീതിയിലാണ് ഞങ്ങളിവിടെ കഴിയുന്നത്. ഹോസ്റ്റലിൽ ആകെ 1500 ഇന്ത്യക്കാരാണുള്ളത്. പകുതിയും മലയാളികളാണ്. ഇവരിൽ 400ഓളം പെൺകുട്ടികൾ. ബങ്കറിൽ സൗകര്യമില്ലാത്തതിനാൽ ഹോസ്റ്റൽ ബേസ്‌മെന്റിലാണ് നിരവധി പേർ കഴിയുന്നത്.
കുട്ടികൾ പിരിവെടുത്താണ് ആവശ്യത്തിനുള്ള ഭക്ഷണം ശേഖരിച്ചത്. എന്നാൽ, കുടിവെള്ളം വളരെ കുറവാണ്. ഇന്ധന വിതരണം നിർത്തിയതിനാൽ വാഹനങ്ങളൊന്നും ഓടുന്നില്ല. എങ്ങനെ രക്ഷപ്പെടുമെന്ന് ഒരു ധാരണയുമില്ല. വൈദ്യുതി നിലയ്ക്കാത്തതാണ് ഏക ആശ്വാസം. സപ്രേഷ്യ പവർ പ്ലാന്റിൽനിന്നാണ് വൈദ്യുതി വിതരണമെന്നതിനാൽ അതിന് കേടുപാടുകളില്ലെന്ന ആശ്വാസത്തിലാണ് ഞങ്ങൾ' - കണ്ണൂർ പഴയങ്ങാടി മാട്ടൂർ സ്വദേശി സഹൽ ഫൈസൽ പറയുന്നു.
റഷ്യൻ സൈന്യം സപ്രേഷ്യയിലേക്ക് പ്രവേശിച്ചതായാണ് വിവരം. ഏറ്റവും അടുത്ത ബോർഡർ റഷ്യയുടേതാണ്. റുമേനിയ അതിർത്തിയിലേക്ക് 18 മണിക്കൂർ യാത്ര ചെയ്യണം. എങ്ങനെ അതിർത്തിയിലെത്തുമെന്ന് ധാരണയൊന്നുമില്ലെന്നാണ് എടപ്പാളിലെ മാമ്പുള്ളി യദു നന്ദൻ അടക്കുമുള്ള വിദ്യർഥികൾ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."