ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാമത്തേത്: കോടിയേരി
കൊച്ചി
ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാരെന്നും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നവകേരള സൃഷ്ടിക്കായുള്ള കർമപദ്ധതികൾ സംബന്ധിച്ച് എറണാകുളത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനം അംഗീകാരം നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതിയ പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകും. പാർട്ടിയുടെ നയത്തിൽ ഉറച്ചുനിന്നുകൊണ്ടുള്ള വികസന പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുക. കേരളത്തിന്റെ താൽപര്യത്തിന് ഹാനികരമല്ലാത്തതും പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതുമായ പദ്ധതികളാവും നടപ്പാക്കുക. ഇടതുപക്ഷ മുന്നണിക്ക് 50 ശതമാനം പോലും ജനപിന്തുണയില്ല. ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി ഇടതുപക്ഷത്തെ മാറ്റുകയാണ് ലക്ഷ്യം. അതിന് സർക്കാരിൻ്റെ പ്രവർത്തനങ്ങൾ പ്രധാനമാണ്. മാത്രമല്ല സി.പി.എമ്മിനെ ഇന്നത്തെക്കാൾ ജനകീയ സ്വാധീനമുള്ള പാർട്ടിയായി വളർത്തേണ്ടതുണ്ട്. വിഭാഗീയതയോ ഗ്രൂപ്പിസമോ ഇല്ലാതെ കേന്ദ്രീകൃതമായ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന അവസ്ഥ സി.പി.എമ്മിലുണ്ടായിരിക്കുകയാണ്. തുടർച്ചയായി നടത്തിയ ഇടപെടലിന്റെ ഫലമാണിത്. നിക്ഷേപം സ്വീകരിക്കുന്നതിൽ 1957ൽ ഇ.എം.എസ് സർക്കാരിന്റെ കാലത്തുതന്നെ നയം സ്വീകരിച്ചിട്ടുണ്ട്. 56ൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിലെ വികസന നയമാണ് അന്ന് അംഗീകരിച്ചതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."