ചൂട് തുടങ്ങി; ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം
കേരളത്തിൽ താപനില കനത്തുതുടങ്ങിയതോടെ ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം.
സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ യഥാസമയം കണ്ടെത്തി ചികിത്സ ഉറപ്പുവരുത്തുന്നതിന് എല്ലാ പി.എച്ച്.സി, സി.എച്ച്.സി മെഡിക്കൽ ഓഫിസർമാർക്കും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടുമാർക്കും അടിയന്തര നിർദേശം നൽകാനും ഡി.എം.ഒമാരോട് ആവശ്യപ്പെട്ടു. ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നമുള്ളവർ ഉടൻ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ് അഭ്യർഥിച്ചു. സൂര്യാഘാതം, സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം എന്നിവയാണ് പ്രധാനമായും കനത്തതാപം മൂലമുള്ള പ്രശ്‌നങ്ങൾ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാൻ, എ.സി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ധാരാളം പഴങ്ങൾ കഴിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കണം. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ചികിത്സ തേടുക.
പ്രത്യേക ശ്രദ്ധ വേണ്ടവർ
പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗം ഉള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതിരോധ മാർഗങ്ങൾ
ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യുന്നവർ ഉച്ചക്ക് 12 മുതൽ മൂന്നുമണിവരെയുള്ള സമയം വിശ്രമവേളയാക്കുക. കാറ്റ് വരാനും ചൂട് പുറത്തുപോകാനും കഴിയുന്ന രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."